02:01am 24 August 2026
NEWS
മൂവാറ്റുപുഴ ജില്ല സർക്കാരിന്റെ പരി​ഗണനയിലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ
23/08/2026  04:36 PM IST
nila
മൂവാറ്റുപുഴ ജില്ല സർക്കാരിന്റെ പരി​ഗണനയിലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

 

മൂവാറ്റുപുഴ: മൂവാറ്റുപുഴ കേന്ദ്രമാക്കി പുതിയ ജില്ല രൂപീകരിക്കുന്ന കാര്യം സർക്കാരിന്റെ സജീവ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. പുതിയ ജില്ലകളുടെ രൂപീകരണവുമായി ബന്ധപ്പെട്ട് പഠനം നടത്താൻ ഡീലിമിറ്റേഷൻ കമ്മീഷനെ ഉടൻ നിയോഗിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മൂവാറ്റുപുഴയിൽ നടന്ന ഓണാഘോഷ പരിപാടിയിലായിരുന്നു പ്രഖ്യാപനം.

കേരളത്തിൽ പുതിയ ജില്ലകൾ രൂപീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. തിരുവനന്തപുരം, എറണാകുളം, മലപ്പുറം ജില്ലകൾ വിഭജിച്ച് യഥാക്രമം നെയ്യാറ്റിൻകര, മൂവാറ്റുപുഴ, തിരൂർ എന്നിവ കേന്ദ്രീകരിച്ച് പുതിയ ജില്ലകൾ രൂപീകരിക്കണമെന്ന ആവശ്യമാണ് നിലവിൽ ചർച്ചയിലുള്ളത്.

1984ന് ശേഷം കേരളത്തിൽ പുതിയ ജില്ല രൂപീകരിച്ചിട്ടില്ല. ഭരണസൗകര്യം വർധിപ്പിക്കുന്നതിനും പ്രദേശങ്ങളുടെ വികസനം വേഗത്തിലാക്കുന്നതിനുമായി ജില്ലകളുടെ എണ്ണം വർധിപ്പിക്കണമെന്ന ആവശ്യം വർഷങ്ങളായി ഉയരുന്നുണ്ട്. പുതിയ ജില്ലകളും താലൂക്കുകളും രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് പഠനം നടത്താൻ സമിതി രൂപീകരിക്കുമെന്ന ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെയാണ് അതിർത്തി പുനർനിർണയത്തിനായി ഡീലിമിറ്റേഷൻ കമ്മീഷനെ നിയോഗിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.

മൂവാറ്റുപുഴയ്ക്ക് പ്രതീക്ഷ

എറണാകുളം-ഇടുക്കി ജില്ലകളുടെ അതിർത്തി പ്രദേശമായ മൂവാറ്റുപുഴയെ പുതിയ ജില്ലയാക്കണമെന്ന ആവശ്യം ഏറെക്കാലമായി നിലനിൽക്കുന്നതാണ്. മൂവാറ്റുപുഴ, കോതമംഗലം താലൂക്കുകൾക്കൊപ്പം കുന്നത്തുനാട് താലൂക്കിന്റെ ഭാഗങ്ങളും ഉൾപ്പെടുത്തി പുതിയ ജില്ല രൂപീകരിക്കണമെന്നാണ് പ്രധാന ആവശ്യം.

കിഴക്കൻ മേഖലയിലെ വികസനത്തിന് പുതിയ ജില്ല രൂപീകരണം സഹായകരമാകുമെന്നും ഭരണപരമായ ബുദ്ധിമുട്ടുകൾ കുറയ്ക്കാനാകുമെന്നും ആവശ്യക്കാർ ചൂണ്ടിക്കാട്ടുന്നു. ഡീലിമിറ്റേഷൻ കമ്മീഷൻ രൂപീകരിക്കുമെന്ന പ്രഖ്യാപനം വന്നതോടെ മൂവാറ്റുപുഴയ്ക്കൊപ്പം തിരൂരിലും നെയ്യാറ്റിൻകരയിലും പുതിയ ജില്ലയെന്ന പ്രതീക്ഷ ശക്തമായിരിക്കുകയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Idukki
img