
നിലമ്പൂരിൽ സി.പി.എം സ്ഥാനാർത്ഥിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങിയ സാഹിത്യകാരന്മാരെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ് രംഗത്ത്. സി.പി.എം പ്രചാരകർ 'ഉപകാരസ്മരണയുള്ളവരാണെന്ന്' ചെറിയാൻ ഫിലിപ്പ് പരിഹസിച്ചു. പല പ്രമുഖ മാധ്യമങ്ങളും ഈ 'മൂന്നാംകിട സാഹിത്യകാരന്മാർക്ക്' അമിത പ്രാധാന്യം നൽകുന്നതായും അദ്ദേഹം കുറ്റപ്പെടുത്തി.
പാർട്ടിയുടെയും സർക്കാരിന്റെയും സഹായത്തോടെ നിരവധി അവാർഡുകൾ നേടിയവരും സാംസ്കാരിക സ്ഥാപനങ്ങളിൽ ഭാരവാഹിത്വം വഹിക്കുന്നവരുമാണ് നിലവിൽ സി.പി.എം വേദികളിൽ പ്രത്യക്ഷപ്പെടുന്നതെന്ന് ചെറിയാൻ ഫിലിപ്പ് ആരോപിച്ചു. രാജഭരണകാലത്തെ കൊട്ടാരം വിദൂഷകരെപ്പോലെ അധികാരിവർഗ്ഗത്തിന് സ്തുതിഗീതം പാടുന്ന വൈതാളികവൃന്ദമാണ് ഇവരെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ഒമ്പത് വർഷമായി ജനജീവിതത്തെ ബാധിക്കുന്ന നിരവധി പ്രശ്നങ്ങളിൽ മൗനം പാലിച്ചവരാണ് നിലമ്പൂരിൽ 'രാഷ്ട്രീയ ചുടലനൃത്തം' നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രണ്ട് സിനിമകൾക്ക് ദേശീയോദ്ഗ്രഥനത്തിനുള്ള ദേശീയ-സംസ്ഥാന അവാർഡുകൾ നേടിയ മികച്ച സാംസ്കാരിക പ്രവർത്തകനായ ആര്യാടൻ ഷൗക്കത്തിനെ എതിർക്കാൻ രാഷ്ട്രീയ തിമിരം ബാധിച്ച ഈ കപട ബുദ്ധിജീവികൾക്ക് യാതൊരു മടിയുമില്ലെന്നും ചെറിയാൻ ഫിലിപ്പ് കുറ്റപ്പെടുത്തി.











