
കൊച്ചി: ചേരാനല്ലൂരിൽ സ്കൂട്ടർ യാത്രക്കാരൻ ജയബാലകൃഷ്ണൻ മരിച്ച വാഹനാപകടക്കേസിൽ പ്രതിയായ 17കാരന്റെ മൊഴി അന്വേഷണസംഘം വീണ്ടും രേഖപ്പെടുത്തി. അഡീഷണൽ ജില്ലാ ജഡ്ജിയുടെ മകനായ കൗമാരക്കാരന്റെ മൊഴി ഇന്നലെയാണ് പൊലീസ് രേഖപ്പെടുത്തിയത്. പിതാവിന്റെ സാന്നിധ്യമില്ലാതെ മൊഴിയെടുക്കാൻ അന്വേഷണസംഘം കോടതിയുടെ പ്രത്യേക അനുമതി നേടിയിരുന്നു. സോഷ്യൽ ബാക്ക്ഗ്രൗണ്ട് റിപ്പോർട്ട് തയ്യാറാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നാണ് പൊലീസിന്റെ വിശദീകരണം.
നേരത്തെയും കാർ, ബൈക്ക് ഉൾപ്പെടെയുള്ള വാഹനങ്ങൾ ഓടിച്ചിട്ടുണ്ടെന്ന് 17കാരൻ മൊഴി നൽകിയതായാണ് വിവരം. ബൈക്കിൽ സ്കൂളിൽ പോയിട്ടുണ്ടെന്നും ഇയാൾ സമ്മതിച്ചിട്ടുണ്ട്. എന്നാൽ വാഹനമോടിക്കുന്ന വിവരം പിതാവിന് അറിയില്ലായിരുന്നുവെന്നും അച്ഛനറിയാതെയാണ് വാഹനങ്ങൾ ഉപയോഗിച്ചിരുന്നതെന്നുമാണ് മൊഴി. കേസുമായി ബന്ധപ്പെട്ട സോഷ്യൽ ബാക്ക്ഗ്രൗണ്ട് റിപ്പോർട്ട് നാളെ കോടതിയിൽ സമർപ്പിക്കും.
കഴിഞ്ഞ ഒക്ടോബർ 25ന് പുലർച്ചെ 2.20ഓടെയാണ് ചേരാനല്ലൂർ കണ്ടെയ്നർ റോഡിൽ മരപ്പറമ്പിലെ ഫോർഡ് ഷോറൂമിന് സമീപം അപകടമുണ്ടായത്. 17കാരൻ ഓടിച്ച ബെൻസ് കാർ സ്കൂട്ടറിൽ ഇടിച്ചാണ് ജയബാലകൃഷ്ണൻ മരിച്ചത്. മഴ പെയ്തുകൊണ്ടിരിക്കെ മണിക്കൂറിൽ 108 കിലോമീറ്ററിലധികം വേഗത്തിലായിരുന്നു കാർ ഓടിച്ചിരുന്നതെന്നാണ് കേസ് സംബന്ധിച്ച ആരോപണം.
വാഹനമോടിക്കുന്നതിനിടെ ഒരു കൈകൊണ്ട് സ്റ്റിയറിങ് നിയന്ത്രിക്കുകയും മറുകൈകൊണ്ട് മൊബൈൽ ഫോണിൽ സ്പീഡോമീറ്ററിലെ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തെന്നാണ് മരിച്ച ജയബാലകൃഷ്ണന്റെ മക്കൾ കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ആരോപിച്ചിരിക്കുന്നത്. അപകടത്തിന്റെ സാഹചര്യങ്ങളും പ്രതിയുടെ മുൻകാല വാഹനമോടിക്കൽ ശീലങ്ങളും കേസിൽ നിർണായകമാകുമെന്നാണ് വിലയിരുത്തൽ.










