
സെനാബ് വെബ്സൈറ്റ് ഉദ്ഘാടനം ചെയ്യുകയും അന്താരാഷ്ട്ര ന്യൂറോസയൻസ് സ്കൂളിന്റെ പ്രഖ്യാപനം നടത്തുകയും ചെയ്യുന്ന മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ. ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു, കുസാറ്റ് വൈസ് ചാൻസലർ ഡോ. എം. ജുനൈദ് ബുഷിരി, സെനാബ് ഡയറക്ടർ-ഇൻ-ചാർജ് ഡോ. ബേബി ചക്രപാണി, ഡോ. താര, ഡോ. ലിമ രാജ്, കെ. രാജഗോപാൽ എന്നിവർ സമീപം.
കൊച്ചി: ഉന്നത വിദ്യാഭ്യാസ രംഗത്ത് ഗവേഷണ മികവ് കൈവരിക്കുകയും ഗവേഷണ ഫലങ്ങൾ പൊതുജനങ്ങളിലേക്കെത്തിക്കുകയും ചെയ്യുന്നതിനുള്ള ലക്ഷ്യത്തോടെ, സംസ്ഥാന സർക്കാർ ആവിഷ്കരിച്ച മികവിന്റെ കേന്ദ്രങ്ങളിലൊന്നായ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) സെന്റർ ഫോർ ന്യൂറോഡിജെനറേഷൻ ആൻഡ് ബ്രെയിൻ ഹെൽത്ത് (CENABH) കേന്ദ്രത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. പാരിസ് ആസ്ഥാനമായ അന്താരാഷ്ട്ര ബ്രെയിൻ ഗവേഷണ സംഘടനയായ ഇന്റർനാഷണൽ ബ്രെയിൻ റിസർച്ച് ഓർഗനൈസേഷൻ (IBRO) പിന്തുണയോടെ ആരംഭിക്കുന്ന അന്താരാഷ്ട്ര ന്യൂറോസയൻസ് സ്കൂളും അദ്ദേഹം പ്രഖ്യാപിച്ചു. തിരുവനന്തപുരം സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ ചേംബറിലായിരുന്നു ഉദ്ഘാടനവും പ്രഖ്യാപനവും.
അന്താരാഷ്ട്ര നിലവാരത്തില്‍ കുസാറ്റ് കളമശ്ശേരി കാമ്പസിലാണ് ഈ കേന്ദ്രം പ്രവര്‍ത്തിക്കുക. കുസാറ്റിലെ സെന്റർ ഫോർ ന്യൂറോസയൻസുമായി സഹകരിച്ച് 2026 സെപ്റ്റംബറിൽ അന്താരാഷ്ട്ര ന്യൂറോസയൻസ് സ്കൂൾ സംഘടിപ്പിക്കും.
പരിപാടിയിൽ ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു, കുസാറ്റ് വൈസ് ചാൻസലർ ഡോ. എം. ജുനൈദ് ബുഷിരി, സെനാബ് ഡയറക്ടർ ഇൻ-ചാർജ് ഡോ. ബേബി ചക്രപാണി, ഡോ. താര, ഡോ. ലിമ രാജ്, ശ്രീ. കെ. രാജഗോപാൽ എന്നിവർ പങ്കെടുത്തു.
കേരളത്തിൽ വർധിച്ചുവരുന്ന വയോജന ജനസംഖ്യയെ മുൻനിർത്തി, ഈ മേഖലയിലെ ഇന്ത്യയിലെ ആദ്യ കേന്ദ്രമായി സ്ഥാപിക്കപ്പെടുന്ന സെനാബിന്റെ പ്രധാന ലക്ഷ്യങ്ങൾ ന്യൂറോഡിജെനറേറ്റീവ് രോഗങ്ങൾക്ക് പരിഹാരങ്ങൾ കണ്ടെത്തുകയും വയോജനങ്ങൾക്ക് മികച്ച ജീവിത നിലവാരം ഉറപ്പാക്കുകയും ചെയ്യുന്നതാണ്. കുട്ടികളിലും യുവാക്കളിലും കണ്ടുവരുന്ന ‘ബ്രെയിൻ ഫോഗ്’ പോലുള്ള അവസ്ഥകൾക്കും പരിഹാരങ്ങൾ കണ്ടെത്തുക കേന്ദ്രത്തിന്റെ ലക്ഷ്യങ്ങളിലുണ്ട്. ഏകദേശം 97 കോടി രൂപ ചെലവിൽ രണ്ട് ഘട്ടങ്ങളായി നടപ്പാക്കുന്ന ഈ പദ്ധതിയിൽ ന്യൂറോസയൻസ് ഗവേഷണത്തിനൊപ്പം സോഷ്യൽ ന്യൂറോസയൻസ് വഴിയുള്ള സാമൂഹിക ഇടപെടലുകൾക്കും പ്രത്യേക പ്രാധാന്യം നൽകും.
Photo Courtesy - Google








