
കൊച്ചി: മുഖ്യമന്ത്രി നടത്തിയ വാർത്താ സമ്മേളനത്തിൽ കൊച്ചി കോർപ്പറേഷന്റെയും സർക്കാരിന്റെയും നേട്ടങ്ങളായി അവകാശപ്പെട്ടതെല്ലാം യാഥാർഥ്യവുമായി ഒരു ബന്ധവുമില്ലാത്തവയാണെന്നും സംസ്ഥാന സർക്കാരിന്റെ കെടുകാര്യസ്ഥതയും പ്രവർത്തനക്ഷമതയില്ലായ്മയും അഴിമതിയും മറച്ചുവെക്കാൻ കള്ള പ്രചരണങ്ങൾ നടത്തിയും പി.ആർ ടീമുകളെ നിയോഗിച്ച് ജനങ്ങളെ തെറ്റിധരിപ്പിക്കാനുമാണ് ഇടതുപക്ഷം ഈ തെരഞ്ഞെടുപ്പിൽ ശ്രമിക്കുന്നതെന്നും ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ആരോപിച്ചു.
എറണാകുളം പോലൊരു നഗരത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് പോലും പരിഹാരം കാണാൻ കഴിയാത്ത ഒരു കോർപ്പറേഷനെ വെള്ളപൂശാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. കഴിഞ്ഞ ദിവസങ്ങളിലെ മഴയിൽ നഗരത്തിലെ പ്രധാന റോഡുകളെല്ലാം മുങ്ങിയതിന് പിന്നാലെയാണ് സർക്കാർ ഏകദേശം 25 കോടി ചെലവഴിച്ച് നടപ്പാക്കിയ ഓപ്പറേഷൻ ബ്രേക്ക് ത്രൂ വൻ വിജയമാണെന്ന് മുഖ്യന്ത്രി അവകാശപ്പെട്ടത്. മൂന്നാം റോറോ സർവീസ് മുഖ്യമന്ത്രി വാഗ്ദാനം ചെയ്യുക മാത്രമാണ് ചെയ്തത്. യുഡിഎഫ് വിജയകരമായി നടപ്പാക്കിയ പദ്ധതിയെ ആനുവൽ മെയിന്റനൻസിന് പണം നൽകാതെ നശിപ്പിക്കാനാണ് സർക്കാർ ശ്രമിച്ചത്. സാങ്കേതിക തകരാർ മൂലവും സർവീസുകൾ മുടങ്ങുന്നത് പതിവാണ്. കാര്യക്ഷമത ഇല്ലാത്ത ഒന്നാക്കി അതിനെ മാറ്റി.
തമ്മനം-പുല്ലേപ്പടി റോഡുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങളിൽ ഭൂമി ഏറ്റെടുക്കൽ ഉൾപ്പെടുള്ള നടപടികൾ എങ്ങുമെത്തിയിട്ടില്ല. ഗതാഗതക്കുരുക്കിന് പരിഹാരമായി സ്മാർട് റോഡുകൾ എന്നതാണ് മറ്റൊരു അവകാശം. എറണാകുളം പട്ടണത്തിൽ ഗതാഗതത്തിന് എന്ത് പരിഹാരമാണ് ഉണ്ടായിക്കുന്നത്. തകർന്ന് കിടക്കുന്ന റോഡുകളാണ് ഭൂരിഭാഗവും. പരിഹാരം ഒന്നും ഉണ്ടായിട്ടില്ലെന്ന് മാത്രമല്ല, കൂടുതൽ രൂക്ഷമാകുകയാണ് ഉണ്ടായത്. പുതിയ റോഡുകൾ, പുതിയ മേൽപ്പാലങ്ങളും ഉണ്ടാക്കുന്നതിനായി പൈസ ചെലവഴിച്ചിട്ടില്ല. കൊച്ചി മെട്രോയുടെ അനന്ത സാധ്യകൾ ചർച്ച ചെയ്യപ്പെടുകയാണ്. എന്നാൽ മെട്രോ മറ്റ് ഇടങ്ങളിലേക്ക് കൂടി നീട്ടുന്നതുമായി ബന്ധപ്പെട്ടും വാട്ടർ മെട്രോയുമായി ബന്ധപ്പെട്ടും യാതൊരു നടപടികളും നടത്താൻ കഴിഞ്ഞ പത്ത് വർഷമായി സർക്കാരിന് കഴിഞ്ഞിട്ടില്ല. കാക്കനാട് ഇൻഫോപാർക്ക് ഭാഗത്തേക്കുള്ള മെട്രോയുടെ നിർമ്മാണം ഇഴഞ്ഞാണ് നീങ്ങുന്നത്. കൊച്ചി നേരിടുന്ന ഏറ്റവും വലിയ പ്രശ്നമായ മാലിന്യ സംസ്കരണം, ഗതാഗത പ്രശ്നം, വെള്ളക്കെട്ട്, തുടങ്ങിയ പ്രശ്നങ്ങളിലൊന്നും പരിഹാരം കാണുന്നതിനായി സർക്കാർ പൈസ ചെലവഴിച്ചിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.
