
കൊച്ചി: ചേരാനല്ലൂർ വാഹനാപകടക്കേസിൽ അന്വേഷണം ശക്തമാക്കി ക്രൈംബ്രാഞ്ച്. അപകടത്തിൽപ്പെട്ട പതിനേഴുകാരന്റെ പിതാവും കേസിൽ പ്രതിയുമായ അഡിഷനൽ ജഡ്ജിയുടെ ആലുവയിലെ ഫ്ലാറ്റിൽ അന്വേഷണസംഘം പരിശോധന നടത്തി. ഫ്ലാറ്റിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച ഉദ്യോഗസ്ഥർ ഡിജിറ്റൽ ഉപകരണങ്ങളും പതിനേഴുകാരൻ ഉപയോഗിച്ചിരുന്നതായി കരുതുന്ന ആഡംബര ബൈക്കും കസ്റ്റഡിയിലെടുത്തു. ഫ്ലാറ്റിലെ സെക്യൂരിറ്റി ജീവനക്കാരൻ ഉൾപ്പെടെയുള്ളവരിൽനിന്നും വിവരങ്ങൾ ശേഖരിച്ചു.
രാത്രി ഒൻപതോടെ ആരംഭിച്ച പരിശോധന പുലർച്ചെ മൂന്നരയ്ക്കു ശേഷമാണ് അവസാനിച്ചത്. ഹൈക്കോടതിയുടെ അനുമതി തേടിയ ശേഷമായിരുന്നു പരിശോധന. ജഡ്ജിയെ അറസ്റ്റ് ചെയ്യുന്നതിനായി ഹൈക്കോടതിയുടെ അനുമതി കാത്തിരിക്കുകയാണ് അന്വേഷണസംഘം. കേസിന്റെ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്തിട്ടുണ്ട്.
അപകടത്തിൽ മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം ജഡ്ജിക്കെതിരെ നടപടിയാവശ്യപ്പെട്ട് ഇന്ന് ഹൈക്കോടതിയെ സമീപിക്കും. ജഡ്ജിയെ സർവീസിൽനിന്ന് നീക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. ജഡ്ജിക്കെതിരായ വകുപ്പുതല നടപടിയും ഹൈക്കോടതിയുടെ പരിഗണനയിലാണ്. പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം ജില്ലാ കോടതിയെയും സമീപിക്കും.
അതേസമയം, ഇന്നലെ രാത്രി ചേരാനല്ലൂർ പൊലീസ് സ്റ്റേഷനിലെത്തിയ ജയബാലകൃഷ്ണന്റെ മക്കൾ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി ദീർഘനേരം ചർച്ച നടത്തി. കേസിൽ ഇതുവരെ സ്വീകരിച്ച നടപടികൾ ഉദ്യോഗസ്ഥർ കുടുംബത്തെ വിശദീകരിച്ചു. തുടർനടപടികളിൽ ഹൈക്കോടതിയുടെ തീരുമാനം നിർണായകമാണെന്നും ബന്ധപ്പെട്ട രേഖകൾ ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥർ വ്യക്തമാക്കി.
കേസിൽ കുട്ടിയുടെ പിതാവും അപകടത്തിനിടയാക്കിയ കാറിന്റെ ഉടമയുമായ അഡിഷനൽ ജഡ്ജിയിൽനിന്ന് പൊലീസ് നേരത്തെ വിശദാംശങ്ങൾ തേടിയിരുന്നു. ജഡ്ജിക്കെതിരായ നടപടികൾ തീരുമാനിക്കുന്നതിനായി ഹൈക്കോടതി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി യോഗം ചേരും.
അപകടവുമായി ബന്ധപ്പെട്ട് കുറ്റകരമായ നരഹത്യാ വകുപ്പ് ചുമത്തിയ സാഹചര്യത്തിൽ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചിട്ടുണ്ട്. കുട്ടി സ്ഥിരമായി അമിതവേഗത്തിൽ വാഹനം ഓടിക്കാറുണ്ടെന്നാണ് പൊലീസ് കോടതിയിൽ സമർപ്പിച്ച അപേക്ഷയിലെ ആരോപണം.
പതിനേഴുകാരന് 25 വയസ്സ് തികയുന്നതുവരെ ഡ്രൈവിങ് ലൈസൻസ് അനുവദിക്കുന്നത് തടയുന്നതിനുള്ള നടപടികളും മോട്ടോർ വാഹന വകുപ്പ് ആരംഭിച്ചിട്ടുണ്ട്. അപകടത്തിനിടയാക്കിയ കാറിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് (ആർസി) സസ്പെൻഡ് ചെയ്യാനും നീക്കമുണ്ട്.










