
ചെങ്ങന്നൂർ: ചെങ്ങന്നൂർ മുൻസിഫ് അമല ലോറൻസിന് നേരെ ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ ചേമ്പറിലുണ്ടായ അതിക്രമത്തിൽ ചെങ്ങന്നൂർ ബാർ അസോസിയേഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
മുൻസിഫ് തന്റെ ഔദ്യോഗിക ആവശ്യങ്ങൾക്കായി ചേമ്പറിൽ എത്തിയ വേളയിൽ, ചെങ്ങന്നൂർ പെരിങ്ങാല മോഹിനി സദനത്തിൽ അരുൺ മോഹൻ (28) ചേമ്പറിലേക്ക് അതിക്രമിച്ചു കയറി ആക്രമണം അഴിച്ചുവിടുകയായിരുന്നു. അക്രമത്തിൽ മുൻസിഫ് അമല ലോറൻസിനും രണ്ട് കോടതി ജീവനക്കാർക്കും പരിക്കേറ്റു.
സംഭവത്തെ തുടർന്ന് ചെങ്ങന്നൂർ ബാർ അസോസിയേഷൻ അടിയന്തര പൊതുയോഗം കൂടുകയും അക്രമത്തിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തു. ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. ജോർജ് തോമസ് യോഗത്തിൽ അധ്യക്ഷത വഹിച്ചു.
നീതിന്യായ വ്യവസ്ഥിതിയുടെ സുഗമമായ പ്രവർത്തനത്തിന് തടസം നിൽക്കുന്ന ഇത്തരം ഗുണ്ടാപ്രവർത്തനങ്ങൾക്കെതിരെ പോലീസ് കർശന നിയമനടപടികൾ സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. കോടതികളുടെയും ജുഡീഷ്യൽ ഓഫീസർമാരുടെയും സുരക്ഷ ഉറപ്പാക്കാൻ ബന്ധപ്പെട്ട അധികാരികൾ അടിയന്തരമായി ഇടപെടണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.
അഡ്വക്കേറ്റുമാരായ ഡി. വിജയകുമാർ, എ. ഐ. ഉമ്മൻ, തോമസ് ഫിലിപ്പ്, പി. ഒ. ജോസ്, മുജീബ് റഹ്‌മാൻ, സീമ സുകുമാരൻ, ശ്രീകലാ ദിലീപ്, ജോർജ് മാത്യു ആലപ്പുഴ, മധുചന്ദ്രൻ, പി. കെ. അജിത് കുമാർ, രവീന്ദ്രനാഥ്, പ്രീത ശശി, അസോസിയേഷൻ സെക്രട്ടറി ജോസ് ആല എന്നിവർ പ്രസംഗിച്ചു.











