08:36am 13 November 2026
NEWS
ജേണലിസ്റ്റ് വെല്‍ഫെയര്‍ ഫണ്ട് ഉദ്ഘാടനം ചെയ്തു പത്രപ്രവര്‍ത്തക ക്ഷേമസംരംഭം മാതൃകാപരം മുഖ്യമന്ത്രി
28/06/2025  10:38 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ജേണലിസ്റ്റ് വെല്‍ഫെയര്‍ ഫണ്ട് ഉദ്ഘാടനം ചെയ്തു പത്രപ്രവര്‍ത്തക ക്ഷേമസംരംഭം മാതൃകാപരം മുഖ്യമന്ത്രി
HIGHLIGHTS

1.എറണാകുളം ടി ഡി എം ഹാളിൽ നടന്ന കേരള പത്രപ്രവർത്തക യൂണിയൻ ജേണലിസ്റ്റ് വെൽഫെയർ ഫണ്ട്  ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നു. വ്യവസായ വകുപ്പ് മന്ത്രി രാജീവ്, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, ഹൈബി ഈഡൻ എം പി, ടി ജെ വിനോദ് എം എൽ എ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് മനോജ് മുത്തേടൻ എന്നിവർ സമീപം

2.എറണാകുളം ടി ഡി എം ഹാളിൽ നടന്ന കേരള പത്രപ്രവർത്തക യൂണിയൻ ജേണലിസ്റ്റ് വെൽഫെയർ ഫണ്ട് ഉദ്ഘാടന പരിപാടിയിൽ വിരമിച്ച മാധ്യമപ്രവർത്തകർക്കുള്ള ഉപഹാരം മുഖ്യമന്ത്രി പിണറായി വിജയൻ നൽകുന്നു

