08:21am 29 November 2026
NEWS
രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ നയിക്കേണ്ടത് ചാർട്ടേഡ് അക്കൗണ്ടന്റുമാർ ഹൈബി ഈഡൻ എം പി
28/11/2026  05:45 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ നയിക്കേണ്ടത് ചാർട്ടേഡ് അക്കൗണ്ടന്റുമാർ ഹൈബി ഈഡൻ എം പി
HIGHLIGHTS

ദേശീയ സി എ സ്റ്റുഡൻ്റ്സ് ദ്വിദിന സമ്മേളനം കയ്യൊപ്പ് ഹൈബി ഈഡൻ എം പി ഉദ്ഘാടനം ചെയ്യുന്നു.  പാർവതി രാജേഷ്, ഡി വിനു കാർത്തിക്, ജോളി സ്റ്റീഫൻ, ബാബു എബ്രഹാം കള്ളിവയലിൽ, രൂപേഷ് രാജഗോപാൽ, അഡ്വ. മുഹമ്മദ് ഷാ, ജോബി ജോർജ്, ദിപിൻ ദിവ്യകുമാർ, രമിത്ത് ചെന്നിത്തല, പ്രതീഷ് പോൾ, ശരത്ത് കെ എന്നിവർ സമീപം

കൊച്ചി: രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ മുന്നോട്ടുള്ള പ്രയാണത്തിൽ ചാർട്ടേഡ് അക്കൗണ്ടന്റുമാർക്ക് നിർണായക പങ്കുവഹിക്കാനുണ്ടെന്ന് ഹൈബി ഈഡൻ എം പി പറഞ്ഞു. സാമ്പത്തിക രംഗത്തെ മാറ്റങ്ങൾക്കും ജി എസ് ടി ഉൾപ്പെടെയുള്ള പരിഷ്കാരങ്ങൾക്കും പിന്നാലെ ചാർട്ടേഡ് അക്കൗണ്ടൻസി കൂടുതൽ പ്രാധാന്യമുള്ള തൊഴിൽമേഖലയായി മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

എറണാകുളത്ത് സംഘടിപ്പിച്ച ദേശീയ സി എ സ്റ്റുഡൻ്റ്സ് ദ്വിദിന സമ്മേളനം കയ്യൊപ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമ്പത്തിക മാന്ദ്യങ്ങളും ആഗോളതലത്തിലുള്ള മാറ്റങ്ങളും ഉണ്ടായാലും അതിജീവിച്ച് മുന്നോട്ടുപോകാൻ കഴിയുന്ന തൊഴിൽമേഖലയാണ് ചാർട്ടേഡ് അക്കൗണ്ടൻസി. സുതാര്യവും മാന്യവുമായ ഈ തൊഴിൽമേഖലയ്ക്ക് രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയിൽ വലിയ ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മുമ്പ് ശരാശരി നിലവാരത്തിലുള്ള വിദ്യാർഥികൾ തിരഞ്ഞെടുക്കുന്ന കോഴ്സ് എന്ന ധാരണ കൊമേഴ്‌സിനുണ്ടായിരുന്നു. എന്നാൽ ഇന്ന് മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള പഠനമേഖലകളിലൊന്നായി കൊമേഴ്‌സ് മാറിയിട്ടുണ്ട്. ഈ രംഗത്ത് ആഗോളതലത്തിൽ അനന്തമായ തൊഴിൽസാധ്യതകളാണുള്ളത്. കഠിനാധ്വാനവും പഠനത്തിനായി സമയം കണ്ടെത്താനുള്ള മനസ്സുമുണ്ടെങ്കിൽ വലിയ നേട്ടങ്ങൾ കൈവരിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

ജി എസ് ടിയുടെ പ്രവർത്തനരീതിയും സാമ്പത്തിക രംഗത്തെ സങ്കീർണതകളും സംബന്ധിച്ച് ഉദ്യോഗസ്ഥർക്കിടയിൽ പോലും കൂടുതൽ അവബോധം ആവശ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ ചാർട്ടേഡ് അക്കൗണ്ടന്റുമാർക്ക് വലിയ മാറ്റങ്ങൾ സൃഷ്ടിക്കാനാകുമെന്നും സമൂഹത്തിനും രാജ്യത്തിനും പ്രയോജനകരമായ പ്രവർത്തനങ്ങളിലൂടെ മുന്നേറണമെന്നും അദ്ദേഹം പറഞ്ഞു.

