കൂടിക്കാഴ്ച്ച ഇന്ന് (29.09.2026) വൈകിട്ട് 7.30-ന് ബോള്‍ഗാട്ടി ഗ്രാന്റ് ഹയാത്തില്‍
കൊച്ചി : തെലങ്കാനയ്ക്ക് പുറമെ ആന്ധ്രപ്രദേശിലും വന്‍കിട അപ്പാരല്‍ പാര്‍ക്ക് സ്ഥാപിക്കുന്നതിന് കിറ്റെക്‌സ് ഗ്രൂപ്പിനെ ക്ഷണിക്കാന്‍ മുഖ്യ മന്ത്രി എന്‍.ചന്ദ്രബാബു നായിഡുവിന്റെ മകനും ഐ.ടി, മാനവവിഭവ ശേഷി വകുപ്പ് മന്ത്രിയുമായ നരാ ലോകേഷിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് മാനേജിംഗ് ഡയറക്ടര്‍ സാബു എം. ജേക്കബുമായി ഇന്ന് (29.09.2026) കൂടിക്കാഴ്ച നടത്തും. വൈകിട്ട് 7.30-ന് കൊച്ചി ബോള്‍ഗാട്ടിയിലെ ഹോട്ടല്‍ ഗ്രാന്റ് ഹയാത്തിലാണ് ചര്‍ച്ച നടക്കുന്നത്. ബല്ലി കല്യാണചക്രവര്‍ത്തി എം.എല്‍.സി ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും ഉദ്യോഗസ്ഥ സംഘവും മന്ത്രിയോടൊപ്പമുണ്ട്.
ആന്ധ്രപ്രദേശിലെ ടെക്‌സ്‌റ്റൈല്‍, അപ്പാരല്‍ മേഖലകളില്‍ കിറ്റെക്‌സ് ഗ്രൂപ്പിനെ നിക്ഷേപം നടത്താന്‍ ക്ഷണിച്ചുകൊണ്ട് മാസങ്ങള്‍ക്ക് മുമ്പ് ആന്ധ്ര ടെക്‌സ്‌റ്റൈല്‍സ് വകുപ്പ് മന്ത്രി എസ്. സവിത കൊച്ചിയിലെത്തി സാബു എം. ജേക്കബുമായി പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇതിന്റെ തുടര്‍നടപടിയായാണ് ഇന്ന് മുഖ്യമന്ത്രിയുടെ മകന്‍ നേരിട്ടെത്തി ചര്‍ച്ച നടത്തുന്നത്.








