05:46am 09 November 2026
NEWS
മുഖ്യമന്ത്രിയും മന്ത്രിമാരും കാണാതായ മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങളെ സന്ദർശിച്ചു
10/08/2026  03:12 PM IST
nila
മുഖ്യമന്ത്രിയും മന്ത്രിമാരും കാണാതായ മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങളെ സന്ദർശിച്ചു

തിരുവനന്തപുരം: കടലിൽ കാണാതായ മൂന്ന് മത്സ്യത്തൊഴിലാളികൾക്കായുള്ള തെരച്ചിൽ 11-ാം ദിവസവും തുടരുന്നതിനിടെ മുഖ്യമന്ത്രി വി ഡി സതീശൻ നീണ്ടകരയിലെത്തി. കാണാതായ ഗൗതം കൃഷ്ണന്റെ വീട്ടിലെത്തിയ മുഖ്യമന്ത്രി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. രക്ഷാപ്രവർത്തനം വൈകിയെന്ന ആരോപണം മുഖ്യമന്ത്രി വീണ്ടും നിഷേധിച്ചു. തെരച്ചിൽ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി ആവശ്യമായ സൗകര്യങ്ങൾ മെച്ചപ്പെടുത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. എല്ലാ സംവിധാനങ്ങളെയും ഏകോപിപ്പിച്ചാണ് നിലവിൽ തെരച്ചിൽ നടക്കുന്നതെന്നും സാധ്യമായ പരമാവധി സഹായം സർക്കാർ നൽകുമെന്നും അദ്ദേഹം പറഞ്ഞു.

കാണാതായ മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങളെ ആശ്വസിപ്പിക്കുന്നതിനായി മന്ത്രിമാരും വിവിധ കേന്ദ്രങ്ങളിലെത്തി. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ഫിഷറീസ് മന്ത്രി അബ്ദുൾ ഗഫൂറും വിഴിഞ്ഞത്തും മുതലപ്പൊഴിയിലുമെത്തി കുടുംബാംഗങ്ങളുമായി സംസാരിച്ചു.

മത്സ്യത്തൊഴിലാളികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട ഇൻഷുറൻസ് ചട്ടങ്ങളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുമെന്നും കടൽഭിത്തി നിർമാണം അടിയന്തരമായി ആരംഭിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അതേസമയം, മുഖ്യമന്ത്രി മാപ്പുപറയണമെന്ന ആവശ്യത്തിലും വി ഡി സതീശൻ പ്രതികരിച്ചു. സർക്കാരിനോടുള്ള പ്രതിഷേധത്തിൽ കുടുംബങ്ങളുടെ വികാരം ഉൾക്കൊള്ളുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഭരണകൂടത്തിനെതിരെ പ്രതിഷേധമുണ്ടാകുന്നത് സ്വാഭാവികമാണ്. ഭരണകൂടത്തിന്റെ തലവനായതിനാലാണ് വിമർശനം തനിക്കെതിരെ ഉയരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

വിഴിഞ്ഞത്ത് നിന്ന് കാണാതായ മത്സ്യത്തൊഴിലാളി ജോണിന്റെ മക്കളാണ് മുഖ്യമന്ത്രി തീരത്തെത്താത്തതുമായി ബന്ധപ്പെട്ട പരാമർശത്തിൽ മാപ്പ് ആവശ്യപ്പെട്ടത്. തെരച്ചിലിലെ ഏകോപനക്കുറവും അധികൃതരുടെ അലംഭാവവും ആരോപിച്ച് പ്രതിഷേധം ശക്തമായ സാഹചര്യത്തിലും ബന്ധപ്പെട്ട വകുപ്പ് മന്ത്രി തീരത്തെത്തിയിരുന്നില്ല.

ഇതിനിടെയാണ് നേരത്തെ തീരത്തെത്തിയ നേതാക്കൾ നേരിട്ട പ്രതിഷേധം ചൂണ്ടിക്കാട്ടി സന്ദർശനത്തിന് തയ്യാറാകാത്തതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നടത്തിയ പരാമർശം വിവാദമായത്. ഇതിനെതിരെയും മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽ നിന്ന് വിമർശനം ഉയർന്നിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img