
റായ്പൂർ: ഛത്തിസ്ഗഡിൽ മാവോയിസ്റ്റുകളും സുരക്ഷാ സേനയുമായി വൻ ഏറ്റുമുട്ടൽ. ഛത്തീസ്ഗഡിലെ ബീജാപൂർ ജില്ലയിൽ ഇന്ദ്രാവതി നാഷനൽ പാർക്കിന് സമീപമുള്ള വനമേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലിൽ രണ്ട് ജവാന്മാർ വീരമൃത്യു വരിച്ചെന്നും 31 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു എന്നുമാണ് റിപ്പോർട്ട്. ബീജാപൂർ ജില്ലയിൽ സുരക്ഷാ സേന നടത്തിയ ഓപ്പറേഷനിൽ എട്ടു മാവോയിസ്റ്റുകൾ കൊല്ലപ്പെട്ട് ഒരാഴ്ചയ്ക്ക് ശേഷമാണ് ഇന്ന് പുലർച്ചെ വീണ്ടും ഏറ്റുമുട്ടലുണ്ടാകുന്നത്.
ആർകെ എന്ന കമലേഷ്, മാവോയിസ്റ്റ് ഗ്രൂപ്പിന്റെ വക്താവ് നിതി എന്ന ഊർമിള എന്നിവരുൾപ്പെടെ കൊല്ലപ്പെട്ടു എന്നാണ് റിപ്പോർട്ട്. ആന്ധ്രാപ്രദേശിലെ വിജയവാഡ സ്വദേശിയായ കമലേഷ് ഐടിഐ വിദ്യാർഥിയായിരുന്നു. തെലങ്കാനയിലെ നൽഗൊണ്ട, ബിഹാറിലെ മാൻപൂർ, ഒഡീഷ അതിർത്തി പ്രദേശങ്ങൾ എന്നിവിടങ്ങളിൽ സജീവമായിരുന്നു ഇയാൾ. ഛത്തീസ്ഗഡ്, ആന്ധ്രാപ്രദേശ്, തെലങ്കാന, ഒഡീഷ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനം. ബീജാപൂരിലെ ഗംഗളൂർ സ്വദേശിയായ ഊർമിള പ്രത്യേക സോണൽ കമ്മിറ്റി അംഗമായിരുന്നു.