കൊച്ചി:  കേരള പത്രപ്രവര്‍ത്തക യൂണിയന്റെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന ക്ഷേമ സംരംഭം വളരെ മാതൃകാപരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.  എറണാകുളം ടിഡിഎം ഹാളില്‍  കെയുഡബഌൂജെ  ജേണലിസ്റ്റ് വെല്‍ഫെയര്‍ ഫണ്ട് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മരണം, വലിയ ചികിത്സാ ചെലവ് തുടങ്ങി  അവശ്യ ഘട്ടങ്ങളില്‍ സഹായകമാകുന്നതാണ് ജേണലിസ്റ്റ് വെല്‍ഫെയര്‍ ഫണ്ട്. സര്‍വീസില്‍ ഇരുന്ന് മരിക്കുന്നവരുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപയും, രോഗം മൂലം ജോലിയില്‍ തുടരാന്‍ സാധിക്കാതെ വരുന്നവര്‍ക്ക് മൂന്ന് ലക്ഷം രൂപയും നല്‍കുന്ന വിധമാണ് തുക ക്രമീകരിച്ചിരിക്കുന്നത്. വിരമിക്കുന്ന മാധ്യമപ്രവര്‍ത്തകരെയും കരുതലോടെയാണ് പരിഗണിച്ചിട്ടുള്ളത്. 65 വയസ്സ് വരെയുള്ള മാധ്യമപ്രവര്‍ത്തകരെ അസോസിയേറ്റ് അംഗമായി നിലനിര്‍ത്തുകയും നിശ്ചിതഘട്ടത്തില്‍ അവര്‍ക്ക് ഫണ്ടിന്റെ സംരക്ഷണം ഉറപ്പുവരുത്തുകയും ചെയ്യുന്നുണ്ട്. ഈ ഘട്ടത്തില്‍ മരിക്കുന്നവരുടെ കുടുംബത്തിന് മൂന്നുലക്ഷം രൂപയാണ് വെല്‍ഫെയര്‍ ഫണ്ടില്‍ നിന്നും നല്‍കുന്നത്. മെച്ചപ്പെട്ട ആരോഗ്യ ഇന്‍ഷുറന്‍സ് കവറേജ്, മാധ്യമപ്രവര്‍ത്തകരുടെ അടുത്ത ആശ്രിതരുടെ അടിയന്തിര ദുരന്ത ഘട്ടങ്ങളില്‍ സഹായം, മാധ്യമപ്രവര്‍ത്തകരുടെ അക്കാദമികവും സര്‍ഗാത്മകവുമായ കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍, കലാസാഹിത്യ സംരംഭങ്ങള്‍ ഏറ്റെടുക്കുന്നതിനുള്ള പദ്ധതി ഇത്തരത്തില്‍ വിപുലമായ ലക്ഷ്യങ്ങള്‍  മുന്നില്‍ കാണുന്നു എന്നത് സന്തോഷകരമായ കാര്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മാധ്യമ രംഗത്തേക്ക് കടന്നുവരുന്ന യുവതലമുറക്ക് വാര്‍ത്താ വിന്യാസത്തിന്റെ രൂപഭാവങ്ങളെ കുറിച്ചും മറ്റും പരിശീലിപ്പിക്കാന്‍ കെയുഡബ്ലിയുജെ വിരമിക്കുന്ന മാധ്യമപ്രവര്‍ത്തകരുടെ  സേവനം നല്ല രീതിയില്‍ ഉപയോഗിക്കാവുന്നതാണ്. ഇതിലൂടെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരുടെ അനുഭവ വിജ്ഞാന ശേഖരം പുതുതലമുറയ്ക്ക് നഷ്ടമാകുന്ന സ്ഥിതി ഒഴിവാക്കാന്‍ കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനാധിപത്യത്തിന്റെ കാവല്‍ സംവിധാനം എന്നൊക്കെ എല്ലാവരും വിശേഷിപ്പിക്കുമെങ്കിലും തൊഴില്‍ സമൂഹം എന്ന നിലയില്‍ മാധ്യമപ്രവര്‍ത്തകര്‍ കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. ആഗോള മാധ്യമ സ്വാതന്ത്ര്യസൂചികയില്‍ തുടരെ താഴോട്ട് പോകുന്ന ഇന്ത്യയില്‍ ആ രംഗത്തെ ജീവനക്കാരുടെ തൊഴില്‍ അവകാശങ്ങളുടെ കാര്യത്തിലും കുത്തനെയുള്ള വീഴ്ചയാണ് കാണുന്നത്. കേന്ദ്രഭരണത്തിന്റെ തൊഴിലാളി വിരുദ്ധ നിലപാടുകള്‍ തകര്‍ച്ചയുടെ വേഗതക്ക് ആക്കം കൂട്ടുകയും ചെയ്യുന്നു. ഇത്തരം ഒരു സാഹചര്യത്തില്‍ പത്രപ്രവര്‍ത്തകരുടെ ഇതുപോലുള്ള പ്രവര്‍ത്തനങ്ങള്‍ മാധ്യമ സമൂഹത്തിന്റെ അതിജീവനത്തിന് വഴിയൊരുക്കുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സമൂഹത്തെയും യുവാക്കളെയും നശിപ്പിക്കുന്ന രാസ ലഹരിക്ക് എതിരെ പത്രപ്രവര്‍ത്തക സമൂഹം കൈകോര്‍ക്കുന്നു എന്നത് സന്തോഷകരമായ കാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങില്‍ വിരമിച്ച മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള ഉപഹാരവും മുഖ്യമന്ത്രി നല്‍കി. മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള മെമ്പര്‍ഷിപ്പ് കാര്‍ഡിന്റെ വിതരണ ഉദ്ഘാടനം പ്രസ് ക്ലബ്ബ് പ്രസിഡന്റ് ആര്‍ ഗോപകുമാര്‍, ബിസിനസ് ലൈന്‍ ഡെപ്യൂട്ടി എഡിറ്റര്‍ ബി സജീവ് കുമാര്‍ എന്നിവര്‍ക്ക് നല്‍കി  നിര്‍വഹിച്ചു.  ലഹരിക്കെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്റെ  ബ്രേക്കിംങ് ഡി കാമ്പയിന്റെ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നിര്‍വഹിച്ചു. സുഹൃത് സംഗമം വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്  ഉദ്ഘാടനം ചെയ്തു. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് കെ പി റെജി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഹൈബി ഈഡന്‍ എം പി, ടി ജെ വിനോദ് എം എല്‍ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടന്‍, കെയുഡബ്ലിയുജെ സംസ്ഥാന ജനറല്‍ സെക്രട്ടറി സുരേഷ് എടപ്പാള്‍, സംസ്ഥാന ട്രഷറര്‍ മധുസൂദനന്‍ കര്‍ത്ത, എറണാകുളം പ്രസ് ക്ലബ്ബ് പ്രസിഡന്റ് ആര്‍ ഗോപകുമാര്‍, സെക്രട്ടറി ഷാജില്‍ കുമാര്‍, വെല്‍ഫെയര്‍ കമ്മിറ്റി കണ്‍വീനര്‍ പ്രജീഷ് കൈപ്പള്ളി, വിവിധ മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img