
തൃശൂർ: ആറു പതിറ്റാണ്ടോളം ചാലക്കുടി–മലക്കപ്പാറ റൂട്ടിലെ യാത്രക്കാരുടെ വിശ്വസ്ത കൂട്ടുകാരനായിരുന്ന ചീനിക്കാസ് ബസ് സർവീസ് ഇനി ഓർമ്മയായി. വരുമാനം കുത്തനെ ഇടിഞ്ഞതിനെ തുടർന്ന് സർവീസ് അവസാനിപ്പിക്കേണ്ടിവന്നതായി ജീവനക്കാർ അറിയിച്ചു. അവസാന യാത്രയ്ക്ക് റീത്ത് വെച്ചാണ് ജീവനക്കാർ ബസ് സർവീസിന് പൂർണവിരാമമിട്ടത്. വനിതകൾക്ക് സൗജന്യ യാത്രയൊരുക്കുന്ന സംസ്ഥാന സർക്കാരിന്റെ പ്രിയദർശിനി പദ്ധതിയാണ് ചീനിക്കാസ് ബസ് സർവീസിനും വിനയായത്.
പ്രിയദർശിനി പദ്ധതി നടപ്പിലാക്കിയതിന് ശേഷം യാത്രക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞതോടെ സർവീസ് സാമ്പത്തികമായി മുന്നോട്ടുകൊണ്ടുപോകാൻ കഴിയാത്ത സാഹചര്യമാണെന്ന് ബസ് അധികൃതർ പറയുന്നു. പദ്ധതി നിലവിൽ വരുന്നതിന് മുമ്പ് പ്രതിദിനം ഏകദേശം 10,000 രൂപ വരെ കളക്ഷൻ ലഭിച്ചിരുന്ന സ്ഥാനത്ത് ഇപ്പോൾ അത് 3,000 രൂപയിൽ താഴെയായി ചുരുങ്ങിയെന്നാണ് അവരുടെ വിശദീകരണം.
പ്രിയദർശിനി ബസുകൾക്കൊപ്പം അഞ്ച് മിനിറ്റ് ഇടവേളകളിൽ മറ്റ് ട്രാൻസ്പോർട്ട് ബസുകൾക്കും പെർമിറ്റ് അനുവദിച്ചതാണ് സ്വകാര്യ സർവീസുകളെ പ്രതിസന്ധിയിലാക്കിയതെന്ന് തൊഴിലാളികൾ ആരോപിക്കുന്നു. നേരത്തെ ഈ റൂട്ടിൽ ചീനിക്കാസിന്റെ മൂന്ന് സർവീസുകളുണ്ടായിരുന്നുവെങ്കിലും അതിൽ ഒന്ന് മുൻപ് തന്നെ നിർത്തിയിരുന്നു. ഇന്ന് അവസാന സർവീസും അവസാനിച്ചതോടെ ഈ റൂട്ടിൽ ഇനി കെ.എസ്.ആർ.ടി.സിയുടെ നാല് ബസുകൾ മാത്രമാണ് സർവീസ് നടത്തുന്നത്.
യാത്രാ സേവനത്തിനപ്പുറം പ്രദേശവാസികളുമായി ആത്മബന്ധം പുലർത്തിയിരുന്ന ചീനിക്കാസ് ബസിലെ ജീവനക്കാർ, പ്രതിഫലം വാങ്ങാതെ പലചരക്ക് സാധനങ്ങൾ എത്തിച്ചുനൽകിയ സേവനവും നാട്ടുകാർ നന്ദിയോടെ ഓർക്കുകയാണ്. 60 വർഷത്തെ സേവനത്തിന് തിരശ്ശീല വീണതോടെ ഒരു കാലഘട്ടത്തിനാണ് ചാലക്കുടി–മലക്കപ്പാറ റൂട്ടിൽ അവസാനമായത്.










