
ലൈംഗികാതിക്രമം നടത്തിയെന്ന ചെന്നൈയിൽ വനിതാ കോൺസ്റ്റബിളിന്റെ പരാതിയെ തുടർന്ന് സസ്പെൻഷനിലായ ഐപിഎസ് ഉദ്യോഗസ്ഥനെ പിന്തുണച്ച് ഭാര്യ. ചെന്നൈ നോർത്ത് ട്രാഫിക് ജോയിൻറ് കമ്മീഷണർ ഡി.മാഗേഷ് കുമാറിന്റെ ഭാര്യ അനുരാധയാണ് പരാതിക്കാരിക്കെതിരെ ആരോപണവുമായി രംഗത്തെത്തിയത്. തന്റെ ഭർത്താവുമായി പരാതിക്കാരിയായ വനിതാ കോൺസ്റ്റബിളിന് രണ്ടുവർഷത്തിലേറെയായി അവിഹിത ബന്ധമുണ്ടെന്നാണ് അനുരാധയുടെ ആരോപണം. തന്റെ ഭർത്താവ് പരാതിക്കാരിയുമായി ഹോട്ടലിൽ പോയതിന്റെ സിസിടിവി ദൃശ്യങ്ങളുണ്ടെന്നും ഇവർ പറഞ്ഞു. മാഗേഷ് കുമാർ സ്വർണവും പണവുമൊക്കെ യുവതിക്ക് നൽകിയിട്ടുണ്ടെന്നും കൂടുതൽ പണം ചോദിച്ചത് നൽകാതെ വന്നതോടെയാണ് പീഡന പരാതി ഉന്നയിച്ചത് എന്നുമാണ് അനുരാധ വ്യക്തമാക്കുന്നത്.
കഴിഞ്ഞ ദിവമാണ് ചെന്നൈ നോർത്ത് ട്രാഫിക് ജോയിൻറ് കമ്മീഷണർ ഡി.മാഗേഷ് കുമാറിനെ സസ്പെൻഡ് ചെയ്തത്. ഇതിന് പിന്നാലെയാണ് അനുരാധ വാർത്താ സമ്മേളനം നടത്തി പരാതിക്കാരിക്കെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്. വനിതാ കോൺസ്റ്റബളിൻറെ പരാതിയിൽ വനിതാ ഡിജിപി പ്രാഥമിക പരിശോധന നടത്തുന്നതിനിടെ മറ്റൊരു കോൺസ്റ്റബിളും മാഗേഷിനെതിരെ പരാതി നൽകിയതായി റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ ഭർത്താവിനെതിരെ ഡിജിപി തിടുക്കത്തിൽ പക്ഷപാതപരാമായ നടപടി എടുത്തെന്നും തനിക്ക് പറയാനുള്ളത് കേൾക്കേണ്ടിയിരുന്നു എന്നുമാണ് മാഗേഷ് കുമാറിൻറെ ഭാര്യ അനുരാധയുടെ നിലപാട്.
പരാതിക്കാരിയായ വനിത കോൺസ്റ്റബിൾ പലപ്പോഴായി മാഗേഷിൻറെ കൈയിൽ നിന്ന് പണവും സ്വർണവും സ്വന്തമാക്കി. ചെങ്കൽപ്പേട്ടിലെ വീട് നിർമ്മാണത്തിനായി 25 ലക്ഷം രൂപ ചോദിച്ചപ്പോൾ നൽകാത്തതിലെ പക കാരണമാണ് ഭർത്താവിനെതിരെ അവർ പരാതി നൽകിയതെന്നും അനുരാധ പറഞ്ഞു. വിവാഹവാർഷിക ദിനത്തിൽ മാഗേഷിനെ സസ്പെൻഡ് ചെയ്ചത് ബോധപൂർവ്വമാണെന്നും ഇതിൽ വേദനയുണ്ടെന്നും അനുരാധ പറഞ്ഞു. എസ്ഐ ആയിരുന്ന അനുരാധ മാഗേഷുമായുള്ള വിവാഹത്തിന് പിന്നാലെ സർവ്വീസിൽ നിന്ന് രാജിവച്ചിരുന്നു. മെഡിക്കൽ അവധിയിലാണ് മാഗേഷ് കുമാർ.











