01:59am 07 November 2026
NEWS
ചെറുവള്ളി എസ്റ്റേറ്റ്: ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുന്ന വിധി
31/01/2026  09:42 PM IST
ചെറുകര സണ്ണീലൂക്കോസ്
ചെറുവള്ളി എസ്റ്റേറ്റ്: ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുന്ന വിധി

ശബരിമല വിമാനത്താവള പദ്ധതിക്കായി സർക്കാർ കണ്ടെത്തിയ ചെറുവള്ളി എസ്റ്റേറ്റ് സർക്കാരിന്റെ വക പാട്ടഭൂമിയാണെന്ന വാദം പാലാ സബ്‌കോടതി തള്ളിയിരിക്കുന്നു. ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച്, സംസ്ഥാന സർക്കാരും ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ചിന്റെ കീഴിലുള്ള അയനാ ചാരിറ്റബിൾ ട്രസ്റ്റും തമ്മിലുള്ള കേസിലാണ് സബ്‌കോടതി ജഡ്ജി രാജേശ്വരി രാജേശ്വരന്റെ വിധി ഉണ്ടായിരിക്കുന്നത്.
സ്വാഭാവികമായും അയനാ ചാരിറ്റബിൾ ട്രസ്റ്റിന്റെ ഉടമസ്ഥർ അത്യാഹ്ലാദത്തിലാണ്. കാരണം സർക്കാർ അപ്പീൽ പോയാലും ജുഡീഷ്യറിയുടെ പ്രാഥമിക തലത്തിൽ നിർണ്ണായകമായ ഒരു വിധി അനുകൂലമായി അവർക്ക് ലഭിച്ചിരിക്കുന്നു. അപ്പീൽ നടപടി തീർന്നുവരുവാൻ സമയമെടുക്കും. അതുകൊണ്ട് വിമാനത്താവള പദ്ധതി കാലവിളംബം കൂടാതെ നടപ്പാക്കാൻ ഭൂമി വില കൊടുത്തു വാങ്ങുവാൻ സർക്കാർ നിർബന്ധിതരാകും. അതാണ് അയന ട്രസ്റ്റ് ആഗ്രഹിച്ചിരുന്നതും.

ഭൂമി ഏറ്റെടുക്കാതെ വില കൊടുത്തുവാങ്ങണമെന്ന അഭിപ്രായം ഭരണക്കാരിൽ ചിലർക്കും ഉണ്ടായിരുന്നു. എന്നാൽ നേരിട്ടതിലേക്ക് പോയാൽ ആരോപണങ്ങളും വിവാദങ്ങളും ഉണ്ടാകുമെന്നറിയാമായിരുന്നതിനാലാണ് ഭൂമി ട്രസ്റ്റിന്റെതാണെന്ന് ഒരു കോടതിവിധി സമ്പാദിച്ചാൽ ആർക്കും ആക്ഷേപം ഉന്നയിക്കാൻ പറ്റില്ലല്ലോ എന്ന ആശയത്തിലേക്ക് നീങ്ങുന്നത്. ഭരണക്കാരിൽ ട്രസ്റ്റിനെ സഹായിക്കാൻ നിന്നവർക്കും ഇപ്പോൾ സന്തോഷമായി കാണണം.

പക്ഷേ ഈ ഒരു വിധി സമാനഭാവത്തിൽ സർക്കാരിന്റെ പണ്ടാരവക പാട്ടം ഭൂമി കൈവശം വെച്ചിരിക്കുന്ന ഏറ്റവും ചുരുങ്ങിയത് 16600 ഏക്കർ കൈവശ ഉടമകൾക്ക് എങ്കിലും ഗുണകരവും സർക്കാരിന് ദോഷകരവുമായി മാറും എന്നുള്ളതാണ് ദൂരവ്യാപകമായി ഉണ്ടാകാനിടയുള്ള പ്രത്യാഘാതം.

കാഞ്ഞിരപ്പള്ളി താലൂക്കിൽ എരുമേലി സൗത്ത് വില്ലേജിലും മണിമല വില്ലേജിലും ഉൾപ്പെട്ട 2,263 ഏക്കർ വന്ന ചെറുവള്ളി തോട്ടം 19-ാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ജോൺ മിക്കിയെന്ന ബ്രിട്ടീഷുകാരൻ വഞ്ചിപ്പുഴ മഠാധിപതി, പശ്ചിമഘട്ട ദേവസ്വം എന്നിങ്ങനെ വിവിധ വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും പാട്ടവ്യവസ്ഥപ്രകാരം ബ്രിട്ടീഷ് കമ്പനിയായിരുന്ന റബ്ബർ ആൻഡ് പ്രൊഡ്യൂസ് കമ്പനി ലിമിറ്റഡ്(നമ്പർ 4-10, ഗ്രേറ്റ് ടവർ ഇൻ ലണ്ടൻ) എന്ന സ്ഥാപനത്തിനുവേണ്ടി ഏറ്റെടുത്തതാണ്.

