
അഞ്ചുമാസം പ്രായമുള്ള സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തി യുവതി. തമിഴ്നാട്ടിലെ കൃഷ്ണഗിരി ജില്ലയിലെ ചിന്നാട്ടി ഗ്രാമത്തിലാണ് സംഭവം. ഇരുപത്താറുകാരിയായ ഭാരതി എന്ന യുവതിയാണ് തന്റെ ആൺകുഞ്ഞിനെ കൊലപ്പെടുത്തിയത്. സംഭവത്തിൽ ഭാരതിയേയും ഇവരുടെ സ്വവർഗപങ്കാളി സുമിത്രയേയും പൊലീസ് അറസ്റ്റ് ചെയ്തു. സ്വകാര്യമായി സമയം ചെലവഴിക്കാനാകാതെ വന്നതാണ് കൊലപാതകത്തിന് പിന്നിലെ കാരണം എന്നാണ് ഇരുവരും പൊലീസിനോട് സമ്മതിച്ചത്. കുഞ്ഞിന്റെ മരണത്തിൽ സംശയം തോന്നിയ ഭാരതിയുടെ ഭർത്താവ് സുരേഷ് നൽകിയ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
നവംബർ 5-ന് പാൽ നൽകുന്നതിനിടെ കുഞ്ഞ് അബോധാവസ്ഥയിലായെന്ന് ഭാരതി സുരേഷിനോട് പറഞ്ഞിരുന്നു. ഉടൻ ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും കുഞ്ഞിനെ രക്ഷിക്കാനായില്ല. എന്നാൽ, കുഞ്ഞിന്റെ മരണത്തിൽ സംശയം തോന്നിയ സുരേഷ് ഭാരതിയുടെ ഫോൺ പരിശോധിച്ചപ്പോൾ, സുമിത്ര എന്ന സ്ത്രീയുമായി ഭാരതിക്ക് സ്വവർഗ ബന്ധമുണ്ടെന്ന് വ്യക്തമാകുകയായിരുന്നു.
നാലും അഞ്ചും വയസ്സുള്ള രണ്ട് പെൺകുട്ടികളും ദമ്പതികൾക്കുണ്ട്. ഇതിന് പിന്നാലെയാണ് മൂന്നാമതൊരു ആൺകുഞ്ഞ് കൂടി ജനിച്ചത്. അഞ്ചുമാസം പ്രായമുള്ള ആൺകുഞ്ഞിനുമുള്ള പരിചരണം മൂലം സ്വവർഗ ബന്ധത്തിൽ വീഴ്ചവന്നതോടെയാണ് ഭാരതിയും സുമിത്രയും ചേർന്ന് കുഞ്ഞിനെ ഇല്ലാതാക്കാൻ തീരുമാനിച്ചത് എന്നാണ് അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നത്.
ഭാരതിയും സുമിത്രയും മൂന്ന് വർഷമായി ബന്ധത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കൊലപാതക വിവരം ഭാരതി സുമിത്രയോട് പങ്കുവച്ച വാട്ട്സാപ്പ് ശബ്ദസന്ദേശം സുരേഷ് പൊലീസിന് കൈമാറിയിരുന്നു. ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയതായി പൊലീസ് സ്ഥിരീകരിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണ്.











