
ന്യൂഡൽഹി: ചെക്ക് ബൗൺസ് കേസുകൾ വേഗത്തിൽ തീർപ്പാക്കാൻ സുപ്രീം കോടതി വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി. ചെക്ക് കേസുകളുടെ വിചാരണ വൈകുന്നത് പാർലമെന്റിന്റെ ലക്ഷ്യത്തിന് വിരുദ്ധമാണെന്ന് കോടതി നിരീക്ഷിച്ചു. കേസിലെ പ്രതിക്ക് പ്രി-കോഗ്നിസൻസ് സമൻസ് അയക്കേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി.
ചെക്കുകളിലുള്ള പൊതുജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടാൻ വിചാരണയിലെ കാലതാമസം കാരണമാവുമെന്നും ഇത് സമ്പദ്‌വ്യവസ്ഥയെ തന്നെ ബാധിക്കുമെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഒരു കേസുമായി ബന്ധപ്പെട്ട് കീഴ്ക്കോടതികളുടെ വിധിയിൽ ഹൈക്കോടതി ഇടപെട്ടത് തെറ്റായിരുന്നെന്നും സുപ്രീം കോടതി പറഞ്ഞു. ഈ കേസിൽ ഹൈക്കോടതി വിധി റദ്ദാക്കിയ സുപ്രീം കോടതി കീഴ്ക്കോടതികളുടെ വിധി ശരിവച്ചു.
ഒരു ചെക്ക് ബൗൺസ് കേസിൽ പ്രതി നോട്ടീസിന് മറുപടി നൽകാത്തത് പ്രതികൂലമായ അനുമാനങ്ങൾക്ക് കാരണമാവുമെന്ന് കോടതി വ്യക്തമാക്കി. ഒപ്പിട്ട ചെക്ക് ദുരുപയോഗം ചെയ്തു എന്ന പ്രതിയുടെ വാദം വിശ്വസനീയമല്ലെന്നും കോടതി നിരീക്ഷിച്ചു. ഈ മാർഗ്ഗനിർദ്ദേശങ്ങൾ ചെക്ക് കേസുകളുടെ വിചാരണ വേഗത്തിലാക്കാൻ സഹായിക്കുമെന്ന് കരുതുന്നു.