1923 ൽ കമ്പനിയുടെ പേര് മലയാളം പ്ലാന്റേഷൻ യു.കെ. ഹോൾഡിംഗ് എന്നാക്കി മാറ്റി. 1923 ൽ തന്നെ കേരളത്തിന്റെ വിവിധ ഇടങ്ങളിൽ കമ്പനി പാട്ടത്തിനെടുത്ത 74,000 ഏക്കർ ഭൂമിയുടെ രജിസ്‌ട്രേഷൻ നടത്തി. 1954 ൽ കമ്പനി പാട്ട വ്യവസ്ഥ ലംഘിച്ചതിന്റെ പേരിൽ വഞ്ചിപ്പുഴ മഠം ഭൂമി തിരികെയെടുത്ത് സംസ്ഥാന സർക്കാരിന് വിറ്റു. ഇതിന്റെ രേഖകൾ റവന്യുൂവകുപ്പിന്റെ കൈവശം ഉണ്ട്. ഈ വിവരം മനസ്സിലാക്കിയിട്ടും കമ്പനി ഭൂമി ഒഴിഞ്ഞില്ല. 1963 ൽ ഭൂപരിഷ്‌ക്കരണ നിയമം വന്നിട്ടും ഭൂമിയുടെ വിദേശ ഉടമസ്ഥാവകാശം പരിശോധിക്കപ്പെട്ടില്ല.

1978 ൽ കൊച്ചി ആസ്ഥാനമാക്കി കമ്പനി മലയാളം പ്ലാന്റേഷൻ ഇന്ത്യാ ലിമിറ്റഡ് എന്ന് പേരുമാറ്റി. 1982 ൽ മലയാളം പ്ലാന്റേഷനും ഹാരിസൺ കമ്പനിയുടെ ഓഹരിയും ചേർത്ത് ഹാരിസൺ മലയാളം പ്ലാന്റേഷന എന്നാക്കി മാറി. 1999 ൽ സുബിത മേനോൻ കമ്മീഷൻ പാട്ടകാലാവധി കഴിഞ്ഞ ഭൂമി ഏറ്റെടുക്കാമെന്ന് സർക്കാരിന് റിപ്പോർട്ട് നൽകി.

സർക്കാർ ഭൂമിയാണെന്ന് പ്രമാണമുള്ള(ഡീഡ് നമ്പർ 4581/1955) ഈ പാട്ടഭൂമി കാലാവധിക്കുശേഷം ഉടമകൾക്ക് തിരികെ നൽകണമെന്ന വ്യവസ്ഥ ലംഘിച്ചുകൊണ്ട് 2005 ൽ ഹാരിസൺസ് 2005 ൽ ബിലീവേഴ്‌സ് ചർച്ചിന്റെ ഗോസ്പൽ ഫോർ ഏഷ്യക്ക് തീറാധാരപ്രകാരം കൈമാറ്റം ചെയ്തു.
ഇഃ് വിവാദമായതിനെ തുടർന്ന് റവന്യൂവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന നിവേദിത പി. ഹരനെ ഭൂമിയുടെ സ്വഭാവം പഠിക്കാൻ നിയോഗിച്ചു. ഭൂമി സർക്കാരിനവകാശപ്പെട്ടതാണെന്നും സർക്കാരിന് ഏറ്റെടുക്കാമെന്നും റിപ്പോർട്ടും നൽകി. തുടർന്ന് രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ ജസ്റ്റിസ് മനോഹരൻ കമ്മിറ്റിയും, സജിത്ബാബു കമ്മിറ്റിയും ചെറുവള്ളി എസ്റ്റേറ്റ് ഉൾപ്പെടെ ഹാരിസൺന്റെ ഭൂമി സർക്കാരിന് ഏറ്റെടുക്കാവുന്നതാണെന്ന് റിപ്പോർട്ട് നൽകി. തുടർന്ന് ഹാരിസൺ ഭൂമി സർവ്വേ ചെയ്യാനാരംഭിച്ചെങ്കിലും സമ്മർദ്ദങ്ങളെ തുടർന്ന് നിലച്ചു.

