09:21pm 09 September 2026
NEWS
ജിജോ ജോണ്‍ പുത്തേഴത്ത് മുഖ്യമന്ത്രിയുടെ അനുശോചനം
09/09/2026  08:34 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ജിജോ ജോണ്‍ പുത്തേഴത്ത് മുഖ്യമന്ത്രിയുടെ അനുശോചനം

ജിജോ ജോണ്‍ പുത്തേഴത്ത് എന്ന ബൈലൈന്‍ വായിച്ചാണ് ഇന്ന് രാവിലെ ഞാന്‍ ഓഫീസിലേക്ക് ഇറങ്ങിയത്. മന്ത്രിസഭായോഗത്തിന് ശേഷമുള്ള വാര്‍ത്താ സമ്മേളനം കഴിഞ്ഞ് ഓഫീസിലെത്തുമ്പോള്‍ അറിഞ്ഞത് ജിജോയുടെ മരണ വാര്‍ത്ത. ഇനി ജിജോ ഇല്ലെന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാന്‍ കുറച്ചധികം സമയമെടുത്തു. 

മലയാള മനോരമയിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എന്നതിനപ്പുറം, ജിജോ എന്റെ നാട്ടുകാരനും പ്രിയപ്പെട്ട സുഹൃത്തുമായിരുന്നു. അദ്ദേഹവുമായും കുടുംബവുമായും എനിക്ക് അത്രയേറെ ആത്മബന്ധമുണ്ട്. കഴിഞ്ഞ ദിവസവും ഞങ്ങള്‍ കാണുകയും കുറച്ചുനേരം സംസാരിക്കുകയും ചെയ്തിരുന്നു.

എം.എല്‍.എയായിരുന്ന കാലത്തും പ്രതിപക്ഷ നേതാവായിരിക്കുമ്പോഴുമെല്ലാം വിവിധ വിഷയങ്ങളില്‍ ദീര്‍ഘനേരം ഞാന്‍ ജിജോയുമായി ആശയവിനിമയം നടത്തുന്നത് പതിവായിരുന്നു. നിയമസഭാ സമ്മേളന നാളുകളില്‍ അത് എന്റെ ഹോംവര്‍ക്കിന്റെ ഭാഗം കൂടിയായിരുന്നു. അത്രമേല്‍ അടുത്ത വ്യക്തിബന്ധമുള്ള പ്രിയസുഹൃത്തിന്റെ വേര്‍പാട് എന്നെ വല്ലാതെ ഉലയ്ക്കുന്നു, വേദനിപ്പിക്കുന്നു.

പത്രപ്രവര്‍ത്തന രംഗത്ത് ജിജോ പുലര്‍ത്തിയ മികവും നിലവാരവും രാജ്യം അംഗീകരിച്ചതാണ്. 2015-ലെ രാംനാഥ് ഗോയങ്ക പുരസ്‌കാരം ഉള്‍പ്പെടെ നിരവധി ബഹുമതികള്‍ അദ്ദേഹത്തെ തേടിയെത്തി. അന്വേഷണാത്മക പത്രപ്രവര്‍ത്തന രംഗത്ത് ദേശീയ ശ്രദ്ധയാകര്‍ഷിച്ച നിരവധി വാര്‍ത്തകളാണ് ജിജോ പുറത്തുകൊണ്ടുവന്നത്.

'ജിജോ ജോണ്‍ പുത്തേഴത്ത്' എന്ന ബൈലൈന്‍ ഇനിയുണ്ടാകുകയില്ലെന്ന യാഥാര്‍ത്ഥ്യം വേദനയോടെ തിരിച്ചറിയുന്നു. പക്ഷേ, ആ പേര് എന്റെ മനസില്‍ എന്നുമുണ്ടാകും. അത് ജിജോ എഴുതിയ വാര്‍ത്തകളുടെ പേരില്‍ മാത്രമല്ല, അത്രമാത്രം ദൃഢമായ ഒരു സൗഹൃദത്തിന്റെ കൂടി ഭാഗമാണത്. പ്രിയപ്പെട്ട ജിജോയ്ക്ക് വിട.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img