07:30am 21 January 2025
NEWS
നിയമസഭാസമ്മേളനത്തിൽ പ്രതിപക്ഷത്തിന്റെ വായടപ്പിക്കാൻ മുഖ്യമന്ത്രി സിദ്ധരാമയ്യ
09/12/2024  12:02 PM IST
വിഷ്ണുമംഗലം കുമാർ
നിയമസഭാസമ്മേളനത്തിൽ പ്രതിപക്ഷത്തിന്റെ വായടപ്പിക്കാൻ മുഖ്യമന്ത്രി സിദ്ധരാമയ്യ

കർണാടകം: നിയമസഭയുടെ ശീതകാല സമ്മേളനം ഇന്ന് ബെളഗാവിയിൽ ആരംഭിക്കുമ്പോൾ സിദ്ധരാമയ്യ ഗവണ്മെന്റിനെ പിടിച്ചുകുലുക്കാൻ പ്രതിപക്ഷത്തിന് നിരവധി വിഷയങ്ങളുണ്ട്. മുഡ കേസ്, വഖഫ് വിവാദം, ബെല്ലാരിയിലെ ശിശുമരണം, വാല്മീകി കോർപറേഷനിലെ സാമ്പത്തിക തിരിമറി തുടങ്ങിയവ ചൂടുള്ള വിഷയങ്ങളാണ്. എന്നാൽ പ്രതിപക്ഷം ദുർബ്ബലമാണ്. ബിജെപി- ജെഡിഎസ്സ് സഖ്യമാണ് പ്രതിപക്ഷം. മുതിർന്ന നേതാവ് ബസനഗൗഡ പാട്ടീൽ യത് നാൽ ഉയർത്തുന്ന വിമതഭീഷണി ബിജെപിയെ ശിഥിലമാക്കിയിട്ടുണ്ട്. മുൻ മുഖ്യമന്ത്രിയും ബിജെപി പാർലമെന്ററി ബോർഡ് അംഗവുമായ യദിയൂരപ്പയെ തുറന്നെതിർക്കുന്ന നേതാവാണ് യത് നാൽ. പാർട്ടി സംസ്ഥാന അധ്യക്ഷൻ വിജയേന്ദ്ര യദിയൂരപ്പയുടെ മകനാണ്. അദ്ദേഹത്തിന്റെ നേതൃത്വം യത് നാൽ അംഗീകരിക്കുന്നില്ല. രമേഷ് ജാർക്കിഹോളി, പ്രതാപ് സിംഹ തുടങ്ങിയ ഏതാനും നേതാക്കളും അക്കാര്യത്തിൽ യത് നാളിനെ പിന്തുണക്കുന്നുണ്ട്.ദേശീയ നേതൃത്വത്തിന്റെ ശാസനകൾ പോലും അനുസരിക്കാൻ യത് നാൽ കൂട്ടാക്കുന്നില്ല. മുൻ കേന്ദ്രമന്ത്രിയും ലിങ്കായത്ത് നേതാവുമായ യത് നാളിനെതിരെ ശക്തമായ അച്ചടക്കനടപടി ദേശീയ നേതൃത്വം എടുക്കുന്നുമില്ല. അതേസമയം വിജയേന്ദ്രയെ അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റില്ലെന്ന് ദേശീയ നേതൃത്വം ആവർത്തിച്ചു വ്യക്തമാക്കിയിട്ടുമുണ്ട്. യത് നാളും കൂട്ടരും ചേരിതിരിഞ്ഞാണ് വഖഫ് വിരുദ്ധ സമരപരിപാടികൾ നടത്തുന്നത്. ഉപതെരഞ്ഞെടുപ്പിലുണ്ടായ കനത്ത പരാജയവും പ്രതിപക്ഷത്തെ ക്ഷീണിപ്പിച്ചിട്ടുണ്ട്. മുഖ്യമന്ത്രിസ്ഥാനം ലക്ഷ്യമിടുന്നുണ്ടെങ്കിലും മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പിന്നിൽ ഉറച്ചുനിൽക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ മുന്നോട്ടുപോകുന്നത്. അത് സിദ്ധരാമയ്യയ്ക്ക് ആശ്വാസമാണ്. ബിജെപി ഭരണത്തിലിരുന്ന കോവിഡ് കാലയളവിൽ നടന്ന അഴിമതിയുടെ കണക്കുകൾ നിരത്തി പ്രതിപക്ഷത്തെ പ്രതിരോധത്തിലാക്കാൻ ഭരണപക്ഷം പരിശ്രമിക്കും. കോവിഡുമായി ബന്ധപ്പെട്ട് ഉപകരണങ്ങൾ വാങ്ങിയതിലും മറ്റുമായി 900 കോടി രൂപയുടെ അഴിമതി നടന്നതായി ജോൺ മൈക്കൽ കമ്മീഷൻ കണ്ടെത്തിയിരുന്നു. കമ്മീഷന്റെ പ്രാഥമിക റിപ്പോർട്ട് ഭരണപക്ഷം നിയമസഭയിൽ വെക്കാനിടയുണ്ട്. അതൊക്കെകൊണ്ടുതന്നെ സിദ്ധരാമയ്യ ഗവണ്മെന്റിനെ കടന്നാക്രമിക്കാൻ പ്രതിപക്ഷത്തിന് കഴിഞ്ഞു എന്നുവരില്ല.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img img