2011 ൽ ഉമ്മൻചാണ്ടി സർക്കാർ വന്നശേഷം സുശീലാഭട്ടിനെ പ്രത്യേക ഗവൺമെന്റ് പ്ലീഡർ ആയി നിയമിച്ചതോടെ ഭൂമി സർക്കാരിനെ കൊണ്ട് ഏറ്റെടുപ്പിക്കാനുള്ള നിയമനടപടികൾ വേഗത്തിലായി. ഭൂമിയേറ്റടുക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് സർക്കാർ ഹൈക്കോടതിയിൽ ഹർജിനൽകി. 2013 ൽ ഹൈക്കോടതി ഉത്തരവിന്റെയടിസ്ഥാനത്തിൽ ഉടമസ്ഥാവകാശരേഖകൾ പരിശോധിക്കാൻ വിജിലൻസ് അന്വേഷണം തുടങ്ങി. ഭൂമിയേറ്റെടുക്കാൻ സർക്കാരിനെ അനുവദിച്ച് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.

2013 ഏപ്രിൽ 25 ന്, 1957 ലെ കേരള പരിഷ്‌ക്കരണ നിയമത്തിന്റെ അടിസ്ഥാനത്തിൽ ഹാരിസണിന്റെ കൈവശമുള്ള ഭൂമി പിടിച്ചെടുക്കാൻ എം.ജി. രാജമാണിക്യം ഐ.എ.എസിനെ നിയോഗിച്ചു. ചെറുവള്ളി എസ്റ്റേറ്റ് ഹാരിസൺ ബിലീവേഴ്‌സ് ചർച്ചിന് നടത്തിയ വിൽപ്പന തന്നെ അസാധുവാണെന്ന് അദ്ദേഹം കണ്ടെത്തി. 2014 ഡിസംബർ ഒന്നിന് കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ കമ്പനി കൈവശം വെച്ചിരിക്കുന്ന 29,185 ഏക്കർ സ്ഥലത്തുനിന്ന് ഹാരിസൺ ഒഴിഞ്ഞുപോകണമെന്നും ഭൂമിയേറ്റെടുക്കണമെന്നും കാണിച്ച് രാജമാണിക്യം ഉത്തരവിറക്കി. ചെറുവള്ളി എസ്റ്റേറ്റും ഇതിൽ ഉണ്ടായിരുന്നു.

2016 ൽ പിണറായി സർക്കാർ അധികാരത്തിൽ വന്നയുടനെ രാജമാണിക്യം തന്റെ അന്തിമറിപ്പോർട്ട് പുതിയ സർക്കാരിന് സമർപ്പിച്ചു. വൻകിട കമ്പനികളുടെ നിയന്ത്രണത്തിലുള്ള സർക്കാർ ഭൂമി തിരിച്ചുപിടിക്കുന്നതിന് പുതിയ നിയമനിർമ്മാണം ഭൂമിയുടെ ഉടമസ്ഥത സംബന്ധിച്ച കേന്ദ്ര ഏജൻസികളുടെ ഉന്നതതല അന്വേഷണവും ആവശ്യമാണെന്നായിരുന്നു രാജമാണിക്യം നൽകിയ ശുപാർശ. രാജമാണിക്യം റിപ്പോർട്ടിന്റെയടിസ്ഥാനത്തിൽ റവന്യൂവകുപ്പ് ചില നടപടികൾ ആരംഭിച്ചപ്പോഴേക്കും സി.പി.എം ശക്തമായ എതിർപ്പുമായി രംഗത്തുവന്നു. റവന്യൂവകുപ്പ് സ്‌പെഷ്യൽ പ്ലീഡർ സുശീല ആർ. ഭട്ടിനെ തൽസ്ഥാനത്തുനിന്ന് മാറ്റി.

