
കൊച്ചി: നീതിന്യായരംഗത്ത് സ്ത്രീകൾക്ക് അർഹമായ പ്രാതിനിധ്യം ഉറപ്പാക്കുന്നതിൽ കേരള ഹൈക്കോടതി കാട്ടിയ മാതൃക സുപ്രീംകോടതിക്കും പ്രചോദനമായെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. കേരള ഹൈക്കോടതിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ നവംബർ ഒന്നിന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജസ്റ്റിസ് അന്ന ചാണ്ടി, ജസ്റ്റിസ് ഫാത്തിമ ബീവി തുടങ്ങിയ വനിതാ ന്യായാധിപരുടെ ചരിത്രപരമായ സംഭാവനകൾ അനുസ്മരിച്ച ചീഫ് ജസ്റ്റിസ്, കേരള ഹൈക്കോടതിയുടെ പുരോഗമനപരമായ സമീപനം രാജ്യത്തെ നീതിന്യായ സംവിധാനത്തെ സ്വാധീനിച്ചിട്ടുണ്ടെന്ന് പറഞ്ഞു. സുപ്രീംകോടതിയിൽ അടുത്തിടെ രണ്ട് വനിതാ ജഡ്ജിമാരെ നിയമിക്കാൻ കഴിഞ്ഞതും ബാർ കൗൺസിലുകളിലും ബാർ അസോസിയേഷനുകളിലും സ്ത്രീകൾക്ക് 30 ശതമാനം പ്രാതിനിധ്യം ഉറപ്പാക്കാനുള്ള ശ്രമങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടി.
പുരുഷാധിപത്യം നിലനിന്നിരുന്ന കാലത്തുതന്നെ സ്ത്രീകൾക്ക് മുന്നേറാൻ അവസരമൊരുക്കിയ കേരള ഹൈക്കോടതിയുടെ പാരമ്പര്യം ശ്രദ്ധേയമാണ്. ജഡ്ജിമാരായും അഭിഭാഷക സംഘടനകളുടെ നേതൃത്വത്തിലും സ്ത്രീകൾക്ക് ന്യായവും ഫലപ്രദവുമായ പങ്കാളിത്തം ഉറപ്പാക്കാൻ ഈ മാതൃക വഴികാട്ടിയായെന്നും അദ്ദേഹം പറഞ്ഞു.
അടിയന്തര കേസുകൾ സമയബന്ധിതമായി പരിഗണിക്കുന്നതിനുള്ള സംവിധാനങ്ങൾ ഹൈക്കോടതികൾ കൂടുതൽ കാര്യക്ഷമമാക്കണമെന്നും ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു. ഹൈക്കോടതികളിലെ കേസുകൾ വേഗത്തിൽ പട്ടികപ്പെടുത്തണമെന്ന ആവശ്യവുമായി കക്ഷികൾ സുപ്രീംകോടതിയെ സമീപിക്കുന്ന സാഹചര്യം കൂട്ടായ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ട്ഹൈക്കോടതികളുടെ സ്വയംഭരണാധികാരത്തെയും കേസുകൾ ബെഞ്ചുകൾക്ക് വിഭജിച്ചുനൽകാനുള്ള അധികാരത്തെയും സുപ്രീംകോടതി മാനിക്കുന്നുണ്ട്. അതേസമയം, അടിയന്തര വിഷയങ്ങൾ തിരിച്ചറിയുന്നതിനും കേസുകൾ പട്ടികപ്പെടുത്തുന്നതിൽ സുതാര്യതയും മുൻകൂട്ടി അറിയാനാകുന്ന നടപടിക്രമങ്ങളും ഉറപ്പാക്കുന്നതിനും കൂടുതൽ ശ്രദ്ധ വേണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
കാലതാമസം പരിഹരിക്കാനാകാത്ത നഷ്ടമുണ്ടാക്കുന്ന കേസുകൾക്ക് മുൻഗണന നൽകാൻ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തണം. സമയബന്ധിതമായ നീതി ലഭിക്കുന്നത് രാജ്യതലസ്ഥാനത്തേക്ക് യാത്ര ചെയ്യാനുള്ള ഒരാളുടെ സാമ്പത്തികശേഷിയെ ആശ്രയിച്ചാകരുതെന്നും അദ്ദേഹം പറഞ്ഞു.
പല കേസുകളിലും അന്തിമവിധിയേക്കാൾ നിർണായകമാകുന്നത് സമയോചിതമായ ഇടപെടലും ഇടക്കാല ആശ്വാസവുമാണ്. നീതിന്യായ സ്വാതന്ത്ര്യവും കാര്യക്ഷമതയും പരസ്പരം ശക്തിപ്പെടുത്തുന്ന മൂല്യങ്ങളാണെന്നും കോടതികളുടെ സമയബന്ധിതമായ പ്രവർത്തനം ജനവിശ്വാസം വർധിപ്പിക്കുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.










