08:02am 30 April 2026
NEWS
മുഖ്യമന്ത്രി സിദ്ധരാമയ്യ ഡൽഹിയിലേക്ക്; മന്ത്രിസഭ പുനസംഘടനയ്ക്കും പിസിസി അധ്യക്ഷമാറ്റത്തിനും സാധ്യത
01/04/2025  11:34 AM IST
വിഷ്ണുമംഗലം കുമാർ
മുഖ്യമന്ത്രി സിദ്ധരാമയ്യ ഡൽഹിയിലേക്ക്; മന്ത്രിസഭ പുനസംഘടനയ്ക്കും പിസിസി അധ്യക്ഷമാറ്റത്തിനും സാധ്യത

കർണാടകം: മുഡ കേസ് ഉയർത്തിയ ഭീഷണി വഴിമാറിയതോടെ സിദ്ധരാമയ്യയുടെ മുഖ്യമന്ത്രിക്കസേരയുടെ ഇളക്കം നിന്നിരിക്കുന്നു. ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന് മുഖ്യമന്ത്രി പദവി ആവശ്യപ്പെടാൻ കഴിയുന്ന രാഷ്ട്രീയ സാഹചര്യവുമില്ല. അതുകൊണ്ടുതന്നെ സിദ്ധരാമയ്യ കാലാവധി പൂർത്തിയാക്കും. സിദ്ധരാമയ്യയുടെ മുട്ടുവേദനയ്ക്ക് ശമനമുണ്ട്. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഗവണ്മെന്റ് അടുത്ത മാസം ഭരണത്തിൽ രണ്ടുവർഷം പൂർത്തിയാക്കുകയാണ്. നാളെ ഡൽഹിയിലെത്തുന്ന മുഖ്യമന്ത്രി ഹൈക്കമാണ്ട് നേതാക്കളെ കാണും. മൂന്നുദിവസം സിദ്ധരാമയ്യ തലസ്ഥാനനഗ രിയിലുണ്ടാകും. മന്ത്രിസഭാ പുനസംഘടനയാണ് പ്രധാന വിഷയം. ചില മന്ത്രിമാരെ മാറ്റി പകരക്കാരെ തീരുമാനിക്കുന്നതിന് ഹൈക്കമാണ്ടിന്റെ അനുമതി വേണം. ഒഴിവുള്ള നാല് എം എൽ സി സീറ്റുകളിലേക്ക് സ്ഥാനാർത്ഥികളെ കണ്ടെത്തേണ്ടതുണ്ട്. അതുപോലെ പുതിയ കെ പി സി സി പ്രസിഡന്റിനെ ഈ മാസം തന്നെ പ്രഖ്യാപിക്കാൻ ഹൈക്കമാണ്ട് ആലോചിക്കുന്നുണ്ട്. അക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ അഭിപ്രായം പരിഗണിക്കേണ്ടതുണ്ട്. ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറാണ് പിസിസി അധ്യക്ഷപദവിയും വഹിക്കുന്നത്. അതിനെതിരെ പാർട്ടിയ്ക്കകത്ത് ശക്തമായ എതിർപ്പും മുറുമുറുപ്പുമുണ്ട്. മുഖ്യമന്ത്രിക്കസേര ലഭിച്ചാലേ പി സി സി അധ്യക്ഷപദവി ഒഴിയൂ എന്ന വാശി ശിവകുമാർ ഉപേക്ഷിച്ചിട്ടുണ്ട്. സ്ഥിതിഗതികൾ തനിയ്ക്ക് അനുകൂലമല്ലാത്തതിനാലാണ് ശിവകുമാർ അയഞ്ഞത്. പി സി സി അധ്യക്ഷസ്ഥാനത്തിനായി പ്രധാനമായും ചരടുവലിക്കുന്നത് പൊതുമരാമത്ത് സതീഷ് ജാർക്കിഹോളിയാണ്. എന്നാൽ ശിവകുമാറും ജാർക്കിഹോളിയും നല്ല ബന്ധത്തിലല്ല എന്ന പ്രശ്നമുണ്ട്. എന്നുതന്നെയല്ല പിസിസി അധ്യക്ഷപദവി ലഭിച്ചാലും ജാർക്കിഹോളി മന്ത്രിസ്ഥാനം വിട്ടൊഴിയില്ല. ജാർക്കിഹോളിയെ അധ്യക്ഷനാക്കരുതെന്ന് ശിവകുമാർ ഹൈക്കമാണ്ടിനോട്‌ ആവശ്യപെട്ടിട്ടുണ്ട്. സിദ്ധരാമയ്യയും ജാർക്കിഹോളിയ്ക്ക് വേണ്ടി സമ്മർദ്ദം ചെലുത്താനിടയില്ല. വനംമന്ത്രി ഈശ്വർ ഖന്ദ്രെയുടെ പേരാണ് അധ്യക്ഷസ്ഥാനത്തേക്ക് പറഞ്ഞുകേൾക്കുന്നത്. വടക്കൻ കർണാടകക്കാരനായ ഖന്ദ്രെ ലിങ്കായത്ത് സമുദായക്കാരനാണ്. എ ഐ സി സി അധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെ, മുഖ്യമന്ത്രി സിദ്ധരാമയ്യ എന്നിവരുമായി വ്യക്തിപരമായി അടുപ്പമുള്ള നേതാവാണ് ഖന്ദ്രെ. പി സിസി അധ്യക്ഷപദവി ലഭിച്ചാൽ മന്ത്രിസ്ഥാനമൊഴിയാൻ അദ്ദേഹം ഒരുക്കവുമാണ്. ഈ കാര്യങ്ങളിലൊക്കെ അന്തിമ തീരുമാനമായതിന് ശേഷമേ സിദ്ധരാമയ്യ മടങ്ങുകയുള്ളൂ. ഉഗാദി ദിവസം ശിവകുമാർ ആശംസകളുമായി മുഖ്യമന്ത്രിയെ കാണാനെത്തിയിരുന്നു. മന്ത്രി സഭാപുനസംഘടനയും പിസിസി അധ്യക്ഷമാറ്റവും വൈകാതെ ഉണ്ടാകുമെന്ന് കരുതാം. മുഖ്യമന്ത്രി സിദ്ധരാമയ്യ കരുത്തും സ്വാധീനവും വർധിപ്പിച്ച് മുന്നേറുന്നതിന്റെ സൂചനകളാണ് കാണുന്നത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img