
മുസ്ലികളുടെ സംരക്ഷകനായാണ് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയപ്പെട്ടിരുന്നത്. സിദ്ധരാമുള്ള ഖാൻ എന്നൊക്കെ രാഷ്ട്രീയ പ്രതിയോഗികൾ അദ്ദേഹത്തെ പരിഹസിക്കാറുണ്ടായിരുന്നു. എന്നാൽ ദാവൺഗെരെ സൗത്ത് മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾ സിദ്ധരാമയ്യയും സംസ്ഥാനത്തെ കോൺഗ്രസ്സിലെ മുസ്ലിം നേതാക്കളും തമ്മിലിടയാൻ കാരണമായിരിക്കയാണ്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി നസീർ അഹമ്മദിനെ പുറത്താക്കിയതാണ് ഏറ്റവും പുതിയ സംഭവം. രാജിവെച്ച ന്യൂനപക്ഷ വിഭാഗം ചെയർമാൻ അബ്ദുൾ ജബ്ബാറിനെ കോൺഗ്രസ്സിൽ നിന്ന് സസ്പെൻഡ് ചെയ്തിട്ടുമുണ്ട്. ദാവൺഗെരെ സൗത്തിൽ കോൺഗ്രസ്സ് സ്ഥാനാർഥിയ്ക്ക് എതിരായി പ്രവർത്തിച്ചു എന്നതാണ് മുസ്ലിം നേതാക്കൾ നേരിടുന്ന ആരോപണം. മുതിർന്ന നേതാവ് ശാമന്നൂർ ശിവശങ്കരപ്പയുടെ മരണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. മുസ്ലിങ്ങൾക്ക് സ്വാധീനമുള്ള മണ്ഡലമാണിത്. എൺപതിനായിരത്തോളം മുസ്ലിങ്ങളുണ്ട് ഈ മണ്ഡലത്തിൽ. അതിനാൽ ഒരു മുസ്ലിം നേതാവിനെ സ്ഥാനാർത്ഥിയാക്കണമെന്നാണ് ഭവനമന്ത്രി സമീർ അഹമ്മദ് ഖാന്റെ നേതൃത്വത്തിൽ മുസ്ലിം നേതാക്കൾ ആവശ്യപ്പെട്ടിരുന്നത്. മണ്ഡലത്തിൽ നിന്നുള്ള അബ്ദുൾ ജബ്ബാറിനെ സ്ഥാനാർത്ഥിയാക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ ഹൈക്കമാണ്ടിന്റെ അനുവാദത്തോടെ ശിവശങ്കരപ്പയുടെ കൊച്ചുമകൻ സമർത്ഥ ശാമന്നൂരിനെയാണ് സിദ്ധരാമയ്യ സ്ഥാനാർത്ഥിയാക്കിയത്. അതിൽ പ്രതിഷേധിച്ച് മുസ്ലിം നേതാക്കൾ പ്രചാരണത്തിന് ഇറങ്ങിയില്ല. എസ്‌ഡിപിഐയ്ക്കും മറ്റു സ്വതന്ത്ര മുസ്ലിം സ്ഥാനാർത്ഥികൾക്കുമാണ് മുസ്ലിങ്ങൾ പലരും വോട്ടുചെയ്തതെന്നാണ് അനുമാനിക്കപ്പെടുന്നത്. അട്ടിമറി മൂലം കോൺഗ്രസ് സ്ഥാനാർത്ഥി തോൽക്കുമോ എന്ന സംശയം നേതൃത്വത്തിനുണ്ട്. അന്വേഷണത്തിന്റെ ഭാഗമായാണ് നസീർ അഹമ്മദ് പുറത്താക്കപ്പെട്ടത്. മറ്റൊരു പൊളിറ്റിക്കൽ സെക്രട്ടറി സി കെ ഗോവിന്ദരാജിനെ ചിന്നസ്വാമി സ്റ്റേഡിയത്തിലെ ദുരന്തത്തിന്റെ പേരിൽ കഴിഞ്ഞ വർഷം സിദ്ധരാമയ്യ പുറത്താക്കിയിരുന്നു. രണ്ടുപേരും എം എൽ സിമാരാണ്. ഇപ്പോൾ സിദ്ധരാമയ്യയ്ക്ക് പൊളിറ്റിക്കൽ സെക്രട്ടറിമാരില്ല. മന്ത്രി സമീർ അഹമ്മദ് ഖാൻ സിദ്ധരാമയ്യയെ കണ്ട് വിശദീകരണം നൽകിയിരുന്നു. കേരളത്തിലെ തെരഞ്ഞെടുപ്പിൽ താര പ്രചാരകനായത് കൊണ്ടാണ് ദാവൺഗെരെയിൽ ശ്രദ്ധിക്കാൻ കഴിയാതിരുന്നത് എന്നാണത്രെ അദ്ദേഹം വിശദീകരണം നൽകിയത്. മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും ഹൈക്കമാണ്ടും അതേപ്പറ്റി അന്വേഷിക്കുന്നുണ്ട്. ദാവൺഗെരെയിലെ കോൺഗ്രസ് സ്ഥാനാർത്ഥി തോൽക്കാനിടയായാൽ സമീർ അഹമ്മദ് ഖാനും നടപടി നേരിടേണ്ടിവരും. പുനഃസംഘടനാവേളയിൽ അദ്ദേഹം മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കപ്പെട്ടേക്കാം.
Photo Courtesy - Google










