
കൊച്ചി: ആരോഗ്യമുള്ള മസ്തിഷ്കം, ആരോഗ്യമുള്ള സമൂഹം എന്ന മുദ്രാവാക്യവുമായി കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) നാഷണൽ കോൺഫറൻസ്. സെപ്റ്റംബർ 13 മുതൽ 16 വരെ സർവകലാശാലയിൽ നടക്കാനിരിക്കുന്ന കോൺഫറൻസിൻ്റെയും, ബ്രെയിൻ എക്സിബിഷന്റെയും, പബ്ലിക് സിമ്പോസിയത്തിൻ്റെയും ഉദ്ഘാടനം മുഖ്യമന്ത്രി വി ഡി സതീശൻ നിർവ്വഹിക്കും. പരിപാടിയിൽ ഉന്നതവിദ്യാഭയസ വകുപ്പ് മന്ത്രി ശ്രി. റോജി എം. ജോൺ, മത്സ്യബന്ധന, സാമൂഹ്യനീതി വകുപ്പ് മന്ത്രി അഡ്വ. വി. ഇ. അബ്ദുൽ ഗഫൂർ, പാർലമെന്റ് അംഗം ശ്രി. ഹൈബി ഈഡൻ, നിയമസഭാ അംഗം ശ്രി. മുഹമ്മദ് ഷിയാസ്, കുസാറ്റ് വൈസ് ചാൻസലർ ഡോ. എം ജുനൈദ് ബുഷിരി, കളമശ്ശേരി മുൻസിപ്പാലിറ്റി ചെയർമാൻ ശ്രി. ജമാൽ മണക്കാടൻ, എറണാകുളം ജില്ലാ കളക്ടർ ശ്രീമതി. ജി. പ്രിയങ്ക ഐ.എ.എസ് എന്നിവർ പങ്കെടുക്കും.
സമൂഹത്തിൽ വർധിച്ചുവരുന്ന മാനസികാരോഗ്യ പ്രശ്നങ്ങളെയും മസ്തിഷ്കവുമായി ബന്ധപ്പെട്ട വിവിധ രോഗങ്ങളെയും കുറിച്ചുള്ള ശാസ്ത്രീയമായ അറിവ് സാധാരണ ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ഈ സംരംഭത്തിന്റെ പ്രധാന ലക്ഷ്യം. ശാസ്ത്രരംഗത്തെ പ്രമുഖ ദേശീയ, അന്തർദേശീയ ശാസ്ത്രജ്ഞരും ഗവേഷകരും ഒരുമിക്കുന്നതിനൊപ്പം, മസ്തിഷ്കരോഗ വിദഗ്ധർ, സൈക്യാട്രിസ്റ്റുകൾ, സൈക്കോളജിസ്റ്റുകൾ, ആരോഗ്യപ്രവർത്തകർ തുടങ്ങിയ വിദഗ്ധരും ഈ വേദി പങ്കിടും. സമൂഹത്തിന്റെ ആരോഗ്യബോധം ഉയർത്തുന്നതിന് ഈ അപൂർവ സംഗമം വലിയ അവസരമാണ്. നാല് ദിവസം നീണ്ടു നിൽക്കുന്ന ബ്രയിൻ എക്സിബിഷനിൽ പൊതുജനങ്ങൾക്കും പങ്കെടുക്കാം.
പൊതുജനങ്ങൾക്കായി ബ്രെയിൻ സിമ്പോസിയം
കുട്ടികൾ, യുവാക്കൾ, മുതിർന്നവർ എന്നിവർ നേരിടുന്ന ഓട്ടിസം, സെറിബ്രൽ പാൾസി, പഠനവൈകല്യങ്ങൾ, മാനസിക സമ്മർദ്ദം, ഉത്കണ്ഠ, വിഷാദം, ആത്മഹത്യാ പ്രവണത, ലഹരി ഉപയോഗം തുടങ്ങിയ വിഷയങ്ങൾ സിമ്പോസിയത്തിൽ ചർച്ച ചെയ്യും. ഇവയുടെ കാരണങ്ങൾ, ലക്ഷണങ്ങൾ, പ്രതിരോധം, വിദഗ്ധസഹായം തേടേണ്ട സാഹചര്യങ്ങൾ എന്നിവ വിദഗ്ധർ വിശദീകരിക്കും. ഓർമ്മക്കുറവ്, അൽഷിമേഴ്സ്, പാർക്കിൻസൺസ് തുടങ്ങിയ വാർധക്യസഹജമായ മസ്തിഷ്കരോഗങ്ങളെക്കുറിച്ചും ചർച്ചയുണ്ടാകും.