അങ്കമാലി, പെരുമ്പാവൂർ, മൂവാറ്റുപുഴ ബൈപ്പാസുകൾക്കാവശ്യമായ നടപടികൾക്കും ആലുവ മൂന്നാർ റോഡ് നാലുവരിപ്പാതയാക്കുന്നതുമായി ബന്ധപ്പെട്ടും നടപടികൾ ഒന്നും നടന്നിട്ടില്ല. കാക്കനാട് ഐ.ടി ഹബ്ബ്, ഇൻഫോ പാർക്ക്, സ്മാർട് സിറ്റി ഉൾപ്പെടെയുള്ള പ്രൊജക്ടുകൾ എല്ലാം വരുന്നു. എന്നാൽ അതുമായി ബന്ധപ്പെട്ട് വരുന്ന ആളുകൾക്ക് ആവശ്യമായ പൊതുഗതാഗതം, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവയെക്കുറിച്ചുള്ള ഒരു മാസ്റ്റർ പ്ലാനും സർക്കാരിന് ഇല്ല. റവന്യൂ വരുമാനത്തിന്റെ വലിയൊരു ശതമാനം നൽകുന്ന എറണാകുളം ജില്ലയെ മാറ്റിയെടുക്കുന്ന തരത്തിൽ കഴിഞ്ഞ പത്ത് വർഷത്തിനിടക്ക് ഒന്നും ചെയ്തിട്ടില്ലെന്നാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നടത്തിയ വാർത്താ സമ്മേളനം വഴി മനസ്സിലാകുന്നത്. മുൻപ് യുഡിഎഫ് സർക്കാർ നടപ്പിലാക്കിയ പദ്ധതികളുടെ തുടർച്ച അവകാശപ്പെടുന്നത് വഴി മുഖ്യമന്ത്രി എട്ടുകാലി മമ്മൂഞ്ഞ് കളിക്കുകയാണെന്ന് മുഹമ്മദ് ഷിയാസ് പറഞ്ഞു. കൊച്ചി കോർപ്പറേഷനിൽ അഴിമതി കൊടികുത്തി വാണ അഞ്ചുവർഷക്കാലമാണ് കഴിഞ്ഞത്. സിപിഎമ്മിന്റെ സ്റ്റാൻഡിംങ് കമ്മിറ്റി ചെയർമാൻമാർ ചേർന്ന് നഗരത്തിലെ അനധികൃത കെട്ടിടങ്ങളുടെ ഉടമകളിൽ നിന്ന് ലക്ഷങ്ങൾ കൈക്കൂലി വാങ്ങിയത് മേയർക്ക് അറിവുണ്ടായിരുന്നുവെന്നടക്കമുള്ള വെളിപ്പെടുത്തലുകൾ കൗൺസിൽ യോഗത്തിൽ അടക്കം പുറത്തുവന്നതാണ്. കൈക്കൂലി കേസിൽ കഴിഞ്ഞ ഏഴ് മാസത്തിനിടക്ക് എട്ട് ഉദ്യോഗസ്ഥരെയാണ് കോർപ്പറേഷൻ ഓഫിസിൽ നിന്ന് അറസ്റ്റ് ചെയ്തത്. ബ്രഹ്മപുരത്തെ ബയോമൈനിംഗുമായി ബന്ധപ്പെട്ട് ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിയാണ് നടന്നത്. എൽഡിഎഫ് കൺവീനറായ വൈക്കം വിശ്വന്റെ മകളും മരുമകനും ഉൾപ്പെടുന്ന സോണ്ട കമ്പനിക്ക് ബയോമൈനിങുമായി ബന്ധപ്പെട്ട് ഒരു മുൻപരിചയവും ഇല്ലാതിരുന്നിട്ട് കൂടി കരാർ നൽകി. പിന്നീട് പ്ലാസ്റ്റിക് മാലിന്യങ്ങൾ തീയിട്ട് കത്തിച്ചതാണ് നമ്മൾ കണ്ടത്. ബ്രഹ്മപുരത്ത് സർക്കാരിന്റെയോ കോർപ്പറേഷന്റെയോ ഒരു പ്ലാന്റും ഇപ്പോഴും സ്ഥാപിച്ചിട്ടില്ല. വേസ്റ്റ് ടു എനർജി പ്ലാന്റിനെ എതിർത്തവർ ഇപ്പോൾ ബിപിസിഎല്ലിന്റെ സിഎസ്ആർ ഫണ്ട് ഉപയോഗിച്ചുള്ള പദ്ധതിയാണ് നടപ്പിലാക്കുന്നത്.
തെരഞ്ഞെടുപ്പിൽ പരാജയം ഭയപ്പെടുന്ന സിപിഎം ഇപ്പോൾ പുതിയ വ്യാജപ്രചരണങ്ങളുമായി ഇറങ്ങിയിരിക്കുകയാണ്. സിപിഎം ബിജെപി കൂട്ടുകെട്ടിൽ നിന്ന് കൊണ്ട് അത് കോൺഗ്രസിന് ചുമത്താനാണ് സിപിഎം ശ്രമിക്കുന്നത്. ജില്ലയിൽ പലയിടത്തും സ്വന്തം ചിഹ്നത്തിൽ മത്സരിക്കാൻ പോലും സിപിഎമ്മിന് ഭയമാണ്. മുൻ കേന്ദ്രകമ്മിറ്റി അംഗവും മന്ത്രിയുമായ എസ്. ശർമയുടെ ഭാര്യ കപ്പും സോസറും ചിഹ്നത്തിലാണ് തെരഞ്ഞടുപ്പിൽ മത്സരിക്കുന്നത്. ബിജെപിയുടെയും എസ്ഡിപിഐയുടെയും ഉൾപ്പെടുള്ള വോട്ട് വാങ്ങുന്നതിനുള്ള തന്ത്രമാണ് സിപിഎം ഇതിലൂടെ നടത്തുന്നത്. സ്വർണകൊള്ളയും തൊഴിലില്ലായ്മയും അവശ്യസാധനങ്ങളുടെ വിലവർധനവും അടക്കമുള്ള കാര്യങ്ങൾ മറച്ച് വെച്ച് മറ്റ് വിവാദങ്ങൾ ഉണ്ടാക്കുന്ന തിരക്കിലാണ് സിപിഎം. ഇത്തരം കാര്യങ്ങൾ മനസ്സിലാക്കാനുള്ള ജനങ്ങളുടെ ബോധ്യത്തെ ഒരു കാരണവശാലും ഇല്ലാതാക്കാൻ കഴിയില്ലെന്ന് ഈ തെരഞ്ഞെടുപ്പിൽ നമ്മുക്ക് മനസ്സിലാകുമെന്നും അദ്ദേഹം പറഞ്ഞു.
Photo Courtesy - Google








