
കർണാടകം : അഴിമതി അർബുദം പോലെ പടർന്ന സംസ്ഥാനങ്ങളിലൊന്നാണ് കർണാടകം. ഗവണ്മെന്റുമായി ബന്ധപ്പെട്ടാണ് അഴിമതി തഴച്ചുവളരുന്നത്. ഭരണത്തിലേറുന്നത് ഏത് പാർട്ടിയായാലും അഴിമതിരാജിന് മാറ്റമില്ല. നിർമ്മാണജോലികളുടെ കരാറുകൾ ലഭിക്കുന്നതിന് നാല്പത് ശതമാനം കമ്മീഷൻ കൊടുക്കേണ്ടി വരുന്നുണ്ടെന്ന് ഗവണ്മെന്റ് കരാറുകാരുടെ സംഘടന പരാതിപ്പെട്ടത് ബിജെപിയുടെ ഭരണകാലത്താണ്. ബിജെപിയ്ക്ക് ഭരണം നഷ്ടപ്പെടാനിടയായതിന്റെ ഒരു കാരണവും അതായിരുന്നു.ഇപ്പോൾ ഭരണത്തിൽ കോൺഗ്രസാണ്. സ്ഥിതിഗതികൾ മുമ്പത്തേതിനേക്കാൾ വഷളായെന്നും ഗവണ്മെന്റ് കരാറുകൾ ലഭിക്കാനും നിലനിർത്താനും അറുപത് ശതമാനത്തോളം കമ്മീഷൻ കൊടുക്കേണ്ട അവസ്ഥയാണ് സംജാതമായിട്ടുള്ളതെന്നും സംഘടന മുഖ്യമന്ത്രി സിദ്ധരാമയ്യയോട് പരാതിപ്പെട്ടത് ഈയ്യിടെയാണ്. ആരു ഭരിച്ചാലും അഴിമതിയ്ക്ക് മാറ്റമുണ്ടാകുന്നില്ലെന്നും സംസ്ഥാനം അഴിമതിയിൽ ഒന്നാം സ്ഥാനത്താണെന്നും മുഖ്യമന്ത്രിയുടെ സാമ്പത്തികോപദേശകനായ മുൻമന്ത്രി ബസവരാജ് രായറെഡ്‌ഡി പ്രസ്താവിച്ചത് കൗതുകമുളവാക്കിയിരുന്നു. കൊപ്പാൽ ജില്ലയിലെ യെൽബർഗ്ഗയെ പ്രതിനിധീകരിക്കുന്ന എം എൽ എയാണ് രായറെഡ്‌ഡി. " മുമ്പൊക്കെ ഗവണ്മെന്റ് ഒരു കെട്ടിടം നിർമ്മിച്ചാൽ പത്തെഴുപത് കൊല്ലം കേടുകൂടാതെ നിലനിൽക്കുമായിരുന്നു. എന്നാൽ ഇപ്പോൾ നിർമ്മിക്കുന്ന കെട്ടിടങ്ങളാകട്ടെ പത്തുകൊല്ലം തികച്ചാകുംമുമ്പേ ഇടിഞ്ഞുവീഴുകയാണ്. കല്യാൺ കർണാടക മേഖലയിൽ കാണുന്നതതാണ്. നിർമ്മാണജോലികളുടെ ഗുണനിലവാരം കുറയുന്നത് അഴിമതിയുടെ ആധിക്യം കൊണ്ടാണ്. വർഷങ്ങളായി ഈ അവസ്ഥയാണ് നിലനിൽക്കുന്നത്. അത് മാറേണ്ടതുണ്ട് " ജില്ലാ വികസന സമിതി യോഗത്തിൽ രായ റെഡ്‌ഡി തുറന്നടിച്ചു. പ്രതിപക്ഷം അതേറ്റുപിടിച്ച് വിവാദമാക്കിയതോടെ അദ്ദേഹം ചില തിരുത്തലുകൾ വരുത്തി.അഴിമതിയിൽ ഒന്നാം സ്ഥാനത്താണെന്ന് പറഞ്ഞിട്ടില്ലെന്നും സിദ്ധരാമയ്യ ഗവണ്മെന്റ് അഴിമതി തുടച്ചുനീക്കാൻ ഫലപ്രദമായ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും സാമ്പത്തികോപദേഷ്ടാവ് വിശദീകരിച്ചു.
Photo Courtesy - Google