മസ്തിഷ്ക്കത്തെ നേരിൽ അറിയാൻ 'ഹ്യൂമൻ ബ്രെയിൻ എക്സിബിഷൻ'
കേരളത്തിൽ ആദ്യമായി മനുഷ്യ മസ്തിഷ്കത്തെ അടുത്തറിയാൻ അവസരമൊരുക്കുന്ന പ്രത്യേക ബ്രെയിൻ എക്സിബിഷനും സംഘടിപ്പിക്കും. മസ്തിഷ്കത്തിന്റെ ഘടന, പ്രവർത്തനം, വിവിധ രോഗാവസ്ഥകളിലെ മാറ്റങ്ങൾ എന്നിവ മനസ്സിലാക്കാൻ പ്രദർശനം സഹായിക്കും. 3D Brain Projection ഉൾപ്പെടെയുള്ള സംവിധാനങ്ങളും പ്രദർശനത്തിലുണ്ടാകും. സ്കൂൾ, കോളേജ് വിദ്യാർത്ഥികൾ, അധ്യാപകർ, മുതിർന്നവർ, പൊതുജനങ്ങൾ എന്നിവർക്ക് പ്രദർശനം സന്ദർശിക്കാം.
കുട്ടികളിലേക്കും യുവാക്കളിലേക്കും ബ്രെയിൻ ഹെൽത്ത് സന്ദേശം
“Healthy Brain for a Healthy Society” എന്ന സന്ദേശവുമായി കുട്ടികളിലും യുവാക്കളിലും മസ്തിഷ്കാരോഗ്യത്തെയും മാനസികാരോഗ്യത്തെയും കുറിച്ച് അവബോധം വളർത്തുന്നതിനായി വിവിധ മസ്തിഷ്കാരോഗ്യ അവബോധ മത്സരങ്ങളും പരിപാടികളും സംഘടിപ്പിക്കും. ശാസ്ത്രീയമായ അറിവ് കുടുംബങ്ങളിലേക്കും സമൂഹത്തിന്റെ വിവിധ തലങ്ങളിലേക്കും എത്തിക്കുകയാണ് ലക്ഷ്യം.
കേരളത്തിലുടനീളം ഒരു സന്ദേശം
മസ്തിഷ്കാരോഗ്യത്തെക്കുറിച്ചുള്ള ശരിയായ അറിവിലൂടെ തെറ്റിദ്ധാരണകൾ മാറ്റാനും ആരോഗ്യപ്രശ്നങ്ങൾ നേരത്തെ തിരിച്ചറിയാനും ആവശ്യമായ സമയത്ത് വിദഗ്ധസഹായം തേടാനും ആരോഗ്യകരമായ ജീവിതശൈലി പിന്തുടരാനും ജനങ്ങളെ പ്രാപ്തരാക്കുകയാണ് ലക്ഷ്യം. “Healthy Brain for a Healthy Society” എന്ന സന്ദേശം കേരളമൊട്ടാകെ എത്തിക്കുന്നതിനും മസ്തിഷ്കാരോഗ്യത്തെക്കുറിച്ചുള്ള പൊതുജന അവബോധത്തിന് തുടക്കം കുറിക്കുന്നതിനുമാണ് ICTN 2026 ലക്ഷ്യമിടുന്നത്.
Photo Courtesy - Google











