
കൊല്ലം: 'നവകേരളത്തിനായി പുതുവഴികൾ' എന്ന നയരേഖ പാർട്ടി നയമനുസരിച്ച് മാത്രമേ നടപ്പാക്കൂ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിഭവസമാഹരണത്തിൽ ജനദ്രോഹ നിലപാട് ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജനങ്ങളെ വിശ്വാസത്തിലെടുത്തേ മുന്നോട്ടുപോകൂ. വികസനത്തിന് ജനം അനുകൂലമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച നയരേഖയുമായി ബന്ധപ്പെട്ട് നടന്ന ചർച്ചയ്ക്ക് മറുപടി പറയുകയായിരുന്നു പിണറായി വിജയൻ.
മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച നയരേഖ സംബന്ധിച്ച് പ്രതിനിധികൾ ചില ആശങ്കകൾ ഉയർത്തിയിരുന്നു. സ്വകാര്യപങ്കാളിത്തത്തിന് അനുകൂലമായ നയം, സെസും ഫീസും പിരിക്കാനുള്ള നീക്കം തുടങ്ങിയ നിർദ്ദേശങ്ങളാണ് വിമർശിക്കപ്പെട്ടത്. എന്നാൽ, ഇവയൊന്നും അടിച്ചേൽപ്പിക്കില്ലെന്ന സൂചനയാണ് മറുപടി പ്രസംഗത്തിൽ മുഖ്യമന്ത്രി നൽകിയത്. സെസ്, ഫീസ് തുടങ്ങിയവ വിഭവസമാഹരണത്തിനുള്ള ഒരു സാധ്യത എന്ന നിലയിലാണ് മുന്നോട്ടുവെച്ചത്. ഉടൻ അതേപടി നടപ്പാക്കുക എന്ന ഉദ്ദേശ്യത്തോടെയല്ല. ഇക്കാര്യത്തിൽ ജനങ്ങളെ ബോധ്യപ്പെടുത്തി മാത്രമേ മുന്നോട്ടുപോകൂ എന്നും മുഖ്യമന്ത്രി പറഞ്ഞു.











