
കെപിസിസി സംഘടിപ്പിച്ച ചടങ്ങിൽ പങ്കെടുത്തതിന്റെ പേരിൽ മുതിർന്ന സിപിഎം നേതാവ് ജി.സുധാകരനെതിരെ ഇടത് പ്രൊഫൈലുകൾ നടത്തുന്ന സൈബർ ആക്രമണത്തെ വിമർശിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ജി സുധാകരനെ വളഞ്ഞിട്ട് ആക്രമിക്കുന്ന സൈബർ സഖാക്കൾ ആ പ്രവർത്തനം നിർത്തണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. പൊതുജീവിതത്തിൽ നിൽക്കുന്ന വ്യക്തികളോട് ചെയ്യേണ്ട കാര്യമല്ല ഇപ്പോൾ നടക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആലപ്പുഴയിലും അമ്പലപ്പുഴയിലും എല്ലാ ചടങ്ങുകളിലും പങ്കെടുക്കുന്നയാളുകളാണ് ജി സുധാകരനെന്നും ചെന്നിത്തല പറഞ്ഞു. അദ്ദേഹത്തെപ്പോലൊരു സീനിയർ നേതാവിനെ വളരെ മോശമായി പാർട്ടി സഖാക്കൾതന്നെ സൈബറിടങ്ങളിൽ ആക്രമിക്കുന്നത് അപലപനീയമാണ്. അതവസാനിപ്പിക്കാൻ പാർട്ടി നേതൃത്വം മുൻകയ്യെടുക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
കെപിസിസിയുടെ പരിപാടിയിൽ ജി. സുധാകരൻ പങ്കെടുത്തത് കോൺഗ്രസിന്റെ ക്ഷണപ്രകാരമാണെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. അതിലൊരു തെറ്റുമില്ല. ഗാന്ധിജിയുടേയും ശ്രീനാരായണഗുരുവിന്റെയും സമാഗമത്തിന്റെ 100 വർഷം പൂർത്തിയായപ്പോൾ രാഷ്ട്രീയത്തിനതീതമായി നടത്തിയ പരിപാടിയായിരുന്നു അതെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.











