
ബംഗളുരു: മുഡ കേസ്സും തേൻകെണി വിവാദവും വീണ്ടും തലവേദനയാവുകയും രണ്ടര കൊല്ലം പൂർത്തിയാകുമ്പോൾ, അതായത് ഇക്കൊല്ലം ഡിസംബറിൽ, മുഖ്യമന്ത്രി പദം ഒഴിയേണ്ടി വരുമെന്ന സൂചന ഹൈക്കമാണ്ട് നൽകുകയും ചെയ്ത സാഹചചര്യത്തിൽ സ്വയം രക്ഷയ്ക്കായ് മാറ്റിവെച്ചിരുന്ന ബ്രഹ്മാസ്ത്രം പുറത്തെടുക്കുകയാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ. ജാതി സെൻസസ് റിപ്പോർട്ടാണ് ആ ബ്രഹ്മാസ്ത്രം. സിദ്ധരാമയ്യയെ അന്ധമായി പിന്തുണക്കുന്ന ന്യുനപക്ഷ- പിന്നോക്കവിഭാഗ- ദളിത് കൂട്ടായ്മയായ 'അഹിന്ദ'യുടെ നേതാക്കൾ ജാതി സെൻസസ് റിപ്പോർട്ട് മന്ത്രിസഭ ചർച്ചയ്‌ക്കെടുക്കണമെന്ന് ശക്തമായി ആവശ്യപ്പെടാൻ തുടങ്ങിയിട്ട് മാസങ്ങളായി. ബുദ്ധിമാനായ സിദ്ധരാമയ്യ അത് മൂർച്ച കൂട്ടി തന്ത്രപൂർവ്വം നീട്ടിക്കൊണ്ടുപോവുകയായിരുന്നു. കാരണം സംസ്ഥാനത്തെ ജാതിവ്യവസ്ഥ ഇളക്കിമറിക്കുകയും രാഷ്ട്രീയ സമവാക്യം മാറ്റിയെഴുതുകയും ചെയ്യുന്ന വസ്തുതകൾ ഓരോ ജനവിഭാഗത്തിന്റെയും സാമൂഹ്യ സാമ്പത്തിക വിദ്യാഭ്യാസ സാഹചര്യം ശാസ്ത്രീയമായി വിശകലനം ചെയ്യുന്ന ജാതി സെൻസസ് റിപ്പോർട്ടിൽ ഉണ്ടെന്നാണ് സൂചന. അതുകൊണ്ടുതന്നെ പ്രബല സമുദായങ്ങളായ വൊക്കലിഗരും ലിങ്കായത്തരും റിപ്പോർട്ടിന് എതിരാണ്. റിപ്പോർട്ട് ചർച്ചയ്‌ക്കെടുക്കരുത് എന്ന അഭിപ്രായക്കാരനാണ് വൊക്കലിഗ പ്രതിനിധിയായ ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ. സിദ്ധരാമയ്യ മുഖ്യമന്ത്രി പദവിയിൽ തുടരുന്നതിന് ഭീഷണിയാകുന്നത് ആ സ്ഥാനം തീവ്രമായി ആഗ്രഹിക്കുന്ന ശിവകുമാറാണ്. ജാതി സെൻസസ് റിപ്പോർട്ട് ചർച്ചയ്‌ക്കെടുത്താൽ രാഷ്ട്രീയ സാഹചര്യം മാറിമാറിയുമെന്നും ശിവകുമാറിന്റെ വിലപേശൽ ശക്തി കുറയുമെന്നും സിദ്ധരാമയ്യയ്ക്ക് നന്നായറിയാം.
കഴിഞ്ഞ വർഷം ഫെബ്രവരി 29 ന് പിന്നോക്കവിഭാഗ കമ്മീഷൻ ചെയർമാൻ ജയപ്രകാശ് ഹെഗ്‌ഡെ
സീൽ വെച്ച കവറിൽ മുഖ്യമന്ത്രിയ്ക്ക് കൈമാറിയ ജാതി സെൻസസ് റിപ്പോർട്ട് ഇതുവരെ പുറത്തുവിടാതിരുന്നത് പ്രധാനമായും ഡി കെ ശിവകുമാറിന്റെ എതിർപ്പ് മൂലമായിരുന്നു. എന്നാൽ ഇപ്പോൾ അതിന് സമയമായി എന്ന തീരുമാനത്തിലാണ് സിദ്ധരാമയ്യ എത്തിച്ചേർന്നിട്ടുള്ളത്. സാമൂഹ്യ സാമ്പത്തിക വിദ്യാഭ്യാസ സർവ്വേ റിപ്പോർട്ടാണ് ജാതി സെൻസസ് എന്നറിയപ്പെടുന്നത്. ആദ്യതവണ മുഖ്യമന്ത്രി യായിരിക്കെ 2015ൽ സിദ്ധരാമയ്യയാണ് ജാതി സെൻസസ് നടത്താൻ ഉത്തരവിട്ടത്. 1.6 ലക്ഷം ഉദ്യോഗസ്ഥർ പങ്കുകൊണ്ട സർവ്വേ പൂർത്തിയാകാൻ മൂന്നുവർഷമെടുത്തു. 160 കോടി രൂപ ചെലവായി. എന്നാൽ 2018ൽ സിദ്ധരാമയ്യ അധികാരത്തിൽ നിന്ന് പുറത്തുപോയതിന് ശേഷമാണ് റിപ്പോർട്ട് ഗവണ്മെന്റിന് സമർപ്പിക്കപ്പെട്ടത്. 2018 ൽ കുമാരസ്വാമി നേതൃത്വം കൊടുത്ത കൂട്ടുകക്ഷി ഗവണ്മെന്റോ തുടർന്ന് അധികാരം പിടിച്ച ബിജെപി ഗവണ്മെന്റോ ജാതി സെൻസസ് റിപ്പോർട്ട് സ്പർശിക്കാൻ താല്പര്യം കാട്ടിയില്ല. 2023 ൽ സിദ്ധരാമയ്യ വീണ്ടും മുഖ്യമന്ത്രിയായതോടെയാണ് ജാതി സെൻസസ് റിപ്പോർട്ടിന് വീണ്ടും പ്രാധാന്യം നേടിയത്. തന്റെ മുഖ്യമന്ത്രിക്കസേര ഉറപ്പിച്ചുനിർത്താൻ ജാതി സെൻസസ് റിപ്പോർട്ട് പുറത്തുവിടേണ്ടതുണ്ടെന്ന് സിദ്ധരാമയ്യ കരുതുന്നു.രാഹുൽ ഗാന്ധിയുടെ മൗനാനുവാദം ഇക്കാര്യത്തിൽ സിദ്ധരാമയ്യ യ്ക്കുണ്ടെന്നാണ് സൂചനകൾ. മുതിർന്ന മന്ത്രിമാർ ഉൾപ്പെടുന്ന അഹിന്ദ നേതാക്കൾ അതിനായി അദ്ദേഹത്തിൽ നിരന്തരം സമ്മർദ്ദം ചെലുത്തിവരുന്നുമുണ്ട്.
Photo Courtesy - Google











