11:25am 03 August 2026
NEWS
സംസ്ഥാനം മഴക്കെടുതിയിൽ നട്ടം തിരിയുമ്പോൾ മുഖ്യമന്ത്രിക്ക് പൊന്നാനിയിൽ വിരുന്ന് സത്ക്കാരം; വി ഡി സതീശന്റെ നടപടിയിൽ വിമർശനം ശക്തമാകുന്നു
02/08/2026  07:05 AM IST
nila
സംസ്ഥാനം മഴക്കെടുതിയിൽ നട്ടം തിരിയുമ്പോൾ മുഖ്യമന്ത്രിക്ക് പൊന്നാനിയിൽ വിരുന്ന് സത്ക്കാരം; വി ഡി സതീശന്റെ നടപടിയിൽ വിമർശനം ശക്തമാകുന്നു

മലപ്പുറം: സംസ്ഥാനത്ത് കനത്ത മഴയും പ്രളയക്കെടുതിയും തുടരുന്നതിനിടെ മുഖ്യമന്ത്രി വി.ഡി. സതീശൻ പൊന്നാനിയിലെ വിരുന്ന് സത്ക്കാരത്തിൽ പങ്കെടുത്തത് വിവാദമാകുന്നു. മുസ്ലിം യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് ഫൈസൽ ബഫാഖി തങ്ങളുടെ പൊന്നാനിയിലെ വസതിയിൽ മുഖ്യമന്ത്രി വിരുന്ന് സത്ക്കാരത്തിൽ പങ്കെടുത്തതിന്റെ ചിത്രങ്ങളും വീഡിയോയും സമൂഹമാധ്യമങ്ങളിൽ പുറത്തുവന്നതോടെയാണ് വിമർശനം ശക്തമായത്.

ഫൈസൽ ബഫാഖി തങ്ങൾ തന്നെയാണ് മുഖ്യമന്ത്രിയുടെ സന്ദർശന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ഇതിന് പിന്നാലെ നിരവധി പേരാണ് പോസ്റ്റിന് താഴെ വിമർശനവുമായി എത്തിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴക്കെടുതി രൂക്ഷമായി തുടരുമ്പോൾ മുഖ്യമന്ത്രി സ്വകാര്യ വിരുന്നിൽ പങ്കെടുത്തത് ഉചിതമായ നടപടിയാണോയെന്ന ചോദ്യമാണ് ഉയരുന്നത്.

"ജനങ്ങൾ ദുരിതാശ്വാസ ക്യാമ്പുകളിലായിരിക്കുമ്പോൾ മുഖ്യമന്ത്രി വിരുന്നിൽ", "മധ്യകേരളം പ്രളയത്തിൽ വലയുമ്പോൾ പൊന്നാനിയിൽ സൽക്കാരം" തുടങ്ങിയ വിമർശനങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്.

സംഭവത്തിൽ രാഷ്ട്രീയ പ്രതികരണങ്ങളും ശക്തമായി. പി. സരിൻ സമൂഹമാധ്യമങ്ങളിൽ വീഡിയോ പങ്കുവെച്ച്, "കനത്ത കാലവർഷക്കെടുതികൾക്കിടയിൽ മുഖ്യമന്ത്രി പൊന്നാനി എംഎൽഎയ്ക്കൊപ്പമുള്ള രക്ഷാപ്രവർത്തന ഏകോപനത്തിന്റെ അപൂർവ ദൃശ്യങ്ങൾ" എന്ന പരിഹാസ കുറിപ്പോടെയാണ് വിമർശനം ഉന്നയിച്ചത്.

ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് എ.എ. റഹീം എംപിയും വിഷയത്തിൽ മുഖ്യമന്ത്രിക്കെതിരെ രംഗത്തെത്തി. ആദ്യം ദൃശ്യങ്ങൾ വിശ്വസിക്കാനായില്ലെന്നും പിന്നീട് ഉറപ്പുവരുത്തിയ ശേഷമാണ് പ്രതികരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ആയിരക്കണക്കിന് ആളുകൾ ദുരന്തത്തിന്റെ കെടുതിയിൽ കഴിയുമ്പോൾ മുഖ്യമന്ത്രി ഇത്തരമൊരു പരിപാടിയിൽ പങ്കെടുത്തത് തീർത്തും അനുചിതമാണെന്നാണ് അദ്ദേഹത്തിന്റെ വിമർശനം.

സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ചെയർമാൻ എന്ന നിലയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കേണ്ടത് മുഖ്യമന്ത്രിയുടെ പ്രധാന ഉത്തരവാദിത്വമാണെന്നും, ആ സാഹചര്യത്തിൽ സ്വകാര്യ സൗഹൃദ സന്ദർശനത്തിനും വിരുന്നിനും സമയം കണ്ടെത്തിയത് ജനങ്ങളോട് കാണിച്ച അനാസ്ഥയാണെന്നും എ.എ. റഹീം ആരോപിച്ചു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകി മറ്റ് പരിപാടികൾ മാറ്റിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇതിനുമുമ്പ് മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്രയും രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. അതിന് പിന്നാലെ പൊന്നാനി സന്ദർശനവും വിരുന്നുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ പുറത്തുവന്നതോടെ പുതിയ രാഷ്ട്രീയ ചർച്ചകൾക്കും ഇത് വഴിതെളിച്ചിരിക്കുകയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img