തോട്ടഭൂമികൾ ഏറ്റെടുക്കുന്നത് മലയെടുത്ത് തലയിൽ വെയ്ക്കുന്നതുപോലെയാണെന്ന് വൈദ്യുതിമന്ത്രിയായിരുന്ന എം.എം. മണി പരിഹസിച്ചു. തോട്ടങ്ങൾ ഏറ്റെടുക്കൽ നടപടി ഏതോ ഉദ്യോഗസ്ഥന്റെ തോന്നൽ മാത്രമാണെന്നും മുന്നണി ചർച്ച ചെയ്തിട്ടില്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പറഞ്ഞു. തുടർന്ന് ഭരിക്കുന്ന സർക്കാരിന്റെ താൽപ്പര്യം മനസ്സിലാക്കി നിയമവകുപ്പ് സെക്രട്ടറി ബി.ജി.ഹരീന്ദ്രനാഥ് രാജമാണിക്യം റിപ്പോർട്ട് തള്ളിക്കളയണം എന്നാവശ്യപ്പെട്ടുകൊണ്ട് സർക്കാരിന് റിപ്പോർട്ട് നൽകി. 1947 ലെ ഇന്ത്യൻ ഇൻഡിപെന്റൻഡ് ആക്ട് വിദേശികൾ കൈവശം വെച്ചിരിക്കുന്ന തോട്ടങ്ങൾക്ക് ബാധകമല്ലെന്നും തോട്ടങ്ങൾ ഏറ്റെടുക്കാൻ നിയമം നിർമ്മിച്ചാൽ അത് ഭരണഘടനാവിരുദ്ധമാകും എന്നെല്ലാമായിരുന്നു നിയമസെക്രട്ടറി ബി.ജി. ഹരീന്ദ്രനാഥ് സർക്കാരിനെ ഉപദേശിച്ചത്. സർക്കാരിന്റെ മനംമാറ്റം കേസ് നടത്തിപ്പിലും പ്രതിഫലിച്ചു.

2018 ൽ ഹൈക്കോടതി രാജമാണിക്യം റിപ്പോർട്ട് റദ്ദാക്കി. ഭൂമി ഏറ്റെടുക്കൽ അസാധുവായി. സർക്കാർ പേരിന് സുപ്രീംകോടതിയിൽ പോയെങ്കിലും സുപ്രീംകോടതിയും പറഞ്ഞത് സിവിൽ കോടതിയെ സമീപിക്കാനായിരുന്നു. ഇതിനിടെ 2017 ൽ ശബരിമല വിമാനത്താവളത്തിനു അനുയോജ്യമായ സ്ഥലം കണ്ടെത്തി നിർദ്ദേശിക്കാൻ സർക്കാർ ഉദ്യോഗസ്ഥ സമിതിയെ വെച്ചു. സമിതി പ്രവർത്തിച്ചുതുടങ്ങും മുമ്പേ ചെറുവള്ളി എസ്റ്റേറ്റ് ആയിരിക്കും വിമാനത്താവളത്തിനായി ഏറ്റെടുക്കുക എന്ന് നാട്ടിൽ പാട്ടായി. പക്ഷേ സർക്കാർ ഭൂമിയാണെന്ന് തർക്കമുള്ള സ്ഥലം പൊന്നും വില കൊടുത്തുവാങ്ങിയാൽ ഇതിനിടയിലുള്ള ഡീൽ വിവാദമാകുമെന്നു കണ്ടതിനെ തുടർന്ന് ഭൂമി ആരുടേതെന്ന് നിയമപരമായ തീർപ്പുണ്ടാകുന്നതിന് 2019 ൽ പാലാ സിവിൽ കോടതിയിൽ കോട്ടയം കളക്ടർ ഹർജി നൽകുകയായിരുന്നു. ആ കേസിലാണ് ആറുവർഷത്തിനുശേഷം പൊതുവേ പ്രതീക്ഷിക്കപ്പെട്ടതുപോലെ അയന ട്രസ്റ്റിന് അനുകൂലമായി വിധി വന്നിരിക്കുന്നത്. സ്ഥലത്തിന്റെ ഉടമസ്ഥാവകാശം അയന ചാരിറ്റബിൾ ട്രസ്റ്റിനാണെന്ന് കോടതി ഉത്തരവിട്ടതോടെ സർക്കാർ തലപ്പത്ത് ചിലർ ആഗ്രഹിച്ചതുപോലെ വിമാനത്താവളത്തിനായി ഏറ്റെടുക്കുന്നതിന് പ്രതിഫലം നൽകുന്നതിനുള്ള തടസമാണ് നീങ്ങിയത്.

എന്നാൽ ഇതിനിടെ അപ്രതീക്ഷിതമായ ഒരു ട്വിസ്റ്റുണ്ടായത് വിമാനത്താവളത്തിന് ഏറ്റെടുത്ത സ്ഥലം ചെറുവള്ളി എസ്റ്റേറ്റ് ഉൾപ്പെടെ 2570 ഏക്കർ, വിമാനത്താവളത്തിനാവശ്യമായ സ്ഥലത്തെക്കാൾ ഇരട്ടി സ്ഥലമുണ്ടെന്നും എന്തുകൊണ്ട് ഇത്രയും സ്ഥലം വേണമെന്നതിന് ഉത്തരം നൽകിയിട്ടില്ലെന്നും ചൂണ്ടിക്കാട്ടി ഭൂമി ഏറ്റെടുക്കാനുള്ള സർക്കാർ വിജ്ഞാപനം ഹൈക്കോടതി റദ്ദാക്കിയതാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img