
പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിച്ച കോൺഗ്രസ് സ്ഥാനാർഥിയുടെ സഹോദരനെ അശ്ലീല വീഡിയോയുടെ പേരിൽ ഭീഷണിപ്പെടുത്തി പണവും മൊബൈൽ ഫോണും തട്ടിയെടുത്ത കേസിൽ യുവാവ് അറസ്റ്റിൽ. ചേർപ്പ് പടിഞ്ഞാട്ടുമുറി തിരുത്തിക്കാട്ടിൽ ഉനൈസ് (26) നെയാണ് ചേർപ്പ് പൊലീസ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. 2025 നവംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. സ്ഥാനാർഥിയുടെ സഹോദരന്റെ അശ്ലീല വീഡിയോ കൈവശമുണ്ടെന്നും അത് പുറത്തുവിട്ട് കുടുംബത്തെ അപമാനിക്കുമെന്നും പറഞ്ഞ് പലതവണയായി 61,500 രൂപയും 16,000 രൂപ വിലവരുന്ന പുതിയ മൊബൈൽ ഫോണും പ്രതി തട്ടിയെടുത്തെന്നാണ് പരാതി.
ഫോണിലൂടെ ഭീഷണി നേരിട്ടതായി കാണിച്ച് സ്ഥാനാർഥിയായ പുതിയവീട്ടിൽ പി.എസ്. ഫൈസൽ നവംബറിൽ ചേർപ്പ് പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന്, വ്യാജ അശ്ലീല വീഡിയോയുടെ പേരിൽ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് ഫൈസലിന്റെ സഹോദരൻ അഫ്സൽ ഡിസംബറിലും പരാതി നൽകി.
എന്നാൽ പരാതികളിൽ നടപടിയുണ്ടാകാത്തതിനെ തുടർന്ന് 2026 ജനുവരി 10-ന് അഫ്സൽ ഇരിങ്ങാലക്കുട ഡിവൈഎസ്പിയെ സമീപിച്ചു. തുടർന്ന് ഫെബ്രുവരി 25-നാണ് ചേർപ്പ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.











