
ബംഗളുരു: ചിന്നസ്വാമി ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ കവാടത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് പതിനൊന്നു പേർ മരിക്കാനിടയായത് ഗവണ്മെന്റിന്റെ വീഴ്ച്ചമൂലമാണെന്ന പൊതുവികാരമാണ് നിലനിൽക്കുന്നത്. പ്രതിപക്ഷത്തിന്റെ ആരോപണവും അതാണ്. വിഷയം ചർച്ച ചെയ്യാൻ പ്രത്യേക നിയമസഭാസമ്മേളനം വിളിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ പോലീസിനെ പഴിച്ച് തലയൂരാനുള്ള ശ്രമമാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ നടത്തുന്നത്. പോലീസ് കമ്മീഷണറെയും ഡിസിപി, എസിപി എന്നിവരെയും സസ്പെന്റ് ചെയ്തിരുന്നു. ഇന്റലിജൻസ് മേധാവിയെ മാറ്റുകയും പൊളിറ്റിക്കൽ സെക്രട്ടറിയെ പുറത്താക്കുകയും ചെയ്തു. പരിപാടി നടത്തുന്നതിന് പോലീസ് അനുമതി നൽകിയിരുന്നില്ല എന്ന വിവരം പിന്നീട് പുറത്തുവന്നു. വിധാനസൗധയുടെ സുരക്ഷാ ച്ചുമതലയുള്ള ഡിസിപി കരി ബസവണ്ണ ഗൗഡ ഡി പി എ ആർ( ഡിപ്പാർട്ട്മെന്റ് ഓഫ് പേഴ്സണൽ ആൻഡ് അഡ്മിനിസ്ട്രേറ്റീവ് റിഫോംസ്)സെക്രട്ടറി ജി. സത്യവതിയ്ക്ക് പരിപാടിയുടെ സുരക്ഷയുമായി ബന്ധപ്പെട്ട് എഴുതിയ കത്തിൽ സുപ്രധാന വിവരങ്ങളുണ്ട്. ലക്ഷക്കണക്കിന് ക്രിക്കറ്റ് ആരാധകർ എത്താനിടയുണ്ടെന്നും ജനക്കൂട്ടത്തെ നിയന്ത്രിക്കാനാവശ്യമായ ഫോഴ്സിനെ നിയോഗിക്കാൻ സാവകാശം ലഭിക്കില്ലെന്നും കത്തിലുണ്ട്. ഓൺലൈൻ പാസ്സ് വിതരണം നിർത്തിവെക്കാനും സെക്രട്ടറിയേറ്റ് ജീവനക്കാർ ബന്ധുക്കളെയും സുഹൃത്തുക്കളെയും കൊണ്ടുവരാതിരിക്കാനും നിർദ്ദേശം നൽകണമെന്നതടക്കം പല കാര്യങ്ങളും കത്തിൽ വിശദീകരിച്ചിട്ടുണ്ട്.എന്നാൽ ഈ കത്തിന്റെ കാര്യം തന്നെ അറിയിച്ചിരുന്നില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. രാജ്യത്തെ ഞെട്ടിച്ച ദുരന്തത്തെ പറ്റി വിവിധ തലത്തിൽ അന്വേഷണം നടക്കുന്നുണ്ട്. കേസ്സും നിലവിലുണ്ട്.
Photo Courtesy - Google











