05:35am 13 November 2026
NEWS
പരിസ്ഥിതി സംരക്ഷണത്തിൽ വീണ്ടും തിളങ്ങി ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജ്; സംസ്ഥാന ഭൂമിത്രസേന പുരസ്കാരം
11/06/2026  08:33 PM IST
nila
പരിസ്ഥിതി സംരക്ഷണത്തിൽ വീണ്ടും തിളങ്ങി ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജ്; സംസ്ഥാന ഭൂമിത്രസേന പുരസ്കാരം


ചെങ്ങന്നൂർ: സംസ്ഥാന പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റിന്റെ  കോളേജ് തലത്തിലുള്ള തെക്കൻ മേഖലയിലെ ഏറ്റവും മികച്ച ഭൂമിത്രസേന ക്ലബ്ബിനുള്ള 2024 - 25 വർഷത്തെ സംസ്ഥാന അവാർഡ് ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജിന് ലഭിച്ചു. ഫലകവും പ്രശസ്തിപത്രവും 25,000 രൂപയും അടങ്ങുന്നതാണ് അവാർഡ്. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ വൈദ്യുതി, പരിസ്ഥിതി വകുപ്പ് മന്ത്രി സണ്ണി ജോസഫിൽ നിന്നും കോളേജിനു വേണ്ടി ക്ലബ്ബിന്റെ കൺവീനർമാരായ ഡോ. ആർ. അഭിലാഷ്, ഡോ. ആൽബി അൽഫോൺസ്‌ ബേബി വിദ്യാർത്ഥി പ്രതിനിധി കൈലാസ് നാഥ് എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി. 2014, 2020, 2023 വർഷങ്ങളിലും ക്ലബിന് ഈ അവാർഡ് ലഭിച്ചിട്ടുണ്ട്. 

പെരിയാർ കടുവ സങ്കേതത്തിൽ ആദ്യമായി നടത്തിയ സമഗ്ര ജലജീവി സർവേയിലെ പങ്കാളിത്തം, പത്തനംതിട്ട ജില്ലയിലെ കരിങ്ങാലി പാടത്തെ പക്ഷികളെ പറ്റി തയ്യാറാക്കിയ ഡോക്യുമെന്ററി, ജൈവ സാംസ്‌കാരിക വൈവിധ്യ പഠനങ്ങളുടെ ഭാഗമായി ഓണക്കാലത്തെ പക്ഷികളുടെയും പൂക്കളുടെയും വ്യത്യസ്തത സംബന്ധിച്ച് നടത്തിയ കണക്കെടുപ്പുകൾ എന്നിവ ക്ലബ്ബ് 2024 - 25 കാലയളവിൽ നടത്തിയ പ്രവർത്തനങ്ങളിൽ ചിലതാണ്.

കൊല്ലം, പത്തനംതിട്ട ജില്ലകളിൽ നടന്ന ഏഷ്യൻ നീർപക്ഷി കണക്കെടുപ്പിൽ സജീവമായി പങ്കെടുത്ത ക്ലബ്‌ അംഗങ്ങൾ കോളജ് ക്യാമ്പസിലെ പക്ഷികളെപറ്റിയും പഠനങ്ങൾ നടത്തിയിട്ടുണ്ട്. 
ഓയിസ്ക ഇന്റർനാഷണൽ സംഘടിപ്പിച്ച ദുരന്ത ലഘുകരണ പരിശീലന പരിപാടി, ഡബ്ല്യൂ. ഡബ്ല്യൂ. എഫ്. നടത്തിയ പരിസ്ഥിതി സംരക്ഷണത്തിനായുള്ള  ശിൽപ്പശാല എന്നിവയിൽ ക്ലബ്‌ അംഗങ്ങൾ പങ്കെടുത്തിട്ടുണ്ട്. വനം വകുപ്പുമായി ചേർന്ന് പാമ്പുവിഷബാധ ജീവഹാനി രഹിത കേരളം പദ്ധതിയുമായി ബന്ധപ്പെട്ട് നടത്തിയ പ്രവർത്തനങ്ങളും അവാർഡിനായി പരിഗണിച്ചു. 

സർക്കാരിന്റെ വിവിധ വകുപ്പുകൾ, പരിസ്ഥിതി സംഘടനകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സ്കൂളുകൾ എന്നിവയുമായി ചേർന്ന് നിരവധി പരിസ്ഥിതി സംരക്ഷണ പഠന-കർമ്മ പദ്ധതികൾ ക്ലബ്ബിന് നടപ്പിലാക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന് പ്രിൻസിപ്പൽ, പ്രൊഫ. ഡോ. എ. എബ്രഹാം പറഞ്ഞു. വരും വർഷങ്ങളിലും വിദ്യാർത്ഥികളുടെ സഹകരണത്തോടെ വിപുലമായ പരിപാടികളാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.