05:54pm 12 November 2026
NEWS
ചെങ്ങന്നൂർ ദേവി തൃപ്പൂത്തായി; ആറാട്ട് ഞായറാഴ്ച്ച
15/01/2026  08:55 PM IST
nila
ചെങ്ങന്നൂർ ദേവി തൃപ്പൂത്തായി; ആറാട്ട് ഞായറാഴ്ച്ച

ചെങ്ങന്നൂർ: ദേവി തൃപ്പൂത്തായി. ആറാട്ട് ഞായർ രാവിലെ 7. ന് പമ്പാനദിയിലെ മിത്രപ്പുഴക്കടവിൽ നടക്കും. മലയാളവർഷത്തിലെ രണ്ടാമത്തെ തൃപ്പൂത്താണിത്‌. ആറാട്ടിനു ശേഷം 12ദിവസം ഭക്തർക്കു പ്രത്യേക വഴിപാടായ ഹരിദ്ര പുഷ്പാഞ്ജലി വഴിപാട് നടത്താൻ സൗകര്യമൊരുക്കിയിട്ടുണ്ട്.

കേരളത്തിൽ മറ്റെവിടെയും കാണാനാകാത്ത അപൂർവമായ ഒരു ആചാരം ഇന്നും നിലനിൽക്കുന്ന ക്ഷേത്രമാണ് ചെങ്ങന്നൂരിലെ ഈ ദേവീക്ഷേത്രം. ‘തൃപ്പൂത്താറാട്ട്’ എന്ന പേരിലാണ് ഈ വിശിഷ്ടമായ ചടങ്ങ് അറിയപ്പെടുന്നത്. ദേവി രജസ്വലയാകുന്ന വേളയിലാണ് ഈ ആചാരം നടത്തപ്പെടുന്നത്.

നിത്യപൂജയ്ക്കിടെ ദേവിയുടെ ഉടയാടയിൽ രജസ്വലതയുടെ ലക്ഷണം കണ്ടെത്തിയാൽ മേൽശാന്തി ഉടൻ താഴമൺമഠത്തിലെ അന്തർജനത്തെ അറിയിക്കുന്നു. ദേവി രജസ്വലയായതാണോയെന്ന് അന്തർജന തന്നെയാണ് സ്ഥിരീകരിക്കുന്നത്. രജസ്വലയാണെന്ന് ഉറപ്പായാൽ, ദേവിയുടെ വിഗ്രഹം ശ്രീകോവിലിൽ നിന്ന് തൃപ്പൂത്തറയിലേക്ക് മാറ്റുന്നു. തുടർന്ന് പൂജകൾ അവിടെയാണ് നടക്കുന്നത്.

നാലാം ദിവസം വാദ്യമേളങ്ങളോടും ആചാരപരമായ ആഡംബരങ്ങളോടും കൂടി ദേവിയെ മിത്രക്കടവിലേക്ക് എഴുന്നള്ളിച്ച് തൃപ്പൂത്താറാട്ട് നടത്തുന്നു. ദേവി തൃപ്പൂത്തായ വിവരം ക്ഷേത്രത്തിൽ ഔദ്യോഗികമായി അറിയിക്കുന്നതോടൊപ്പം പത്രങ്ങൾ വഴിയും ഭക്തജനങ്ങളെ അറിയിക്കാറുണ്ട്.

ആചാരാഘോഷവും വിശ്വാസവും

തിരുച്ചെഴുന്നള്ളിപ്പ് ആനകളും ചമയതാലപ്പൊലികളും ഉൾപ്പെടുത്തി അതീവ ഭംഗിയോടെയാണ് നടക്കുന്നത്. സെറ്റും മുണ്ടും ധരിച്ച് ഒരുങ്ങിയെത്തുന്ന അനേകം സ്ത്രീകൾ ചമയതാലപ്പൊലിയിൽ പങ്കുചേരുന്നു. തൃപ്പൂത്താറാട്ടിൽ പങ്കെടുക്കുന്നവർക്ക് മംഗല്യസൗഭാഗ്യവും കുടുംബസൗഭാഗ്യവും ലഭിക്കുമെന്നാണ് വിശ്വാസം.

മുമ്പ് ദേവിയുടെ രജസ്വലാവസ്ഥയുടെ അടയാളമായ ഉടയാട ഭക്തജനങ്ങൾക്ക് നൽകാറുണ്ടായിരുന്നു. ഇതിന് മുൻകൂർ ബുക്കിങ് പോലും ഉണ്ടായിരുന്നുവെന്നും, ഇരുപത് വർഷങ്ങൾക്കപ്പുറം വരെ ബുക്കിങ് നീണ്ടിരുന്നുവെന്നും പഴയകാല ഭക്തർ പറയുന്നു. എന്നാൽ പിന്നീട് നടത്തിയ ദേവപ്രശ്‌നത്തിൽ ഇത് ഒഴിവാക്കണമെന്ന് വിധിയുണ്ടായതോടെ ഈ രീതി അവസാനിപ്പിക്കുകയായിരുന്നു.

