
തിരുവനന്തപുരം: രാജ്യത്ത് മുസ്ലിം ജനവിഭാഗത്തെ ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ ആസൂത്രിത നീക്കങ്ങൾ നടത്തുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചു. ഇഷ്ടഭക്ഷണം കഴിക്കുന്നതും ഇഷ്ടവസ്ത്രം ധരിക്കുന്നതുമെന്ന പേരിൽ മനുഷ്യരെ വേട്ടയാടുന്ന അവസ്ഥ രാജ്യത്ത് നിലനിൽക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച കേരള യാത്രയുടെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബുൾഡോസറുകൾ ഉപയോഗിച്ച് വീടുകൾ തകർക്കുകയാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഒരു മതത്തിന്റെ സാംസ്കാരിക ചിഹ്നങ്ങളെയും അസ്തിത്വത്തെയും ഇല്ലാതാക്കാനുള്ള ശ്രമങ്ങളും നടക്കുകയാണ്. വിഭജനകാലത്ത് പോലും ഇത്ര രൂക്ഷമായ ആക്രമണങ്ങൾ ഉണ്ടായിട്ടില്ലെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു. രാജ്യത്ത് ക്രൈസ്തവർക്കെതിരായ ആക്രമണങ്ങളും വർധിക്കുകയാണെന്നും ന്യൂനപക്ഷങ്ങൾക്ക് സുരക്ഷിതമായി ജീവിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ സാഹചര്യത്തിൽ മതനിരപേക്ഷത സംരക്ഷിക്കാൻ എല്ലാവരും ഒരുമിച്ച് നിലകൊള്ളണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
സമ്മേളനത്തിൽ പങ്കെടുത്തതിൽ സന്തോഷം പ്രകടിപ്പിച്ച മുഖ്യമന്ത്രി, കാന്തപുരം എ.പി. അബൂബക്കർ മുസലിയാരെ ജനാധിപത്യത്തിന്റെ കാവലാളായി വിശേഷിപ്പിച്ചു. ഈ യാത്രയെ ഒരു സംഘടനയുടെ പരിപാടിയായി മാത്രം കാണരുതെന്നും ‘മനുഷ്യർക്കൊപ്പം’ എന്ന സന്ദേശമാണ് ഇതിലൂടെ ഉയർന്നുവരുന്നതെന്നും അദ്ദേഹം പറഞ്ഞു. ജാതിയുടെയും മതത്തിന്റെയും പേരിൽ മനുഷ്യരെ വേർതിരിക്കുന്ന കാലഘട്ടത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്നും അത്തരം സാഹചര്യത്തിലാണ് ഈ യാത്രയുടെ പ്രസക്തിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മതത്തെ മനുഷ്യത്വവിരുദ്ധമാക്കാൻ ചിലർ ബോധപൂർവം ശ്രമിക്കുന്നുണ്ടെന്ന് പറഞ്ഞ മുഖ്യമന്ത്രി, ജനങ്ങളെ ബോധവത്കരിക്കാൻ തൊണ്ണൂറ് പിന്നിട്ട പ്രായത്തിലും കാന്തപുരം മുന്നിട്ടിറങ്ങുന്നത് അഭിനന്ദനാർഹമാണെന്നും കൂട്ടിച്ചേർത്തു.
ഒരു വർഗീയതയെ ചെറുക്കാൻ മറ്റൊരു വർഗീയത മതിയാകില്ലെന്നും അങ്ങനെ സംഭവിച്ചാൽ അത് വർഗീയതയെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. ഭൂരിപക്ഷ വർഗീയതയെ നേരിടാൻ ന്യൂനപക്ഷ വർഗീയത ഉയർന്നാൽ അത് ആത്മഹത്യയ്ക്ക് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു. മതനിരപേക്ഷതയുടെ അടിത്തറയിൽ നിന്നു മാത്രമേ വർഗീയതയെ പരാജയപ്പെടുത്താൻ കഴിയൂവെന്നും പരസ്പര സ്നേഹവും കരുതലും വളർത്തേണ്ടതിന്റെ ആവശ്യകതയുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മതനിരപേക്ഷതയുടെ കാര്യത്തിൽ കേരളം യാതൊരു വിട്ടുവീഴ്ചയും നടത്തില്ലെന്നും കേരളം രാജ്യത്തെ മതനിരപേക്ഷതയുടെ ഉറച്ച തുരുത്താണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.











