
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ അന്താരാഷ്ട്ര ബന്ധങ്ങൾ സംശയിച്ച് കോൺഗ്രസ് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തല രംഗത്ത്. പുരാവസ്തുക്കൾ അന്താരാഷ്ട്ര കരിഞ്ചന്തയിൽ വിറ്റഴിക്കുന്ന സംഘങ്ങൾക്ക് മോഷണത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് ചെന്നിത്തല സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം (എസ്.ഐ.ടി) തലവൻ എ.ഡി.ജി.പി വെങ്കടേഷിന് കത്ത് നൽകി.
500 കോടി ഇടപാട്, മന്ത്രിമാർ ജയിലിൽ പോകും!
ഈ വിഷയത്തിൽ തനിക്ക് ലഭിച്ച വിവരങ്ങൾ സംബന്ധിച്ച് ഡിസംബർ 10-ന് ചെന്നിത്തല എസ്.ഐ.ടിക്ക് മൊഴി നൽകും. ദേവസ്വം ബോർഡിലെ ഉന്നതർക്ക് ഇത്തരം സംഘങ്ങളുമായി ബന്ധമുണ്ടായിരുന്നതായി തനിക്ക് വിശ്വസനീയമായ വിവരം ലഭിച്ചിട്ടുണ്ട്. "500 കോടിക്കടുത്തുള്ള ഇടപാടാണ് സ്വർണപ്പാളിയിൽ നടന്നിരിക്കുന്നത്. വിവരങ്ങൾ സ്വതന്ത്രമായി പരിശോധിച്ചതിൽ ചില യാഥാർത്ഥ്യങ്ങളുണ്ടെന്ന് മനസ്സിലാക്കി," ചെന്നിത്തല പറഞ്ഞു.
ഇപ്പോൾ അറസ്റ്റിലായവർ സഹപ്രതികൾ മാത്രമാണ്, മുഖ്യസംഘാടകർ ഇപ്പോഴും വലയിലായിട്ടില്ല.
ചോദ്യം ചെയ്യപ്പെട്ട ആഭരണവ്യാപാരി ഗോവർധൻ ഇടനിലക്കാരൻ മാത്രമാണ്.
രാജ്യാന്തര ബന്ധങ്ങളും സാമ്പത്തിക സ്രോതസ്സുമുള്ളവരും, സംസ്ഥാനത്തിനകത്തെ വ്യവസായികളും സംഘടിത റാക്കറ്റുകളും ഇതിന് പിന്നിൽ പ്രവർത്തിച്ചിട്ടുണ്ട്.
വിവരം നൽകിയ വ്യക്തി അന്വേഷണ സംഘവുമായി സഹകരിക്കാനും കോടതിയിൽ മൊഴി നൽകാനും തയ്യാറാണെന്നും ചെന്നിത്തല അറിയിച്ചു. കൂടുതൽ വിവരങ്ങൾ പുറത്തുവരുമ്പോൾ മന്ത്രിമാരടക്കമുള്ളവർ ജയിലിൽ പോകുമെന്നും അദ്ദേഹം പറഞ്ഞു.
വിശദമായ അന്വേഷണത്തിന് എസ്.ഐ.ടി തയ്യാറായാൽ കൂടുതൽ വിവരങ്ങൾ കൈമാറാൻ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.











