
ചെങ്ങന്നൂർ: തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നഗരസഭ കെ. എസ്.ഡബ്ല്യൂ.എം.പി, ജില്ലാ ശുചിത്വ മിഷൻ എന്നിവയുമായി സഹകരിച്ച് മാതൃകാ ഹരിത ബൂത്ത് തയ്യാറാക്കി. നഗരസഭയിലെ മാതൃകാ ഹരിത ബൂത്ത് ചെങ്ങന്നൂർ ഗവ: മോഡൽ വൊക്കേഷണൽ ഗേൾസ് ഹയർ സെക്കന്ററി സ്‌കൂളിലാണ് ഹരിത ബൂത്ത് സജ്ജമാക്കിയത്. ഓല, പനയോല എന്നിവ കൊണ്ടു മേഞ്ഞ വിശ്രമ കേന്ദ്രത്തിൽ പനമ്പായയിൽ എഴുതിയുണ്ടാക്കിയ ബോർഡുകൾ, ഈറക്കുട്ട, കയർ ചവിട്ടി, ടാപ്പോടുകൂടിയ മൺകൂജകൾ, മനോഹരമായ പൂച്ചെടികൾ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. ഹരിത കർമ്മ സേനാംഗങ്ങൾ തേങ്ങോല കൊണ്ടുണ്ടാക്കിയ വല്ലം മാലിന്യം ശേഖരിക്കാനായി നിർമ്മിച്ചു നൽകി. ജൈവ - അജൈവ മാലിന്യങ്ങൾ വേർതിരിച്ചു സംഭരിക്കുന്നതിന് 27 വാർഡുകളിലേയും പോളിംഗ് ബൂത്തുകളിലും പച്ച, നീല നിറത്തിലുള്ള ബിന്നുകൾ സ്ഥാപിക്കുകയും ചെയ്തിരുന്നു. എല്ലാ പോളിംഗ് ബൂത്തുകളിലും വിതരണ ശേഖരണ കേന്ദ്രങ്ങളിലും മാലിന്യങ്ങൾ തരംതിരിച്ചു സംഭരിക്കുന്നതിനും നീക്കം ചെയ്യുന്നതിനും ഹരിത കർമ്മ സേന അംഗങ്ങളെയും ശുചീകരണ തൊഴിലാകളെയും നിയോഗിക്കുകയും ചെയ്തിരുന്നു. നഗരസഭ തെരഞ്ഞെടുപ്പു ഹരിത പ്രോട്ടോകോൾ ചാർജ്ജ് ഓഫീസറും നഗരസഭ സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടറുമായ സി. നിഷയുടെ നേതൃത്വത്തിൽ അസിസ്റ്റന്റ്മാരായ അശ്വതി ജി ശിവൻ, കെ. എ.രതിമോൾ, പി. സംഗീത, ആർ. അഞ്ചു, വി.കെ. ജൽജാറാണി എന്നിവർ ചേർന്നാണ് ഹരിത ബൂത്തിന്റെ നിർമാണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചത്.











