
ഇന്റർനാഷണൽ കാലിഗ്രഫി ഫെസ്റ്റിവൽ ഓഫ് കേരള 2026കൊച്ചിയിൽ നടക്കുന്ന അന്താരാഷ്ട്ര കാലിഗ്രഫി ഫെസ്റ്റിവൽ കേരള മുഖ്യമന്ത്രി അഡ്വ. വി. ഡി. സതീശൻ ഉദ്ഘാടനം ചെയ്യുന്നു.
കാലിഗ്രാഫിക്ക് ഒരു അംഗീകാരം സംസ്ഥാനതലത്തിൽ ഉണ്ടാവുമെന്നും അതിനു വേണ്ടി ഒരു നല്ല സ്ഥാപനം ഉണ്ടാകുന്നതിനെ കുറിച്ച് ആലോചിക്കുമെന്നും മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. എറണാകുളം രാജേന്ദ്ര മൈതാനയിൽ ഇന്റർനാഷണൽ കാലിഗ്രാഫി ഫെസ്റ്റിവൽ ഓഫ് കേരളം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാലിഗ്രാഫി സംബന്ധമായ സ്ഥാപനം അക്കാദമി ആവണമോ, അതോ കാലിഗ്രാഫിയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സ്ഥാപനമാവണമോ, ഒരു ആർട്ട് ഗ്യാലറി പോലെ പ്രധാനപ്പെട്ട ആളുകളുടെ കൈ അക്ഷരങ്ങൾ ഒക്കെ പ്രദർശിപ്പിക്കാവുന്ന തരത്തിലുള്ള ഒരു ഗാലറി ആക്കണമോ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ഗൗരവമായി ചർച്ച ചെയ്ത് എല്ലാവരുടെയും അഭിപ്രായം പരിഗണിച്ച് മികച്ച ഒരു സ്ഥാപനം ഉണ്ടാവും എന്ന് മുഖ്യമന്ത്രി പറഞ്ഞു.
കൈപ്പട ഭംഗിയാവാതെ വിദ്യാഭ്യാസം പൂർണമാവില്ല എന്ന് പറഞ്ഞത് മഹാത്മജിയാണ്. സ്കൂൾ കാലത്ത് കൈപ്പടയ്ക്ക് വലിയ പ്രാധാന്യം നൽകാതിരുന്നത് പിന്നീട് കുറ്റബോധത്തോടെ മഹാത്മജി ഓർത്തിരുന്നു. ആഫ്രിക്കയിലൊക്കെ ചെന്നപ്പോൾ അവിടെയുള്ള ആളുകളുടെ കൈപ്പടയൊക്കെ കണ്ട് തനിക്ക് അതുപോലെ ഭംഗിയായിട്ട് എഴുതാൻ സാധിക്കുന്നില്ലെന്ന് ഗാന്ധിജി കുറ്റബോധത്തോടെ എഴുതിയത് താൻ വായിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതുപോലെ ഭരണഘടനാ നിർമാണ കാര്യത്തിലും വളരെ രസകരമായ ഒരു സംഭവം ഉണ്ടായിട്ടുണ്ട്. അംബേദ്കറുടെ നേതൃത്വത്തിൽ ഭരണഘടന തയ്യാറാക്കിയതിനു ശേഷം അത് ഭംഗിയായി എഴുതിത്തയ്യാറാക്കാൻ ഒരു കാലിഗ്രാഫറെ ഏൽപ്പിച്ചു. പ്രേം ബിഹാരി നാരായൺ റൈസാദ് എന്ന വ്യക്തിയെയാണ് ആ ദൗത്യം ഏൽപ്പിച്ചത്. ഒരു ലക്ഷത്തി പതിനേഴായിരം പേജ് സ്വന്തം കൈയക്ഷരത്തിൽ എഴുതണമെങ്കിൽ എന്തുവേണമെന്ന് പണ്ഡിറ്റ്ജി അദ്ദേഹത്തോട് ചോദിച്ചു. റൈസാദ പറഞ്ഞു, ഒന്നും വേണ്ട, എല്ലാ പേജിലും തന്റെ പേര് ചേർത്താൽ മതിയെന്ന്. പണ്ഡിറ്റ് ജി ആയതിനാൽ അത് സമ്മതിച്ചു. ഇതിനേക്കാൾ വലിയ അംഗീകാരം എന്താണ്? റൈസാദയുടെ കയ്യക്ഷരത്തിൽ എഴുതിയ ഭരണഘടന പാർലമെന്റിൽ ഒരു പ്രത്യേക പേടകത്തിൽ സൂക്ഷിച്ചിട്ടുണ്ട്.
കൈപ്പടയുടെ ഭംഗി ഒരു ആർട്ട് ആണ്. മൈ നെയിം ഈസ് റെഡ് എന്ന പുസ്തകത്തിൽ പാമുക് ഇതേക്കുറിച്ച് പറയുന്നുണ്ട്. ആ പുസ്തകത്തിന്റെ തീം ഒരു കാലിഗ്രാഫറുമായി ബന്ധപ്പെട്ടതാണ്.
എത്രയോ സിനിമകൾക്കും സാഹിത്യകൃതികൾക്കും ടൈറ്റിൽ ചെയ്തിട്ടുള്ള ആളാണ് ഭട്ടതിരിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഭരതന്റെയും പത്മരാജന്റെയും ഒക്കെ പടങ്ങൾ കാണുമ്പോഴാണ് നമ്മളീ കൈയക്ഷരമെന്ന കലാരൂപത്തിന്റെ ആരാധകരാവുന്നത്. മേൽപ്പത്തൂർ നാരായണ ഭട്ടതിരി കഴിഞ്ഞാൽ പിന്നെ മലയാളിയുടെ പ്രിയപ്പെട്ട ഭട്ടതിരി കാലിഗ്രാഫർ ആയിട്ടുള്ള നാരായണ ഭട്ടതിരിയാണ്. ഭട്ടതിരിയുടെ കാലിഗ്രാഫി പെരുമ കേരളത്തിന് അഭിമാനിക്കാവുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഹൈബി ഈഡൻ എംപി സ്വാഗതം പറഞ്ഞു. മുഹമ്മദ് ഷിയാസ് എംഎൽഎ,
ബോസ് കൃഷ്ണമാചാരി, കെ വേണുഗോപാൽ, ഉണ്ണികൃഷ്ണൻ ബി.കെ തുടങ്ങിയവർ സംബന്ധിച്ചു.
Photo Courtesy - Google





