
കൊച്ചി: ചേരാനല്ലൂരിൽ മെഴ്‌സിഡസ് ബെൻസ് കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് 55കാരനായ ജയബാലകൃഷ്ണൻ മരിച്ച കേസിൽ, പ്രതിയായ 17കാരന് അനുവദിച്ച ജാമ്യം ചോദ്യം ചെയ്ത് കുടുംബം കേരള ഹൈക്കോടതിയെ സമീപിച്ചു. ജാമ്യം അനുവദിച്ച ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ ഉത്തരവും ജാമ്യം റദ്ദാക്കാൻ വിസമ്മതിച്ച എറണാകുളം ചിൽഡ്രൻസ് കോടതിയുടെ ഉത്തരവുമാണ് കുടുംബം ചോദ്യം ചെയ്യുന്നത്.
ഒക്ടോബർ 25ന് പുലർച്ചെയായിരുന്നു അപകടം. 17കാരൻ ഓടിച്ചിരുന്നുവെന്ന് പൊലീസ് ആരോപിക്കുന്ന കാർ ജയബാലകൃഷ്ണന്റെ സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നു. അശ്രദ്ധമൂലം മരണം സംഭവിച്ചതിന് ഭാരതീയ ന്യായ സംഹിതയിലെ (ബിഎൻഎസ്) 106-ാം വകുപ്പ് പ്രകാരമാണ് ചേരാനല്ലൂർ പൊലീസ് ആദ്യം കേസെടുത്തത്. ആ ഘട്ടത്തിൽ 17കാരനെ ജാമ്യത്തിൽ വിട്ടു. പിന്നീട്, കൊലപാതകത്തിന്റെ പരിധിയിൽപ്പെടാത്ത നരഹത്യയ്ക്കുള്ള ശിക്ഷ വ്യവസ്ഥ ചെയ്യുന്ന 105-ാം വകുപ്പ് കൂടി ചേർത്ത ശേഷം പൊലീസ് കുട്ടിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കി. ബോർഡ് ജാമ്യം അനുവദിച്ചു.
ബോർഡിന്റെ ഉത്തരവിനെതിരെ സംസ്ഥാന സർക്കാരും ജയബാലകൃഷ്ണന്റെ കുടുംബവും എറണാകുളം ചിൽഡ്രൻസ് കോടതിയിൽ വെവ്വേറെ അപ്പീലുകൾ നൽകി. ജുവനൈൽ ജസ്റ്റിസ് നിയമത്തിലെ 12-ാം വകുപ്പ് പ്രകാരം നിയമവുമായി സംഘർഷത്തിലായ കുട്ടികൾക്ക് ജാമ്യം അനുവദിക്കുകയാണ് പൊതുനിയമമെന്നും, വകുപ്പ് നിർദേശിക്കുന്ന ഒഴിവുകൾ ബാധകമായാൽ മാത്രമേ ജാമ്യം നിഷേധിക്കാനാകൂവെന്നും ചൂണ്ടിക്കാട്ടി കോടതി ജാമ്യം റദ്ദാക്കാൻ വിസമ്മതിച്ചു. ചുമത്തിയ കുറ്റം നിയമത്തിലെ ‘ഹീനമായ കുറ്റകൃത്യം’ എന്ന വിഭാഗത്തിൽപ്പെടാത്തതിനാൽ ഈ കേസിൽ കുട്ടിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യേണ്ട സാഹചര്യമുണ്ടായിരുന്നില്ലെന്നും കോടതി വിലയിരുത്തിയതായി ലൈവ്‌ലോ റിപ്പോർട്ട് ചെയ്തു.
കേസിൽ പ്രതിചേർക്കപ്പെട്ട 17കാരന്റെ പിതാവായ ജില്ലാ ജഡ്ജിക്ക് കഴിഞ്ഞ ആഴ്ച ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ബിഎൻഎസിലെ 105-ാം വകുപ്പും മോട്ടോർ വാഹന നിയമത്തിലെ 181, 183, 199A വകുപ്പുകളും പ്രകാരമാണ് പൊലീസ് അദ്ദേഹത്തിനെതിരെ കേസെടുത്തത്.











