07:45pm 27 October 2026
NEWS
ചേരാനല്ലൂർ അപകടമരണം: കാറോടിച്ച പതിനേഴുകാരന്റെ പിതാവായ ജഡ്ജിയെ സസ്പെൻഡ് ചെയ്തേക്കും; ജഡ്ജിയുടെ പെരുമാറ്റം ജുഡീഷ്യറിയുടെ വിശ്വാസ്യതയ്ക്ക് തിരിച്ചടിയായെന്ന് ചീഫ് ജസ്റ്റിസിന് റിപ്പോർട്ട്
27/10/2026  08:47 AM IST
nila
ചേരാനല്ലൂർ അപകടമരണം: കാറോടിച്ച പതിനേഴുകാരന്റെ പിതാവായ ജഡ്ജിയെ സസ്പെൻഡ് ചെയ്തേക്കും; ജഡ്ജിയുടെ പെരുമാറ്റം ജുഡീഷ്യറിയുടെ വിശ്വാസ്യതയ്ക്ക് തിരിച്ചടിയായെന്ന് ചീഫ് ജസ്റ്റിസിന് റിപ്പോർട്ട്

കൊച്ചി: പതിനേഴുകാരൻ ഓടിച്ച കാറിടിച്ച് തട്ടുകടയുടമ മരിച്ച സംഭവത്തിൽ, കുട്ടിയുടെ പിതാവും കാറിന്റെ ഉടമയുമായ അഡിഷനൽ ജഡ്ജിയെ ഉടൻ സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പോർട്ട്ഫോളിയോ ജഡ്ജി ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്തുനൽകി. ജഡ്ജിയുടെ പെരുമാറ്റം ജുഡീഷ്യറിയുടെ വിശ്വാസ്യതയ്ക്ക് തിരിച്ചടിയായെന്നും കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സംഭവത്തിൽ ഹൈക്കോടതി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ഇന്ന് തീരുമാനമെടുത്തേക്കും.

ഔദ്യോഗിക ആവശ്യങ്ങൾക്കല്ലാതെ ജുഡീഷ്യൽ ഉദ്യോഗസ്ഥർ നേരിട്ട് പൊലീസ് സ്റ്റേഷനിലെത്തുന്നതുമായി ബന്ധപ്പെട്ട സുപ്രീം കോടതി നിർദേശങ്ങൾ ഉൾപ്പെടെ പരിശോധിച്ച ശേഷമായിരിക്കും തുടർനടപടി. സംഭവത്തിൽ അഡിഷനൽ ജഡ്ജിക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

പറവൂർ മാഞ്ഞാലി താമരമുക്ക് പുത്തൻപറമ്പിൽ ജയബാലകൃഷ്ണൻ (55) ആണ് ഞായറാഴ്ച പുലർച്ചെ ചേരാനല്ലൂരിലുണ്ടായ വാഹനാപകടത്തിൽ മരിച്ചത്. പ്രായപൂർത്തിയാകാത്തയാൾ വാഹനമോടിച്ച് അപകടമുണ്ടാക്കിയാൽ വാഹന ഉടമയ്ക്കോ രക്ഷിതാവിനോ എതിരെ നടപടിയെടുക്കാൻ വ്യവസ്ഥ ചെയ്യുന്ന മോട്ടർ വാഹന നിയമത്തിലെ 199എ വകുപ്പ് പ്രകാരമാണ് കേസ്. കുറ്റം തെളിഞ്ഞാൽ മൂന്നുവർഷം വരെ തടവും 25,000 രൂപ പിഴയും ലഭിക്കാവുന്ന വകുപ്പാണിത്.

അപകടമുണ്ടായി 32 മണിക്കൂറിനു ശേഷമാണ് പൊലീസ് കേസെടുത്തത്. ജയബാലകൃഷ്ണന്റെ കുടുംബം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയതിനു പിന്നാലെയായിരുന്നു നടപടി. എന്നാൽ, ജഡ്ജിക്കെതിരെ കേസെടുക്കുന്നതിനായി ഹൈക്കോടതിയുടെ അനുമതി തേടേണ്ടിവന്നതാണ് കാലതാമസത്തിന് കാരണമെന്നാണ് പൊലീസിന്റെ വിശദീകരണം.

ജയബാലകൃഷ്ണന്റെ മക്കൾ തിങ്കളാഴ്ചയും ചേരാനല്ലൂർ പൊലീസ് സ്റ്റേഷനു മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. അടിയന്തര ഇടപെടൽ നടത്തുമെന്ന് മന്ത്രി രമേശ് ചെന്നിത്തല ഉറപ്പുനൽകിയതിനെ തുടർന്ന് രാത്രി ഒൻപതോടെയാണ് സമരം അവസാനിപ്പിച്ചത്.

ഇന്ന് എഡിജിപി പി. വിജയൻ ജയബാലകൃഷ്ണന്റെ കുടുംബത്തെ സന്ദർശിക്കും. മുഖ്യമന്ത്രി വി.ഡി. സതീശൻ മരിച്ച ജയബാലകൃഷ്ണന്റെ മകൾ ഭദ്രകീർത്തിയുമായി ഫോണിൽ സംസാരിക്കുകയും ചെയ്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img