
ഇക്കഴിഞ്ഞ എസ്.എസ്. എൽ.സി , പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ ഖത്തർ -ചെറുവാടി വെൽഫയർ അസോസിയേഷൻ അംഗങ്ങളുടെ മക്കൾക്ക് വേണ്ടി ഏർപ്പെടുത്തിയ മെറിറ്റ് അവാർഡ് തിരുവമ്പാടി എം. എൽ. എ. സി കെ കാസിം വിതരണം ചെയ്തു. ചെറുവാടി ചുള്ളിക്കാപറമ്പ് സർവീസ് ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കൊടിയത്തൂർ ഗ്രാമ പഞ്ചയാത്ത് പ്രസിഡന്റ് ടി. കവിത മുഖ്യ അതിഥിയായി പങ്കെടുത്തു.
സമൂഹത്തിന്റെയും രാജ്യത്തിന്റെയും ഭാവി നിശ്ചയിക്കുന്നത് വിദ്യാർത്ഥികൾ ആണെന്നും ജീവകാരുണ്യ രംഗത്തെന്ന പോലെ വിദ്യാഭ്യാസ രംഗത്തും പ്രോത്സാഹജനകമായ പ്രവർത്തനം നടത്തുന്ന ഖത്തർ ചെറുവാടി അസോസിയേഷന്റെ പ്രവർത്തനം ഏറെ മാതൃകാപരമാണെന്നും അവാർഡ് വിതരണം ചെയ്ത ശേഷം നടത്തിയ പ്രസംഗത്തിൽ സി കെ കാസിം എം എൽ എ പറഞ്ഞു.
അസോസിയേഷൻ പ്രസിഡന്റ് ബഷീർ തുവാരിക്കലിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം പി.ജി മുഹമ്മദ്, ഇ. രമേശ് ബാബു, എൻ. കെ അഷ്‌റഫ് അസ്‌ലം ചെറുവാടി, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ. സി. യൂസുഫ്, ടി. പി ഷറഫുദ്ധീൻ, പ്രോഗ്രാം കോർഡിനേറ്റർ സക്കീർ മാസ്റ്റർ പുഴങ്ങാട്ടിൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. വൈസ് പ്രസിഡന്റ് അസീസ് പുറായിൽ സ്വാഗതവും സെക്രട്ടറി കെ. പി സ്വഫ്വാൻ നന്ദിയും പറഞ്ഞു. വിദ്യാർത്ഥി പ്രതിനിധി ഫാത്തിമ റഫീദ റഫീഖ് കട്ടയാട്ട് മറുപടി പ്രസംഗം നടത്തി.










