
ചെങ്ങന്നൂര്‍ : ബഡ്ജറ്റ് പ്രഖ്യാപനത്തിലുള്ള നഗരസഭയിലെ എല്ലാ നാട്ടുവിപണികള്‍ക്കും അരലക്ഷം രൂപയുടെ വീതം സഹായം വൈകാതെ ലഭ്യമാക്കുമെന്ന് നഗരസഭ വൈസ് ചെയര്‍മാന്‍ കെ.ഷിബുരാജന്‍ പറഞ്ഞു. നഗരസഭ കൃഷിഭവന്റെ നേതൃത്വത്തിലുള്ള ഓണം വിപണിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. നഗരസഭയിലെ നാല് നാട്ടു വിപണികള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന് അമ്പതിനായിരം രൂപയുടെ വീതം സഹായമാണ് നഗരസഭ നല്‍കുന്നത്. പദ്ധതി നടപ്പിലാക്കുന്നതിന് ജനകീയാസൂത്രണ പദ്ധതി പ്രകാരം ജില്ലാ പ്ലാനിംഗ് ബോര്‍ഡിന്റെ അംഗീകാരം ലഭിക്കുകയും നഗരസഭ തുടര്‍നടപടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ടെന്നും വൈസ് ചെയര്‍മാന്‍ കെ. ഷിബുരാജന്‍ പറഞ്ഞു.
ആദ്യ വില്പനയും വൈസ് ചെയര്‍മാന്‍ കെ.ഷിബുരാജന്‍ നിര്‍വ്വഹിച്ചു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മിനി സജന്‍ അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ റിജോ ജോണ്‍ ജോര്‍ജ്, കൗണ്‍സിലര്‍മാരായ പി.ഡി. മോഹനന്‍, എസ്. സുധാമണി, രോഹിത് പി.കുമാര്‍ നഗരസഭ സീനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സി. നിഷ, കൃഷി അസിസ്റ്റന്റ് ആര്‍. അനില്‍കുമാര്‍, കൃഷി അസിസ്റ്റന്റ് ഓഫീസര്‍ റ്റി.എസ്. രാജലക്ഷ്മി, കാര്‍ഷിക വികസന സമിതിയംഗങ്ങളായ റ്റി.കെ.സുരേഷ്, റെജി ജോണ്‍, പി.കെ. അനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ചെങ്ങന്നൂര്‍ മിനി സിവില്‍ സ്‌റ്റേഷനില്‍ നടക്കുന്ന ഓണവിപണി രാവിലെ 8 മുതല്‍ വൈകിട്ട് 7 വരെയാണ് പ്രവര്‍ത്തിക്കുന്നത്. കര്‍ഷകരില്‍ നിന്ന് 10 ശതമാനം അധിക വില നല്‍കി വാങ്ങുന്ന കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ 30 ശതമാനം വിലകുറച്ചാണ് പൊതു ജനങ്ങള്‍ക്ക് നല്‍കുന്നത്. ഓണ വിപണി നാലിന്സമാപിക്കും.











