
ഉറങ്ങിക്കിടന്ന മകനെയും കുടുംബത്തെയും മുറിയിൽ പൂട്ടിയിട്ട് പെട്രോളൊഴിച്ചു തീയിട്ടു കൊലപ്പെടുത്തിയ കേസിൽ ആലിയക്കുന്നേൽ ഹമീദ് മക്കാർ (79)ക്ക് വധശിക്ഷ. തൊടുപുഴ അഡീഷണൽ സെഷൻസ് കോടതി ശിക്ഷ വിധിച്ചത്. പ്രതി അഞ്ചു ലക്ഷം രൂപ പിഴയൊടുക്കണമെന്നും കോടതി വിധിയിൽ പറയുന്നു.
2022 മാർച്ച് 19നായിരുന്നു സ്വത്ത് തർക്കത്തെ തുടർന്ന് നാടിനെ നടുക്കിയ കൂട്ടക്കൊല നടത്തിയത്. ഹമീദിന്റെ മകൻ മുഹമ്മദ് ഫൈസൽ (ഷിബു–45), ഭാര്യ ഷീബ (40), മക്കൾ മെഹ്റിൻ (16), അസ്ന (13) എന്നിവരാണ് മരിച്ചത്. ഹമീദിന്റെ പിതാവ് മക്കാർ, കൊച്ചുമകൻ ഫൈസലിന് ഇഷ്ടദാനമായി നൽകിയ സ്വത്ത് തനിക്ക് അവകാശപ്പെട്ടതാണെന്നും അത് തിരികെ വേണമെന്നും ആവശ്യപ്പെട്ടാണ് തർക്കം വഷളായത്. രാത്രി അർധരാത്രിയോടെ ഫൈസലിന്റെയും കുടുംബത്തിന്റെയും മുറി പുറത്തുനിന്ന് പൂട്ടിയ ഹമീദ്, ജനൽ വഴിയും മേൽക്കൂര വഴിയും പെട്രോൾ ഒഴിച്ചു തീയിട്ടു. തീ കെടുത്താതിരിക്കാൻ വീട്ടിലേക്കുള്ള ജലവിതരണ കണക്ഷനും വിഛേദിച്ചിരുന്നു.
തീ പടർന്നതോടെ ഫൈസലും ഭാര്യയും കുട്ടികളും ശുചിമുറിയിലേക്ക് ഒളിച്ചെങ്കിലും വെള്ളമില്ലാത്തതിനാൽ രക്ഷപ്പെടാനായില്ല. ഹമീദ് ചെറിയ കുപ്പികളിലാക്കിയ പെട്രോൾ ശുചിമുറിയിലേക്കും എറിഞ്ഞു. നാല് പേരും അതിൽ പൊള്ളലേറ്റ് മരിച്ചു. ഫൈസലിന്റെ മൃതദേഹം ഇരുകൈകളിലും മക്കളെ ചേർത്തുപിടിച്ച നിലയിലായിരുന്നു കണ്ടെത്തിയത്










