05:19pm 02 May 2026
NEWS
ഛത്രപതി ശിവജിയുടെ മകൻ സംഘപരിവാർ പ്രവർത്തകർക്ക് വീരനായകനായിരിക്കും; പക്ഷേ സവർക്കർക്കും ​ഗോൾവാർക്കർക്കും അങ്ങനെയല്ല
06/03/2025  06:16 PM IST
nila
ഛത്രപതി ശിവജിയുടെ മകൻ സംഘപരിവാർ പ്രവർത്തകർക്ക് വീരനായകനായിരിക്കും; പക്ഷേ സവർക്കർക്കും ​ഗോൾവാർക്കർക്കും അങ്ങനെയല്ല

ഹിന്ദി സിനിമയായ ‘ഛാവ’ പുറത്തിറങ്ങിയതിന് പിന്നാലെ ഛത്രപതി ശിവജിയുടെ മകനും മറാത്ത ഭരണാധികാരിയുമായിരുന്ന സാംബാജി മഹാരാജിനെ കുറിച്ചുള്ള ചർച്ചകളാണ് സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്. സാംബാജി മഹാരാജിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ‘ഛാവ’ എന്ന സിനിമ നിർമ്മിച്ചിരിക്കുന്നത്. ഇതോടെയാണ് സാംബാജി വീരനാണോ അതോ ക്രൂരനാണോ എന്ന തരത്തിലുള്ള ചർച്ചകൾ സജീവമായത്. സംഘപരിവാർ പ്രൊഫൈലുകൾ സാംബാജിയെ പുകഴ്ത്തുന്നതിനിടെയാണ് സാംബാജിയെ കുറിച്ച് ഹിന്ദുത്വ നേതാക്കളായ സവർക്കർക്കും ​ഗോൾവാർക്കറും പറഞ്ഞ ചില കാര്യങ്ങൾ സംഘപരിവാർ വിരുദ്ധ കേന്ദ്രങ്ങൾ പ്രചരിപ്പിക്കുന്നത്. 

ഒമ്പത് വർഷത്തോളം മുഗൾ ചക്രവർത്തി ഔറംഗസേബിനെതിരെ പൊരുതിയ മറാത്താ രാജാവാണ് സാംബാജി മഹാരാജ് എന്നതാണ് സംഘപരിവാർ അനുഭാവികൾ ചൂണ്ടിക്കാട്ടുന്നത്. ഔറംഗസേബിന്റെ വൻപടയുമായി ചെറുത്തുനിന്ന സാംബാജി മഹാരാജ് നല്ലൊരു സംസ്കൃത പണ്ഡിതൻകൂടിയാണ്. നല്ലൊരു പോരാളിയായ ഇദ്ദേഹത്തെ പക്ഷെ ഒടുവിൽ ഔറംഗസീബ് വധിക്കുകയായിരുന്നു. തടവിൽ പിടിച്ചതിന് ശേഷം വാൾ കൊണ്ടുള്ള വെട്ടും ചാട്ടവാറടിയും ഏറ്റ് നിറയെ മുറിവുകളുള്ള ശരീരത്തിൽ ഉപ്പു തേക്കാനാണ് ഔറംഗസേബ് ഉത്തരവിട്ടത്. ക്രൂരതയ്‌ക്ക് പേര് കേട്ട ചക്രവർത്തിയായിരുന്നു ഔറംഗബേസ്. അതുപോലെ ഗോവയിൽ പോർച്ചുഗീസുകാർക്കെതിരെ ഹിന്ദുക്കളുടെ രക്ഷയ്‌ക്കായി പൊരുതിയിട്ടുണ്ട് ഛത്രപതി സാംബാജി മഹാരാജ് എന്നും സംഘപരിവാർ പ്രവർത്തകർ പ്രചരിപ്പിക്കുന്നു.

എന്നാൽ, നിങ്ങളുടെ നേതാക്കൾക്ക് ഈ അഭിപ്രായമല്ല സാംബാജിയെ കുറിച്ച് എന്നാണ് സംഘപരിവാർ വിരുദ്ധ കേന്ദ്രങ്ങൾ ചൂണ്ടിക്കാട്ടുന്നത്. മറാത്ത സാമ്രാജ്യത്തെ ഭരിക്കാൻ പ്രാപ്തിയുള്ള ഭരണാധികാരിയായിരുന്നില്ല സാംബാജി എന്നായിരുന്നു വി ഡി സവർക്കറുടെ അഭിപ്രായം എന്നാണ് സംഘപരിവാർ വിരുദ്ധ കേന്ദ്രങ്ങൾ ചൂണ്ടിക്കാട്ടുന്നത്. പെട്ടെന്ന് ദേഷ്യം വരുന്നയാളും മദ്യത്തിന് അടിമയും സ്ത്രീലമ്പടനുമായിരുന്നു സാംബാജി എന്നായിരുന്നു സവർക്കറുടെ അഭിപ്രായം എന്നാണ് ഇക്കൂട്ടർ പറയുന്നത്.

സാംബാജിയെ കുറിച്ച് സവർക്കറുടെ അതേ അഭിപ്രായമായിരുന്നു ​ഗോൾവാർക്കർക്കുമെന്നാണ് ഇക്കൂട്ടർ വ്യക്തമാക്കുന്നത്. മദ്യത്തിന് അടിമയായിരുന്ന സാംബാജി തിരഞ്ഞ സ്ത്രീ ലമ്പടനായിരുന്നു എന്നാണ് ​ഗോൾവാർക്കറുടെ അഭിപ്രായം. ശിവാജിയുടെ അഷ്ടപ്രധാനന്മാരിൽ ഒരാളായിരുന്ന ഖണ്ഡോ ബല്ലാലിന്റെ മകളോട് പോലും സാംബാജി ലൈം​ഗികാഭിനിവേശം പ്രകടിപ്പിച്ചിരുന്നു എന്ന് ​ഗോൾവാർക്കർ എഴുതിയിട്ടുണ്ട് എന്നാണ് സംഘപരിവാർ വിരുദ്ധ കേന്ദ്രങ്ങൾ ചൂണ്ടിക്കാട്ടുന്നത്. ഒടുവിൽ മാനംരക്ഷിക്കൻ മകൾ ആത്മഹത്യ ചെയ്യാൻ ഈ പിതാവ് അനുവാദം നൽകിയെന്നും ​ഗോൾവാർക്കർ ചൂണ്ടിക്കാട്ടുന്നു എന്നും ഇവർ പറയുന്നു. 

ഏതായാലും സാംബാ​ജി മഹാരാജിന്റെ ജീവിതം രാജ്യത്ത് ഒരു വലിയ രാഷ്ട്രീയ വിഷയമായി മാറിക്കഴിഞ്ഞു. ഔറംഗസേബിനെ പുകഴ്ത്തിയതിന്റെ പേരിൽ മഹാരാഷ്ട്ര നിയമസഭയിൽ നിന്നും ഒരു എംഎൽഎയെ സസ്പെൻഡ് ചെയ്തിരുന്നു. സമാജ്‌വാദി പാർട്ടി പാർട്ടി നേതാവ് അബു ആസ്മിയെയാണ് നിയമസഭയിൽ നിന്നും പുറത്താക്കിയത്. ആസ്മിയെ സസ്‌പെൻഡ് ചെയ്യാൻ ആവശ്യപ്പെട്ട് പാർലമെന്ററി കാര്യമന്ത്രി ചന്ദ്രകാന്ത് പാട്ടീൽ അവതരിപ്പിച്ച പ്രമേയം സഭ പാസാക്കുകയായിരുന്നു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img