
ചെങ്ങന്നൂർ : നിയമസഭാ തിരഞ്ഞെടുപ്പിൽ ഹരിത പെരുമാറ്റ ചട്ടം പാലിക്കണമെന്ന സന്ദേശം വോട്ടർമാർക്ക് നൽകി ചെങ്ങന്നൂർ നഗരസഭയുടെ ഹരിത ബൂത്ത് ശ്രദ്ധേയമായി. ചെങ്ങന്നൂർ നഗരസഭയിലെ ഏഴ് ബൂത്തുകളുള്ള ചെങ്ങന്നൂർ, തിട്ടമേൽ ഗവ: ഗേൾസ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലാണ് ഹരിത ബൂത്ത് തയ്യാറാക്കിയിരുന്നത്. നിയമസഭ തിരഞ്ഞെടുപ്പിലെ നഗരസഭ ഗ്രീൻ പ്രോട്ടോക്കോൾ ഓഫീസറും സീനിയർ പബ്ലിക്ക് ഹെൽത്ത് ഇൻസ്പെക്ടറുമായ സി.നിഷയുടെ നേതൃത്വത്തിലാണ് ഹരിത ബൂത്ത് നഗരസഭ തയ്യാറാക്കിയത്. പൂർണ്ണമായും ഓലയും തടിയും പേപ്പറും കൊണ്ട് തീർത്ത ഹരിത ബൂത്തിൽ കുരുത്തോലകൾ കൊണ്ട് തന്നെ ചെങ്ങന്നൂർ നഗരസഭ ഹരിത ബൂത്ത് എന്ന ബോർഡും സ്ഥാപിച്ചിരുന്നു. ചുട്ടുപൊള്ളുന്ന വെയിലത്ത് കൂജകളിൽ നിറച്ച തണുത്ത വെള്ളം കുടിക്കുന്നതിനും ഹരിത ബൂത്തിന്റെ ഭംഗി ആസ്വദിക്കുന്നതിനും നിരവധി വോട്ടർമാർ ഹരിത ബൂത്തിൽ എത്തിയിരുന്നു. ഹരിത ബൂത്തിന് മുന്നിൽ നിന്ന് സെൽഫി എടുക്കുന്നതിനുള്ള തിരക്കും ഉണ്ടായിരുന്നു. മൺചട്ടികളിൽ നട്ടുപിടിപ്പിച്ച അലങ്കാര ചെടികളും കുട്ടകളും ഹരിത ബൂത്തിനു മുന്നിലുണ്ടായിരുന്നു. നഗരസഭയുടെ ബോട്ടിൽ ബൂത്തും മുന്നിൽ സ്ഥാപിച്ചിരുന്നു. ശുചിത്വ സന്ദേശമോതുന്ന നിരവധി പോസ്റ്ററുകളും ബൂത്തിനുള്ളിൽ സ്ഥാപിച്ചിട്ടുണ്ട്. ഹരിത കർമ്മ സേനാംഗങ്ങൾക്കായിരുന്നു ഹരിത ബുത്തിൻ്റെ പരിപാലന ചുമതല. തിരഞ്ഞെടുപ്പിൽ മാത്രമല്ല എല്ലാതലങ്ങളിലും ഹരിത പ്രോട്ടോകോൾ പാലിച്ചു മുന്നോട്ടു പോകാൻ എല്ലാവരും തയ്യാറാകണമെന്ന വലിയ സന്ദേശമാണ് ഹരിത ബൂത്തിലൂടെ ഉദ്ദേശിക്കുന്നതെന്ന് സീനിയർ പബ്ലിക്ക് ഹെൽത്ത് ഇൻസ്പെക്ടർ സി.നിഷ പറഞ്ഞു. ആലപ്പുഴ ജില്ലാ ശുചിത്വമിഷന്റെ സഹകരണത്തോടെയാണ് ചെങ്ങന്നൂർ നഗരസഭ ഹരിത ബൂത്ത് തയ്യാറാക്കിയിട്ടുള്ളത്.











