
നിത്യോപയോഗ സാധനങ്ങൾ മുതൽ വിലയേറിയ ഗാഡ്ജറ്റുകൾ വരെ ഇന്ത്യക്കാർ ‘ക്വിക് കൊമേഴ്‌സ്’ പ്ലാറ്റ്ഫോമുകൾ വഴി വാങ്ങുന്ന പ്രവണത വർഷംതോറും ശക്തമാകുന്നെന്ന് റിപ്പോർട്ട്. സ്വിഗ്ഗി ഇൻസ്റ്റാമാർട്ടിന്റെ 2025ലെ വാർഷിക റിപ്പോർട്ടിലാണ് ഇതുസംബന്ധിച്ച സൂചനയുള്ളത്. ഇന്ത്യക്കാരുടെ വാങ്ങൽശീലങ്ങളിൽ വന്ന വലിയ മാറ്റങ്ങൾ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
റിപ്പോർട്ടിലെ ഏറ്റവും ശ്രദ്ധേയമായ കണക്കുകളിൽ ഒന്ന് ചെന്നൈയിൽ നിന്നാണ്. അവിടുത്തെ ഒരു ഉപഭോക്താവ് ഗർഭനിരോധന ഉറകൾ മാത്രം വാങ്ങാനായി ഒരു വർഷം ചെലവഴിച്ചത് ഒരു ലക്ഷത്തിലധികം രൂപ. 228 തവണകളായി നടത്തിയ ഓർഡറുകളുടെ മൊത്തം തുക 1,06,398 രൂപയായി. ഇൻസ്റ്റാമാർട്ടിലെ കണക്കുകൾ പ്രകാരം ഓരോ 127 ഓർഡറുകളിലും ഒന്ന് കോണ്ടം പാക്കറ്റുകളാണ്. ആവശ്യകത ഏറ്റവും കൂടുതൽ ഉയർന്നത് സെപ്റ്റംബർ മാസത്തിലാണെന്നും (24% വർധന) റിപ്പോർട്ട് പറയുന്നു.
ഇതിന് പുറമെ, വിവിധ നഗരങ്ങളിൽ നിന്നുള്ള ചില ‘വമ്പൻ’ ഇടപാടുകളും കൗതുകമുണർത്തുന്നു. ബെംഗളൂരുവിലെ ഒരാൾ ഒരൊറ്റ ഓർഡറിലൂടെ മൂന്ന് ഐഫോണുകൾ വാങ്ങി 4.3 ലക്ഷം രൂപ ചെലവഴിക്കുകയായിരുന്നു. ഇതോടെ 2025ലെ ഇൻസ്റ്റാമാർട്ടിലെ ഏറ്റവും വലിയ ചെലവുകാരൻ എന്ന പദവിയും അദ്ദേഹത്തിനായി. നോയിഡയിൽ നിന്നുള്ള മറ്റൊരു ഉപഭോക്താവ് ബ്ലൂടൂത്ത് സ്പീക്കറുകളും റോബോട്ടിക് വാക്വം ക്ലീനറുകളും ചേർത്ത് 2.69 ലക്ഷം രൂപയുടെ ഓർഡർ നൽകി.
മുംബൈയിൽ റെഡ് ബുൾ ഷുഗർ ഫ്രീയ്ക്ക് മാത്രമായി ഒരു ഉപഭോക്താവ് 16.3 ലക്ഷം രൂപ ചെലവാക്കിയതും റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം, ചെന്നൈയിൽ നിന്നുള്ള മറ്റൊരാൾ വളർത്തുമൃഗങ്ങളുടെ ഭക്ഷണവും അനുബന്ധ സാധനങ്ങളും വാങ്ങാൻ 2.41 ലക്ഷം രൂപയാണ് ചെലവിട്ടത്.
ടിപ്പ് നൽകുന്നതിലും ബെംഗളൂരു മുന്നിലാണ്. അവിടുത്തെ ഒരു ഉപഭോക്താവ് ഡെലിവറി പങ്കാളികൾക്ക് ടിപ്പായി മാത്രം നൽകിയത് 68,600 രൂപയാണെന്ന് റിപ്പോർട്ട് പറയുന്നു.
ചെറിയ ആവശ്യങ്ങൾക്കും ആഡംബര വസ്തുക്കൾക്കും ഒരുപോലെ ക്വിക് കൊമേഴ്‌സ് ആപ്പുകളെ ഇന്ത്യക്കാർ ആശ്രയിക്കുന്ന കാലത്തിലേക്കാണ് ഈ കണക്കുകൾ വിരൽചൂണ്ടുന്നത്. നിത്യജീവിതത്തിന്റെ ഭാഗമായിട്ടാണ് ഇനി ഇൻസ്റ്റാമാർട്ട് പോലുള്ള പ്ലാറ്റ്ഫോമുകൾ രാജ്യത്തുടനീളം മാറുന്നതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.











