
മുംബൈ: മുൻ ഭർത്താവും മോഡലുമായ രാജീവ് സെന്നുമായുള്ള വിവാഹബന്ധം വേർപിരിഞ്ഞതിന്റെ കാരണങ്ങൾ തുറന്നുപറഞ്ഞ് ടെലിവിഷൻ താരം ചാരു അസോപ. ഗർഭിണിയായിരുന്ന സമയത്തും രാജീവ് തന്നെ വഞ്ചിച്ചുവെന്നും അദ്ദേഹത്തിന്റെ ബാഗിൽ നിന്ന് ഗർഭനിരോധന ഉറകൾ ഉൾപ്പെടെയുള്ളവ കണ്ടെത്തിയെന്നും ചാരു ആരോപിച്ചു.
മുംബൈയിൽ ഗർഭിണിയായി കഴിയുന്നതിനിടെ രാജീവ് മണിക്കൂറുകളോളം പുറത്തുപോകുകയും രാത്രിയിൽ വൈകി വീട്ടിലെത്തുകയും ചെയ്തിരുന്നുവെന്നാണ് ചാരുവിന്റെ വെളിപ്പെടുത്തൽ. വൈകിയെത്തുന്നതിന്റെ കാരണം ചോദിച്ചപ്പോൾ കാറിൽ കിടന്നുറങ്ങിയെന്നതുൾപ്പെടെ പല വിശദീകരണങ്ങളും രാജീവ് നൽകിയിരുന്നുവെന്നും താരം പറയുന്നു.
തന്നോട് പറയാതെയാണ് ഒരിക്കൽ രാജീവ് ഡൽഹിയിലേക്ക് പോയത്. ഇതിനു പിന്നാലെ നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന്റെ ബാഗിൽ നിന്ന് ഗർഭനിരോധന ഉറകൾ ഉൾപ്പെടെയുള്ള ചില വസ്തുക്കൾ കണ്ടെത്തിയതെന്നും ചാരു പറഞ്ഞു. ഇതോടെയാണ് രാജീവിന്റെ പെരുമാറ്റത്തിൽ സംശയം ശക്തമായതെന്നും താരം വ്യക്തമാക്കി.
രാജീവ് തന്നെ ശാരീരികമായി ഉപദ്രവിച്ചിട്ടുണ്ടെന്നും ഇതുസംബന്ധിച്ച് പൊലീസിൽ പരാതി നൽകിയിരുന്നുവെന്നും ചാരു വെളിപ്പെടുത്തി. എന്നാൽ പിന്നീട് രാജീവ് മാപ്പുപറഞ്ഞതോടെ കുടുംബജീവിതം തകരാതിരിക്കാനായി സംഭവങ്ങൾ മറന്ന് ഒരുമിച്ച് മുന്നോട്ടുപോകാൻ ശ്രമിച്ചെന്നും അവർ പറഞ്ഞു.
അതേസമയം, ചാരുവിന്റെ ആരോപണങ്ങൾ രാജീവ് സെൻ തുടക്കം മുതൽ നിഷേധിച്ചിരുന്നു. ചാരുവിന് നടൻ കരൺ മെഹ്റയുമായി ബന്ധമുണ്ടായിരുന്നുവെന്നും ഇതാണ് ഇരുവരുടെയും വേർപിരിയലിന് കാരണമായതെന്നുമായിരുന്നു രാജീവിന്റെ ആരോപണം.
2019-ലാണ് രാജീവ് സെന്നും ചാരു അസോപയും വിവാഹിതരായത്. ഇരുവർക്കും സിയാന എന്ന മകളുണ്ട്. 2023 ജൂണിൽ ഇരുവരും നിയമപരമായി വിവാഹമോചിതരായി. മകളുടെ ഭാവി പരിഗണിച്ച് രാജീവുമായി സൗഹൃദപരമായ ബന്ധം തുടരാനാണ് താൻ ആഗ്രഹിക്കുന്നതെന്നും ചാരു വ്യക്തമാക്കി.
ഹിന്ദി സിനിമകളിലും ടെലിവിഷൻ സീരിയലുകളിലും ശ്രദ്ധേയയായ താരമാണ് ചാരു അസോപ. രാജസ്ഥാനിലെ ബികാനീർ സ്വദേശിയായ ചാരു നിരവധി ടെലിവിഷൻ പരമ്പരകളിലൂടെയാണ് ശ്രദ്ധ നേടിയത്. മുൻ മിസ് യൂണിവേഴ്‌സും ബോളിവുഡ് താരവുമായ സുസ്മിത സെന്നിന്റെ സഹോദരനാണ് രാജീവ് സെൻ. മോഡലിംഗിനൊപ്പം യൂട്യൂബിലും സജീവമാണ് രാജീവ്.