ചരിത്രവും ഐതീഹ്യവും

തൃപ്പൂത്താറാട്ട് നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ആചാരമാണ്. ബ്രിട്ടീഷ് ഭരണകാലത്ത് മൺറോ സായ്പ് പോലും ഈ ചടങ്ങുമായി ബന്ധപ്പെട്ടിരുന്നുവെന്നാണ് വിശ്വാസം. ഒരിക്കൽ തൃപ്പൂത്താറാട്ടിനുള്ള ധനസഹായം അദ്ദേഹം കുറച്ചതിനെ തുടർന്ന് ഭാര്യയ്ക്ക് രോഗം വന്നുവെന്നും, പ്രശ്‌നചിന്തയിൽ അത് ദേവീകോപമാണെന്ന് കണ്ടെത്തിയെന്നും വിശ്വാസികൾ പറയുന്നു. തുടർന്ന് പ്രായശ്ചിത്തമായി ദേവിക്ക് പനംതണ്ടൻവളകൾ സമർപ്പിക്കുകയും, എല്ലാ മലയാള വർഷാരംഭത്തിലും തൃപ്പൂത്താറാട്ടിനുള്ള ചെലവ് അദ്ദേഹം നിക്ഷേപിക്കുകയും ചെയ്തു.

ഈ പനംതണ്ടൻവളകൾ ദേവസ്വം ബോർഡിന്റെ സ്ട്രോങ് റൂമിൽ വർഷങ്ങളോളം സൂക്ഷിച്ചിരുന്നു. ഭക്തജനങ്ങളുടെ ആവശ്യം ശക്തമായതോടെ മലയാളവർഷാരംഭത്തിലെ ആദ്യ തൃപ്പൂത്തിൽ ദേവിക്ക് ഈ വളയും ഒടിയാണവും അങ്കിയും അണിയിച്ച് ദീപാരാധന നടത്താൻ തുടങ്ങി. തൃപ്പൂത്താരംഭം മുതൽ പന്ത്രണ്ട് ദിവസത്തേക്ക് ദേവിയുടെ പ്രിയവഴിപാടായ ഹരിദ്ര പുഷ്പാഞ്ജലിക്ക് വൻതിരക്കാണ്.

ക്ഷേത്രത്തിന്റെ ഐതീഹ്യം

ശ്രീ പരശുരാമൻ പ്രതിഷ്ഠിച്ച 108 ക്ഷേത്രങ്ങളിൽ ഒന്നാണ് ഇതെന്നു ഐതീഹ്യം പറയുന്നു. വഞ്ഞിപ്പുഴ തമ്പുരാക്കന്മാരുടെ കാലത്താണ് ക്ഷേത്രനിർമാണം നടന്നതെന്ന് കരുതപ്പെടുന്നു. ശിവനും പാർവതിയും ഒരേ ശ്രീകോവിലിൽ കിഴക്കും പടിഞ്ഞാറുമായി അഭിമുഖമായി പ്രതിഷ്ഠിച്ചിരിക്കുന്ന അർദ്ധനാരീശ്വര സങ്കൽപത്തിലുള്ള അപൂർവ ശിവക്ഷേത്രങ്ങളിലൊന്നാണ് ഇത്.

ചെങ്ങന്നൂർ പ്രദേശം വഞ്ഞിപ്പുഴ തമ്പുരാന്റെ അധീനതയിലായിരുന്ന കാലത്ത് ‘നയനാരുപിള്ള’ എന്നയാൾക്ക് പാട്ടത്തിന് നൽകിയ ഭൂമിയിലാണ് ക്ഷേത്രം നിലകൊള്ളുന്നതെന്ന് വിശ്വാസം. ഒരിക്കൽ ഒരു കുറത്തി അവിടെയുള്ള കല്ലിൽ അരിവാൾ മൂർച്ച കൂട്ടുന്നതിനിടെ കല്ലിൽ നിന്നു രക്തം ഒഴുകാൻ തുടങ്ങി. വിവരം അറിഞ്ഞ നയനാരുപിള്ളയും പ്രശസ്ത തന്ത്രി താഴമൺ പോറ്റിയും സ്ഥലത്തെത്തി.

ധ്യാനത്തിൽ ഇരുന്ന ശേഷം താഴമൺ പോറ്റി ആ ശില സ്വയംഭൂ ശിവലിംഗമാണെന്ന് പ്രഖ്യാപിക്കുകയും, നിവേദ്യവും നെയ്യാട്ടവും നടത്താതെ രക്തസ്രാവം നിലയ്ക്കില്ലെന്ന് നിർദേശിക്കുകയും ചെയ്തു. മുപ്പത്തിയാറ് പറ നെയ്യ് ഘൃതധാരയായി അർപ്പിച്ചതോടെ രക്തസ്രാവം നിലച്ചു.

തുടർന്ന് ശിവനോടൊപ്പം ശ്രീപാർവതിയുടെ അംശവും അവിടെ പ്രത്യക്ഷമായതായി കണ്ടെത്തി ക്ഷേത്രനിർമാണം നടത്താൻ തീരുമാനിച്ചു. സാക്ഷാൽ ഉളിയന്നൂർ പെരുന്തച്ചൻ രണ്ടുമൂന്നു ദിവസം അവിടെ താമസിച്ച് അമ്പലം, കൂത്തമ്പലം, ഗോപുരങ്ങൾ തുടങ്ങിയവയുടെ കണക്കുകൾ ചാർത്തി നൽകിയതായും ഐതീഹ്യം പറയുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.