
ചെങ്ങന്നൂർ: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ആലപ്പുഴ ജില്ലയിലെ ചെറിയനാട് പഞ്ചായത്തിലെ പത്താം വാർഡിൽ (പഴയ ഒൻപതാം വാർഡ്) കണ്ടത് വാശിയേറിയ ഒരു കുടുംബപ്പോരാട്ടം. ഇവിടെ സഹോദരങ്ങൾ തമ്മിലുള്ള നേർക്കുനേർ മത്സരത്തിൽ അനുജൻ വിജയം കണ്ടു.
ചെറുവല്ലൂർ കുടനാലിൽ ശരത് ഭവനിൽ നിന്നുള്ള സഹോദരങ്ങളാണ് തെരഞ്ഞെടുപ്പിൽ പരസ്പരം മത്സരിച്ചത്.എൻഡിഎ സ്ഥാനാർഥി: സതീഷ് ചെറുവല്ലൂരും
എൽഡിഎഫ് സ്ഥാനാർഥി സജീവ് കുടനാലും പോരാട്ടക്കളത്തിൽ ഒരേ കുടുംബത്തിൽ നിന്നുള്ളവർ തന്നെ നേർക്കുനേർ അണിനിരന്നതോടെ ചെറുവല്ലൂർ വാർഡ് ശ്രദ്ധാകേന്ദ്രമായിരുന്നു. ഫലം വന്നപ്പോൾ സഹോദരങ്ങൾ തമ്മിൽ 84 വോട്ടുകളുടെ വ്യത്യാസം. എൽഡിഎഫ് സ്ഥാനാർഥിയായ അനുജൻ സജീവ് കുടനാൽ വിജയിച്ചു.സജീവ് കുടനാൽ 464 വോട്ടുകൾ നേടിയപ്പോൾ സഹോദരൻ സതീഷ് ചെറുവല്ലൂരിന് 380 വോട്ടുകളാണ് ലഭിച്ചത്. യുഡിഎഫ് സ്ഥാനാർഥിയായിരുന്ന ഹാരീസ് പാലമൂട്ടിൽ 112 വോട്ടുകൾ നേടി.











