03:58pm 29 April 2026
NEWS
ജാതി സെൻസസ് റിപ്പോർട്ടിനും മുഡ കേസ്സിനും ഇടയിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നൂൽനടത്തം
17/04/2025  11:26 AM IST
വിഷ്ണുമംഗലം കുമാർ
ജാതി സെൻസസ് റിപ്പോർട്ടിനും മുഡ കേസ്സിനും ഇടയിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നൂൽനടത്തം

കർണാടകം: ഭരണകക്ഷിയായ കോൺഗ്രസ്സിനകത്ത് പ്രകമ്പനം സൃഷ്ടിക്കുന്ന ജാതി സെൻസസ് റിപ്പോർട്ട് ഇന്നത്തെ പ്രത്യേക മന്ത്രിസഭായോഗം ചർച്ച ചെയ്യും. പ്രബല സമുദായങ്ങളായ വൊക്കലിഗരും ലിങ്കായത്തരും റിപ്പോർട്ടിന് എതിരാണ്. സംസ്ഥാന ജനസംഖ്യയുടെ എഴുപത് ശതമാനം ഒബിസി വിഭാഗത്തിൽ പെട്ടവരാണെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ. നിലവിൽ ഒബിസിയ്ക്കുള്ള 32 ശതമാനം സംവരണം 51 ശതമാനമായി ഉയർത്തണമെന്നുള്ളതാണ് റിപ്പോർട്ടിലെ പ്രധാന ശുപാർശ.വൊക്കലിഗ, ലിങ്കായത്ത് സമുദായങ്ങളിലെ ചില ഉപജാതികൾ ഒബിസിയിൽ ഉൾപ്പെടുമെങ്കിലും രണ്ടു സമുദായങ്ങളും റിപ്പോർട്ടിന് എതിരാണ്. കോൺഗ്രസ്സ് നിയമസഭാകക്ഷിയിൽ ഒബിസി, പട്ടികജാതി, പട്ടികവർഗ്ഗം, ദളിത്‌ എന്നീ വിഭാഗങ്ങളുടെ കൂട്ടായ്മയായ അഹിന്ദയ്ക്കാണ് ഭൂരിപക്ഷം. മുഖ്യമന്ത്രി സിദ്ധരാമയ്യ അഹിന്ദയുടെ അനിഷേധ്യ നേതാവാണ്. മുഖ്യമന്ത്രിക്കസേര സംരക്ഷിക്കാനാണ് സിദ്ധരാമയ്യ ജാതി സെൻസസ് റിപ്പോർട്ട് നടപ്പിലാക്കാൻ ശ്രമിക്കുന്നതെങ്കിലും അത് കോൺഗ്രസ്സിന്റെ ദേശീയ നയമാണ്. അതിനാൽ പാർട്ടി താൽപ്പര്യത്തിനും സ്വന്തം സമുദായത്തിന്റെ താല്പര്യത്തിനും ഇടയിൽ പെട്ട് പിടയുകയാണ് റിപ്പോർട്ടിനെ എതിർക്കുന്ന എംഎൽഎമാർ. പാർട്ടി എംഎൽഎമാർക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിക്കലാണ് സിദ്ധരാമയ്യയുടെ ഗൂഡോദ്ദേശ്യവും. അതുകൊണ്ടുതന്നെ ജാതി സെൻസസ് റിപ്പോർട്ടിന്മേൽ ധൃതിപിടിച്ച തീരുമാനങ്ങളൊന്നും ഇന്നത്തെ മന്ത്രിസഭായോഗത്തിൽ ഉണ്ടാകാനിടയില്ല.റിപ്പോർട്ട് പഠിക്കാൻ ഉന്നതതലസമിതിയെ നിയോഗിക്കാനോ പ്രത്യേക നിയമസഭാസമ്മേളനം വിളിച്ചുകൂട്ടി സംയുക്ത നിയമസഭ കമ്മിറ്റിയ്ക്ക് വിടാനോ ആണ് സാധ്യത. ഏതായാലും സിദ്ധരാമയ്യ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് മാറണമെന്ന ആവശ്യം തൽക്കാലം ഉയരില്ല. ജാതി സെൻസസ് റിപ്പോർട്ടിനെ എതിർക്കുന്ന ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിനെ മുഖ്യമന്ത്രിയാകാൻ ഹൈക്കമാണ്ട് അനുവദിക്കുകയുമില്ല. എന്നാൽ ജാതി സെൻസസ് റിപ്പോർട്ടിലൂടെ മുഖ്യമന്ത്രിക്കസേര ഭദ്രമാക്കിയെങ്കിലും മുഡ കേസ്സിലെ പുതിയ സംഭവവികാസങ്ങൾ സിദ്ധരാമയ്യയെ കുഴക്കുന്നുണ്ട്. സിദ്ധരാമയ്യയും ബന്ധുക്കളും മുഡകേസ്സിൽ കുറ്റക്കാരല്ലെന്ന് സാക്ഷ്യപ്പെടുത്തുന്ന ലോകായുക്ത പോലീസിന്റെ ബി റിപ്പോർട്ട് ജനപ്രതിനിധികൾക്കായുള്ള പ്രത്യേക കോടതി അംഗീകരിച്ചിട്ടില്ല. അന്വേഷണം തുടരാനാണ് ലോകായുക്ത പോലീസിന് കോടതി നിർദ്ദേശം നൽകിയത്. മുഡ കേസ് സിബിഐയ്ക്ക് വിടണമെന്നുള്ള പരാതിക്കാരനായ സ്നേഹമയി കൃഷ്ണയുടെ അപേക്ഷ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഇക്കഴിഞ്ഞ ഫെബ്രവരിയിൽ തള്ളിയിരുന്നു. അതിനെതിരെ അദ്ദേഹം ഡിവിഷൻ ബെഞ്ച് മുമ്പാകെ അപ്പീൽ സമർപ്പിച്ചു. ആ അപ്പീൽ പരിഗണിച്ച് മുഖ്യമന്ത്രിയ്ക്കും ബന്ധുക്കൾക്കും നോട്ടീസ് അയക്കാൻ ഉത്തരവിട്ടിരിക്കുകയാണ് ചീഫ് ജസ്റ്റിസ് എൻ വി അൻജാറിയയും ജസ്റ്റിസ് കെ വി അരവിന്ദും അടങ്ങുന്ന ഡിവിഷൻ ബെഞ്ച്.ഹൈക്കോടതിയുടെയും പ്രത്യേക കോടതിയുടെയും ഉത്തരവുകൾ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് ക്ഷീണമുണ്ടാക്കുന്നതാണ്. എങ്കിലും ആത്മവിശ്വാസം കൈവിടാതെ ജാതി സെൻസസ് റിപ്പോർട്ടിനും മുഡ കേസ്സിനും ഇടയിലൂടെയുള്ള നൂൽ നടത്തമാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ തുടരുന്നത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img