
*പുനരുപയോഗ ഊർജത്തിന് മുൻഗണന നൽകും
*സോളാർ മേഖലയെ വ്യവസായമായി വളർത്തും
കേരളം നേരിടുന്ന കടുത്ത വൈദ്യുതി പ്രതിസന്ധിയെ തളർച്ചയായി കാണാതെ സമഗ്രമായ ഒരു വൈദ്യുതി നയവും പവർ മാനേജ്മെന്റും രൂപീകരിക്കാനുള്ള സുവർണാവസരമായാണ് സർക്കാർ കാണുന്നതെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. കൊച്ചിയിലെ ജെ.എൽ.എൻ. സ്റ്റേഡിയത്തിൽ നടക്കുന്ന കോറെൻ എനർജി എക്സ്പോ 2026 – എനർജി കോൺക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
കഴിഞ്ഞ വർഷം സെപ്റ്റംബറിലെ 4445 മെഗാവാട്ടിൽ നിന്ന് 2026 സെപ്റ്റംബറിലേക്ക് എത്തിയപ്പോൾ ഡിമാൻഡിൽ 920 മെഗാവാട്ടിന്റെ വർധനയാണ് ഉണ്ടായിട്ടുള്ളത്. എന്നാൽ ആവശ്യമായ വൈദ്യുതിയുടെ 15 ശതമാനം മാത്രം ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്ന കേരളം ബാക്കി പുറത്തുനിന്ന് വാങ്ങേണ്ടി വരുന്നത് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നുണ്ടെന്നും, നിലവിൽ 13,000 കോടി രൂപയോളം വരുന്ന വൈദ്യുതി വാങ്ങൽ ചെലവ് ഈ വർഷം 16,000 കോടി കവിയാൻ സാധ്യതയുണ്ട്. മുൻകാലങ്ങളിൽ ഹൈഡൽ പവറിനെ മാത്രം ആശ്രയിച്ച് മറ്റ് സംസ്ഥാനങ്ങൾക്ക് വെള്ളം നൽകിയതും, സൈലന്റ് വാലി, നർമ്മദ വിഷയങ്ങളും പരിസ്ഥിതി-പുനരധിവാസ പ്രശ്നങ്ങളും കാരണം ജലവൈദ്യുത പദ്ധതികൾ പരിമിതപ്പെട്ടതും, തെർമൽ പവറിനുള്ള ജനസാന്ദ്രതാ പരിമിതികളും, കൂടങ്കുളത്തും ചീമേനിയിലും അടക്കം ഉയർന്ന ആണവോർജ സമരങ്ങളും കേരളത്തിന് മുന്നിൽ നോൺ-കൺവെൻഷണൽ, റിന്യൂവബിൾ എനർജിയിലേക്ക് തിരിയേണ്ടതിന്റെ യാഥാർത്ഥ്യം ബോധ്യപ്പെടുത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കിയ അദ്ദേഹം, മുൻകാലങ്ങളിലെ തെറ്റായ വൈദ്യുതി കരാർ തീരുമാനങ്ങളും നടപടിക്രമങ്ങളിലെ വീഴ്ചകളും കാരണം ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങേണ്ടിവന്ന പ്രതിസന്ധികൾ ഈ സർക്കാർ ആവർത്തിക്കില്ലെന്നും പറഞ്ഞു.
ട്രാൻസ്മിഷൻ നഷ്ടം എട്ടു ശതമാനത്തിന് താഴെയായി കുറയ്ക്കാനും വൈദ്യുതി മോഷണം തടയാനും കഴിഞ്ഞത് വലിയ നേട്ടമാണ്. പകൽ സമയത്തെ വൈദ്യുതി ഉപഭോഗം ഒപ്റ്റിമൈസ് ചെയ്യുക, റൂഫ് ടോപ്പ് സോളാർ പദ്ധതികൾ വ്യാപകമാക്കുക, കമ്മ്യൂണിറ്റി ലെവൽ ബാറ്ററി സ്റ്റോറേജ് സംവിധാനങ്ങൾ നടപ്പിലാക്കുക, ഇലക്ട്രിക് വെഹിക്കിൾ ചാർജിംഗും പമ്പ് സെറ്റുകളുടെ ഉപയോഗവും പകൽ സമയത്തേക്ക് മാറ്റുക, പമ്പ്ഡ് സ്റ്റോറേജ് സംവിധാനങ്ങൾ കൊണ്ടുവരിക തുടങ്ങിയ സമഗ്ര നിർദ്ദേശങ്ങൾ അദ്ദേഹം മുന്നോട്ടുവെച്ചു.
കാലാവസ്ഥാ വ്യതിയാനം മൂലം സാധാരണക്കാരുടെ ഇടയിലും വർധിച്ച എയർ കണ്ടീഷണർ ഉപയോഗവും, ഭാവിയിൽ സെമികണ്ടക്ടർ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ വ്യവസായ മേഖലകളുടെ കടന്നുവരവിലൂടെ ഉണ്ടാകാനിരിക്കുന്ന വൻ ഊർജ ആവശ്യകതയും മുൻകൂട്ടി കണ്ടുകൊണ്ട് ഒക്ടോബർ മാസത്തിൽ പുതിയ പവർ പോളിസി കൊണ്ടുവരുമെന്നും, സോളാർ മേഖലയെ വെറുമൊരു സേവനമായല്ല, മറിച്ച് ഒരു വ്യവസായമായി കണ്ട് അതിലെ തടസ്സങ്ങൾ നീക്കി നിക്ഷേപകരെ നാടിന്റെ ബന്ധുക്കളായി പിന്തുണയ്ക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
2030-31 വർഷങ്ങളിലെ ഡിമാൻഡ് പ്രൊജക്ഷൻ കൂടി കണക്കിലെടുത്ത് കേരളത്തിന്റെ ഊർജ പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണുന്ന ആധുനിക വൈദ്യുതി നയം അതിവേഗം നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.പരിപാടിയിൽ ഹൈബി ഈഡൻ എം.പി, ബിജു പ്രഭാകർ തുടങ്ങിയവർ പങ്കെടുത്തു.
Photo Courtesy - Google










