09:44pm 26 August 2026
NEWS
ചെങ്ങന്നൂർ ദേവിയുടെ തൃപ്പൂത്ത് ആറാട്ട്
25/08/2026  05:33 PM IST
NILA
ചെങ്ങന്നൂർ ദേവിയുടെ തൃപ്പൂത്ത് ആറാട്ട്

ചെങ്ങന്നൂര്‍:-  ചെങ്ങന്നൂർ ദേവിയുടെ തൃപ്പൂത്ത് ആറാട്ട് തൊഴുത് ആയിരങ്ങൾക്ക് നിർവൃതിയടഞ്ഞു. മലയാള വര്‍ഷത്തെ ആദ്യത്തെ തൃപ്പൂത്തായിരുന്നു ഇത്തവണത്തേത്.
രാവിലെ 6.30 ഓടെ തൃപ്പൂത്തറയിൽ നിന്നും  ആറാട്ടിനായി ദേവിയെ ആറാട്ട് കടവിലേയ്ക്ക് എഴുന്നള്ളിച്ചു.തുടര്‍ന്ന് പമ്പാനദിയിലെ മിത്രപ്പുഴക്കടവില്‍ ആറാട്ട് നടന്നു. ആറാട്ടുകര്‍മ്മങ്ങള്‍ക്കും വിശേഷാൽ പൂജകൾക്കും  തന്ത്രിമാരായ കണ്ഠരര് മോഹനര് , മഹേഷ് മോഹനര് എന്നിവർ മുഖ്യ കാര്‍മ്മികത്വം വഹിച്ചു. ആറാട്ടിനു ശേഷം ദേവിയെ  ആറാട്ടു പുരയിൽ പ്രത്യേക മണ്ഡപത്തില്‍ എഴുന്നെള്ളിച്ചിരുത്തി.വിശേഷാല്‍ പൂജകളും പനിനീരും മഞ്ഞൾപൊടിയും ഇളനീരും പാലും എണ്ണയും കൊണ്ടു അഭിഷേകവും ശേഷം നിവേദ്യവും നടത്തി. 8 മണിയോടെ ആറാട്ട് ഘോഷയാത്ര മിത്രപ്പുഴ കടവിൽ നിന്നും നാല് ഗജവീരന്മാരുടെ അകമ്പടിയോടെ ക്ഷേത്രത്തിലേക്ക്  പുറപ്പെട്ടു. ആറാട്ട് കടവിലും, ആറാട്ടെഴുന്നെള്ളിപ്പ് കടന്നു വരുന്ന വഴികളിലും നൂറു കണക്കിന് ഭക്തർ താലപ്പൊലി വഴിപാടുകൾ സമർപ്പിച്ചു. ഇതിനോടനുബന്ധിച്ച്
 അന്നദാനവുംനടന്നു.  ആറാട്ട് ഘോഷയാത്ര ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിലെത്തിയശേഷം പ്രത്യേകം സജ്ജമാക്കിയ മണ്ഡപത്തിൽ ഭക്തർ മഞ്ഞൾപ്പറ, നെൽപ്പറ സമർപ്പണം നടത്തി.തുടർന്ന് പ്രദക്ഷിണം പൂർത്തിയാക്കിയ ശേഷം അകത്തെഴുന്നള്ളിപ്പും ഇരു നടയിലും കളഭാഭിഷേകവും നടത്തി. 

മലയാള വർഷത്തെ ആദ്യത്തെ തൃപ്പൂത്തായതിനാൽ ഏറെ പ്രത്യേകതകൾ ഉള്ളതായിരുന്നു. ക്ഷേത്രത്തിൽ വൻ ഭക്തജനത്തിരക്കാണ് അനുഭവപെട്ടത്. ദിവാനായിരുന്ന കേണൽ മണ്‍റോ സായിപ്പ് പ്രായശ്ചിത്തമായി നടയ്ക്കുവെച്ച സ്വര്‍ണക്കാപ്പ്,  പനം തണ്ടൻ വളകൾ, ഓഢ്യാണം എന്നിവ ദേവിക്ക് ചാർത്തി. കൂടാതെ ശ്രീ മഹാദേവൻ്റെ സ്വര്‍ണനിലയങ്കിയും ചാർത്തിയായിരുന്നു ദർശനം. തിരുവാഭരണങ്ങൾ വര്‍ഷത്തില്‍ ഒരിക്കല്‍ ചാര്‍ത്തുന്നത് ഈ ദിവസമാണ് എന്നുള്ള പ്രത്യേകതകളും ഉണ്ട്.
ആറാട്ടിനു ശേഷം 12ദിവസം ഭക്തർക്കു പ്രത്യേക വഴിപാടായ ഹരിദ്ര പുഷ്പാഞ്ജലി വഴിപാട് നടത്താൻ സൗകര്യമൊരുക്കിയിട്ടുണ്ട്. ദേവസ്വം അധികൃതർ പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.