01:07pm 27 October 2026
NEWS
ചേരാനെല്ലൂർ അപകടം: പ്രായപൂർത്തിയാകാത്ത മകന് കാർ നൽകിയ ജഡ്ജിക്കെതിരെ കേസെടുത്തു
26/10/2026  10:46 AM IST
nila
ചേരാനെല്ലൂർ അപകടം: പ്രായപൂർത്തിയാകാത്ത മകന് കാർ നൽകിയ ജഡ്ജിക്കെതിരെ കേസെടുത്തു

 

കൊച്ചി: ചേരാനെല്ലൂരിൽ ബെൻസ് കാറിടിച്ച് സ്‌കൂട്ടർ യാത്രികനായ ജയപാലകൃഷ്ണൻ മരിച്ച സംഭവത്തിൽ കാർ ഓടിച്ച 17-കാരന്റെ പിതാവായ ജഡ്ജിക്കെതിരേയും പോലീസ് കേസെടുത്തു. ഇരിങ്ങാലക്കുട മോട്ടർ ആക്സിഡന്റ് ക്ലെയിംസ് ട്രിബ്യൂണലിന്റെ ചുമതലയുള്ള അഡീഷണൽ ജില്ലാ ജഡ്ജിക്കെതിരെയാണ് നടപടി. ജഡ്ജിയുടെ ഉടമസ്ഥതയിലുള്ള കാർ പ്രായപൂർത്തിയാകാത്ത മകന് ഓടിക്കാൻ നൽകിയതിനാണ് കേസെടുത്തത്. അപകടത്തിൽ മരിച്ച ജയപാലകൃഷ്ണന്റെ കുടുംബം ഉന്നയിച്ച പരാതികൾ അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ (എസ്‌ഐടി) രൂപവത്കരിക്കാനും തീരുമാനമായിട്ടുണ്ട്.

അപകടവുമായി ബന്ധപ്പെട്ട് ഭാരതീയ ന്യായ സംഹിതയിലെ (ബിഎൻഎസ്) 106-ാം വകുപ്പ് ഉൾപ്പെടെ ചുമത്തിയാണ് 17-കാരനെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കിയത്. മുൻകാല കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടില്ലെന്ന കാര്യം പരിഗണിച്ച് ബോർഡ് കുട്ടിക്ക് ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ, കേസിലെ നടപടികളിൽ അതൃപ്തി പ്രകടിപ്പിച്ച ജയപാലകൃഷ്ണന്റെ കുടുംബം, അച്ഛന് നീതി ലഭിക്കുന്നതുവരെ പ്രതിഷേധം തുടരുമെന്ന് വ്യക്തമാക്കി.

പോലീസ് പ്രതിക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചതെന്നും ഇതോടെ പോലീസിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും കുടുംബം ആരോപിച്ചു. മെഡിക്കൽ കോളേജ് മോർച്ചറിയിൽനിന്ന് ജയപാലകൃഷ്ണന്റെ മൃതദേഹം വിട്ടുകിട്ടാൻ 12 മണിക്കൂറോളം കാത്തിരിക്കേണ്ടിവന്നപ്പോൾ, അപകടമുണ്ടാക്കിയ 17-കാരനെ നിമിഷങ്ങൾക്കുള്ളിൽ പോലീസ് സ്റ്റേഷനിൽനിന്ന് ജാമ്യത്തിൽ വിട്ടയച്ചെന്നാണ് മക്കളുടെ ആരോപണം. സംഭവത്തിൽ നീതി ഉറപ്പാക്കണമെന്ന ആവശ്യവുമായി കുടുംബം പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img