അഭിഭാഷകർ, ഡോക്ടർമാർ, എൻജിനീയർമാർ, ചാർട്ടേഡ് അക്കൗണ്ടൻ്റുമാർ തുടങ്ങി എല്ലാ പ്രൊഫഷണലുകളും സമൂഹം തങ്ങളിൽ അർപ്പിക്കുന്ന വിശ്വാസം കാത്തുസൂക്ഷിക്കണമെന്ന് കേരള ഹൈക്കോടതിയിലെ അഡീഷണൽ അഡ്വക്കേറ്റ് ജനറൽ അഡ്വ. മുഹമ്മദ് ഷാ മുഖ്യപ്രഭാഷണത്തിൽ പറഞ്ഞു. ക്ലയന്റുകൾ അർപ്പിക്കുന്ന ഈ വിശ്വാസവും ഉറപ്പും സംരക്ഷിക്കേണ്ടത് പ്രൊഫഷണലുകളുടെ പ്രധാന ഉത്തരവാദിത്വമാണെന്നും അദ്ദേഹം പറഞ്ഞു.

നീന്തൽ, ഡ്രൈവിങ്, അക്കൗണ്ടൻസി എന്നിവയാണ് ഓരോ വ്യക്തിയും ജീവിതത്തിൽ അഭ്യസിക്കേണ്ട ഏറ്റവും പ്രായോഗികമായ മൂന്ന് നൈപുണ്യങ്ങളെന്നും ഇവയിൽ അക്കൗണ്ടൻസിക്കാണ് ഏറ്റവും ഉയർന്ന സ്ഥാനമെന്നും ഐ ആർ എസ് ഓഫീസറും കൊച്ചി ഇൻകം ടാക്സ്  ഡെപ്യൂട്ടി കമ്മീഷണറുമായ രമിത്ത് ചെന്നിത്തല പറഞ്ഞു. ചാർട്ടേഡ് അക്കൗണ്ടൻസി വിദ്യാർഥികൾ തങ്ങളുടെ കഴിവുകളും വൈദഗ്ധ്യവും പ്രയോജനപ്പെടുത്തി രാജ്യത്തിന്റെയും ലോകത്തിന്റെയും പുരോഗതിക്ക് സംഭാവന നൽകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

ഇന്റർനെറ്റും ആർട്ടിഫിഷ്യൽ ഇന്റലിജൻസും നയിക്കുന്ന ഇന്നത്തെ ലോകം പരസ്പരാശ്രിതവും പരസ്പരബന്ധിതവുമാണ്.  ആഗോളവൽക്കരണത്തിന്റെ പരമ്പരാഗത സങ്കൽപ്പങ്ങൾക്കപ്പുറത്തേക്ക് ലോകം മാറിക്കഴിഞ്ഞു. ഒരു രാജ്യത്തുണ്ടാകുന്ന സംഭവങ്ങൾക്കുപോലും മറ്റിടങ്ങളിൽ വലിയ സ്വാധീനം ചെലുത്താൻ കഴിയുന്ന സാഹചര്യമാണ് ഇന്നുള്ളതെന്നും രമിത്ത് ചെന്നിത്തല ചൂണ്ടിക്കാട്ടി.

ഐ സി എ ഐ ബോർഡ് ഓഫ് സ്റ്റഡീസ് അക്കാദമിക് ചെയർമാൻ ബാബു അബ്രഹാം കള്ളിവയലിൽ അധ്യക്ഷത വഹിച്ചു. ഐ സി എ ഐ എറണാകുളം ബ്രാഞ്ച് ചെയർമാൻ ജോബി ജോർജ് സ്വാഗതവും സികാസ ചെയർമാൻ ദിപിൻ ദിവ്യകുമാർ നന്ദിയും പറഞ്ഞു.

 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img